Monday
18 Nov 2019

ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ വിടവാങ്ങി

By: Web Desk | Tuesday 21 May 2019 6:15 PM IST


വിയന്ന: ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി ഒമ്പതു മാസത്തിനു ശേഷമാണ് മരണം. മൂന്നു പ്രാവശ്യം ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കിയ നിക്കി 1975, 1977 വര്‍ഷങ്ങളില്‍ ഫെരാരിക്കൊപ്പമായിരുന്നു ഓസ്ട്രിയന്‍ സ്വദേശിയായ അദ്ദേഹത്തിന്റെ കിരീട നേട്ടം. മക്‌ലാരനൊപ്പം 1984 ല്‍ ജേതാവായി.

2012 മുതല്‍ മെഴ്‌സിഡസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ലൂയിസ് ഹാമില്‍ട്ടണ്‍ അഞ്ചു സീസണുകളില്‍ നിന്ന് നാല് ലോക കിരീടങ്ങള്‍ സ്വന്തമാക്കിയത്. ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നിന് ഇരായായ താരമാണ് നിക്കി. 1976ല്‍ തന്റെ 21ാം വയസില്‍ ഫോര്‍മുല വണ്‍ മത്സരത്തിനിടെ സംഭവിച്ച അപകടത്തില്‍ നിക്കിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 1979ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും 1982ല്‍ മക്‌ലാരനൊപ്പം ട്രാക്കിലേക്ക് മടങ്ങിയെത്തി. പിന്നീട് 1985 വരെ അദ്ദേഹം ട്രാക്കില്‍ തുടര്‍ന്നു. നിക്കിന്റെയും പ്രധാന എതിരാളി ജെയിംസ് ഹണ്ടിന്റെയും ട്രാക്കിലെ വൈരമാണ് 2013ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘റഷ്’ന് ആസ്പദമായത്. മുന്‍ താരങ്ങളടക്കമുള്ള പ്രമുഖര്‍ നിക്കിന് ആദരാഞ്ജലികളര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

You May Also Like This:

Related News