കാന്‍സര്‍ പ്രതിരോധ, ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സംസ്ഥാനത്ത് പുതുതായി കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ചേംബറില്‍ നടന്ന ഉന്നതതലയോഗത്തിലാണ് കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനമായത്. കാന്‍സര്‍ സംബന്ധിച്ച് സംസ്ഥാനത്ത് നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നയങ്ങളും ഈ ബോര്‍ഡായിരിക്കും അന്തിമമായി തീരുമാനിക്കുന്നത്. നയരൂപീകരണം, സ്റ്റാന്റേർഡ് ചികിത്സ ഗൈഡ്ലൈന്‍ ഉണ്ടാക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, മരുന്ന് സംഭരണം, പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക എന്നിവയാണ് ഈ ബോര്‍ഡിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ആരോഗ്യരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് കാന്‍സര്‍. പ്രതിവര്‍ഷം 50,000 ത്തിലേറെ പേര് കാന്‍സര്‍ രോഗത്തിന് വിധേയരാകുന്നു എന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും എല്ലാം ഉള്‍പ്പെടുന്ന കൂട്ടായ സംരംഭങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കേരളത്തില്‍ മൂന്ന് കാന്‍സര്‍ സെന്ററുകള്‍, മെഡിക്കല്‍ കോളജുകള്‍, ആരോഗ്യ വകുപ്പിന്റെ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് കാന്‍സര്‍ ചികിത്സ ലഭ്യമാകുന്നത്. ഇവയെ ഏകോപിപ്പിക്കുന്നതിന് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് കാന്‍സര്‍ കെയര്‍ ബോര്‍ഡ് സ്ഥാപിക്കുന്നത്. ഈ ബോര്‍ഡിന് സംസ്ഥാനതല സമിതിയും ജില്ലാതല സമിതിയുമുണ്ടാകും. ആരോഗ്യ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന സംസ്ഥാനതല സമിതിയില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീജയണല്‍ കാന്‍സര്‍ സെന്ററുകളിലെ ഡയറക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ കാന്‍സര്‍ വിദഗ്ധന്‍ എന്നിവരുണ്ടാകും. മൂന്ന് ജില്ലകള്‍ക്ക് ഒരു റീജണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളജ്, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നിങ്ങനെയാണ് ജില്ലാ കമ്മിറ്റിയുടെ ഘടന. ജില്ലാ മെഡിക്കല്‍ ഓഫീസറായിരിക്കും ജില്ലാതല കമ്മിറ്റിയുടെ മേല്‍നോട്ടം. കാന്‍സര്‍ ചികിത്സ നല്കുന്ന എല്ലാ സ്ഥാപനങ്ങളേയും ബന്ധിപ്പിച്ചുള്ള കാന്‍സര്‍ ഗ്രിഡിലൂന്നിയായിരിക്കും ഇത് നടപ്പിലാക്കുക. അതിനാല്‍ സ്വകാര്യ ആശുപത്രികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതില്‍ പ്രധാന പങ്കുണ്ടായിരിക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എൻ ഖോബ്രഗെഡ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആർ എൽ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാബീവി, ആർസിസി ഡയറക്ടര്‍, ഡോ. രേഖ എ നായര്‍, എംസിസി ഡയറക്ടര്‍ ഡോ. ബി സതീഷ്, കൊച്ചിന് കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ്, എൻസിഡി നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍, കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധരായ ഡോ. രാംദാസ്, ഡോ. എ സജീദ്, ഡോ. ആർ മഹാദേവന്, ഡോ. ടി അജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
English summary: Forms the Cancer Care Board in the State
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.