വർഷങ്ങൾക്ക് മുമ്പ്, 1973 ൽ അനശ്വര ഗായകൻ മുഹമ്മദ് റഫി കോഴിക്കോട്ടെത്തുന്നു. മാനാഞ്ചിറയിലായിരുന്നു റഫിയുടെ പരിപാടി. റേഡിയോയിലൂടെ റഫിയുടെ പാട്ടുകൾകേട്ട് ആരാധന മൂത്ത ഒരു കൗമാരക്കാരൻ പരിപാടി കാണാൻ പോകുന്നു. ടിക്കറ്റ് വെച്ചാണ് പരിപാടി നടക്കുന്നത്. ടിക്കറ്റെടുക്കാൻ കാശില്ല. കുറച്ചു നേരം പുറത്തുവെച്ച കോളാമ്പി സ്പീക്കറിൽ പാട്ടുകേട്ട് ആൾക്കൂട്ടത്തിനിടയിൽ നിന്നു. പിന്നെ മറ്റൊന്നുമാലോചിച്ചില്ല. മതിലുചാടി വേദിക്കരികിലേക്ക് ചെന്നു. ടിക്കറ്റെടുക്കാത്തതുകൊണ്ട് ആരെങ്കിലും പിടിക്കുമോ എന്ന ഭയം ഉള്ളിലുണ്ടെങ്കിലും മൂന്നു പാട്ടുകൾ കേൾക്കാൻ അന്നു ഭാഗ്യമുണ്ടായി. ആദ്യമായും അവസാനമായും റഫിയെ നേരിൽ കണ്ട ഓർമ്മകൾ കോഴിക്കോട് മാങ്കാവ് സ്വദേശിയായ കോയക്ക എന്ന റേഡിയോ കോയയുടെ മനസ്സിൽ ഇപ്പോളും തിളക്കത്തോടെ നിൽക്കുന്നുണ്ട്. ഇന്ത്യൻ സിനിമാ ഗാനരംഗത്തെ അനശ്വര ഗായകൻ ഓർമ്മയായിട്ട് നാളെ നാൽപത് വർഷം തികയുകയാണ്. അന്തരിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സംഗീത പ്രേമികൾ വിങ്ങലോടെയാണ് അദ്ദേഹത്തെ ഇന്നും സ്മരിക്കുന്നത്. റഫിയുടെ ഓരോ പാട്ടും ഒന്നിനൊന്ന് മികച്ചതാണെന്നും കോയക്ക പറയുന്നു.
വർഷങ്ങൾക്ക് ശേഷം കൂട്ടുകാർക്കൊപ്പം മുംബൈയിലുള്ള മുഹമ്മദ് റഫിയുടെ വീടു കാണാനും റേഡിയോ കോയ പോയി. അദ്ദേഹത്തിന്റെ ഓർമ്മകൾ നിറഞ്ഞ ആഷിയാന എന്ന വീട്ടിൽ കുറച്ചു നേരം ചെലവിട്ടു. മകൾ നസ്രീനായിരുന്നു സ്വീകരിച്ചത്. അദ്ദേഹം ഉപയോഗിച്ച വസ്തുക്കളൊക്കെ അവിടെ സൂക്ഷിച്ചിരുന്നു. വെള്ള ഫിയറ്റ് കാറും ഹാർമോണിയവും ലഭിച്ച പുരസ്ക്കാരങ്ങളുമെല്ലാം കണ്ടു നിന്നപ്പോൾ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ മനസ്സിൽ ചിറകടിച്ചുവെന്ന് കോയക്ക വ്യക്തമാക്കി.
ആകാശവാണിയിലൂടെയായിരുന്നു റഫിയുടെ പാട്ടുകളെല്ലാം ആസ്വദിച്ചിരുന്നത്. അങ്ങിനെ ആ ശബ്ദം കേൾക്കുന്ന റേഡിയോയോടും ഇഷ്ടമായി. റേഡിയോ റിപ്പയറിംഗ് ജോലിയും തിരഞ്ഞെടുത്തു. ഇതോടെയാണ് ഹൈദ്രോസ് കോയ റേഡിയോ കോയ എന്നറിയപ്പെടാൻ തുടങ്ങിയത്. ഗ്രാമഫോൺ മുതൽ മർഫി റേഡിയോയും വാൾഫ് റേഡിയോയുമെല്ലാം ഉൾപ്പടെ വലിയൊരു ശേഖരവും ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്. വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ച മുഹമ്മദ് റഫിയുടെ മുവ്വായിരത്തോളം ഗാനശേഖരവും റഫി ഉൾപ്പെടെയുള്ള ഗായകരുടെ പാട്ടുകൾ എഴുതിയ പുസ്തകവുമെല്ലാം ഈ വീട്ടിലുണ്ട്. പാട്ടിന്റെ വരികളും എഴുതിയ ആളുകളുടെ പേരും സംഗീത സംവിധായകനെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം ഈ പുസ്തകത്തിലുണ്ട്. റഫിയെക്കുറിച്ച് കൂടുതൽ അറിയാനായി നിരവധി പേരായിരുന്നു ഇദ്ദേഹത്തിന്റെ വീട്ടിലെത്താറുണ്ടായിരുന്നത്. ഞായറാഴ്ചകളിൽ പാട്ടുകളെ സ്നേഹിക്കുന്നവർക്കായി സംഗീത രാവുകളും ഇദ്ദേഹത്തിന്റെ വീട്ടിൽ അരങ്ങേറാറുണ്ടായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇതെല്ലാം നിലച്ചു. റേഡിയോ കോയക്കയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. വിനീഷ് മില്ലേനിയം സംവിധാനം ചെയ്ത കല്ലായി എഫ് എം എന്ന ചിത്രത്തിൽ ശ്രീനിവാസനായിരുന്നു നായകൻ. മുഹമ്മദ് റഫി മാനാഞ്ചിറ മൈതാനത്ത് നടത്തിയ സംഗീത പരിപാടിയും സിനിമയിൽ പുനരാവിഷ്ക്കരിച്ചിരുന്നു. റഫിയായി വേഷമിട്ടത് റഫിയുടെ മകൻ ഷാഹിദ് റഫിയായിരുന്നു. റഫിയുടെ ഓർമ്മ ദിനവും ബലി പെരുന്നാളും ഒന്നിച്ചെത്തുന്ന ഇന്ന് സംഗീതം നിറയുമായിരുന്നു കോയക്കയുടെ വീട്ടിൽ. എന്നാൽ കോവിഡ് എല്ലാം തകർത്തെന്ന് വേദനയോടെ പറയുന്നു ഈ കടുത്ത റഫി ആരാധകൻ.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.