പുഷ്പകണ്ടത്ത് നന്നങ്ങാടി കണ്ടെത്തി

Web Desk
Posted on November 06, 2018, 7:51 pm
സുനിൽ കെ കുമാരൻ
 
നെടുങ്കണ്ടം: തൂക്കുപാലം പുഷ്പകണ്ടത്ത് നന്നങ്ങാടി കണ്ടെത്തി. ചിത്രപണികള്‍ ആലേഖനം ചെയ്ത വലിയ നന്നങ്ങാടിയാണ് ലഭിച്ചത്. പുരതാന കാലത്ത് പ്രദേശം വലിയ ജനവാസ മേഖലയായിരുന്നു എന്നതിന്റെ സൂചനകളാണ് ഇതിലൂടെ ലഭ്യമാവുന്നത്. പുഷ്പകണ്ടം ഹൈദര്‍മെട്ടിന് സമീപം പള്ളിത്താഴത്ത് മുഹമ്മദ് കുഞ്ഞിന്റെ പുരയിടത്തില്‍ നിന്നുമാണ് നന്നങ്ങാടി ലഭിച്ചത്. ഇവരുടെ വീട്ടിലേയ്ക്കുള്ള ഇടവഴിയില്‍ കുടത്തിനോട് സാദൃശ്യം തോന്നുന്ന വസ്തു കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മണ്ണ് കുഴിച്ച് പരിശോധിയ്ക്കുകയായിരുന്നു. ഒന്നര മാസം മുന്‍പാണ് മണ്‍കുടത്തിനോട് സാദൃശ്യം തോന്നുന്ന വസ്തുവിന്റെ മുകള്‍ ഭാഗം മണ്‍ റോഡിന് മുകളില്‍ കാണപെട്ടത്. കഴിഞ്ഞ അതിശക്തമായ മഴകാലത്ത് റോഡിലെ മേല്‍ മണ്ണ് ഒലിച്ച് പോയതോടെ നന്നങ്ങാടിയുടെ മുകള്‍ ഭാഗം മണ്ണിന് മുകളില്‍ പ്രത്യക്ഷപെടുകയായിരുന്നു.
പ്രദേശവാസികളുടെ സഹായത്തോടെ്  മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തുകയായിരുന്നു. നന്നങ്ങാടിയുടെ വായ ഭാഗത്തിന് മൂന്നടിയോളം വ്യാസമുണ്ട്. സാമാന്യത്തിലധികം വലുപ്പവും നന്നങ്ങാടിയ്ക്കുണ്ട്. കുടത്തില്‍ വിവിധ ചിത്ര പണികളും ആലേഖനം ചെയ്തിട്ടുണ്ട്. സമീപത്തെ മരങ്ങളുടെ വേരുകള്‍ ഇറങ്ങി കുടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും നശിച്ച് പോകാതിരിയ്ക്കുന്നതിനായി ഇതിനു ചുറ്റും വലിയ വ്യാസത്തില്‍ കുഴി തീര്‍ത്ത് മണിക്കൂറുകളുടെ പരിശ്രമിച്ചാണ് നന്നങ്ങാടി പുറത്തെടുത്തത്. സമീപത്തെ പുരയിടത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയ നന്നങ്ങാടി ലഭിച്ചിട്ടുണ്ട്. പുഴ്പകണ്ടം, രാമക്കല്‍മേട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും നിരവധി നന്നങ്ങാടികളും പുരാതന കാലത്ത് മനുഷ്യര്‍ ഉപയോഗിച്ചതെന്ന് മുമ്പ് മുണ്ടിയെരുമയ്ക്ക് സമീപത്ത് നിന്ന് ശംഖിന്റെ ചിത്രം ആലേഖനം ചെയ്ത നന്നങ്ങാടി അധികം കേടുപാടുകള്‍ കൂടാതെ ലഭിച്ചിരുന്നു. ഹൈറേഞ്ചിലെ അതിര്‍ത്തി മേഖലകളില്‍ പഴയ കാലത്ത് വലിയ ജനവാസ മേഖലകളായിരുന്നു എന്നതിന്റെ സൂചനകളാണ് ഇതില്‍ നിന്നും ലഭിയ്ക്കുന്നത്. എന്നാല്‍ മേഖലയുടെ ചരിത്ര പ്രാധാന്യം മനസിലാക്കാന്‍ ശക്തമായ പഠനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.