അയോധ്യയിലെ തറക്കല്ലിടൽ; കോടികൾ മുടക്കി യുഎസിൽ പരസ്യം

പ്രത്യേക ലേഖകൻ

ന്യൂഡൽഹി/ന്യൂയോർക്ക്

Posted on August 02, 2020, 10:35 pm

കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ പട്ടിണി കിടക്കുമ്പോഴും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ പേരിൽ മോഡി സർക്കാരിന്റെ ധൂർത്ത്. അയോധ്യയിലെ തറക്കല്ലിടൽ ചടങ്ങ് ന്യുയോർക്കിലെ ടൈംസ് സ്ക്വയറിൽ ബിൽബോർഡുകളിൽ കോടികളുടെ പരസ്യം നൽകിയാണ് മോഡി സർക്കാരിന്റെ ധൂർത്ത്.

ഓഗസ്റ്റ് അഞ്ചിന് തറക്കല്ലടിൽ ചടങ്ങ് ന്യുയോർക്കിലെ ബിൽബോർഡുകളിൽ ത്രിമാന ചിത്രങ്ങളായി തെളിയും. ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ന്യുയോർക്ക്. ടൈംസ് സ്ക്വയറിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം 3,80,000 കാൽനടയാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. ബസിലും കാറിലും മറ്റ് വാഹനങ്ങളിലുമായി ഡ്രൈവർമാർ ഉൾപ്പെടെ 1,15,00 പേർ ഇത് വഴി കടന്നുപോകുന്നു. ചിലദിവസങ്ങളിൽ കാൽനട യാത്രക്കാരുടെ എണ്ണം 4,60,000 പേരായി ഉയരും. ടൈംസ് സ്ക്വയറിലെ വിവിധ സ്ഥാപനങ്ങളിലായി 1,80,000 തൊഴിലാളികളാണ് പണിയെടുക്കുന്നത്.

ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ടൈംസ് സ്ക്വയറിലെ ഒരു വർഷത്തെ പരസ്യത്തിന് 1.1 ദശലക്ഷം മുതൽ നാല് ദശലക്ഷം ഡോളർവരെയാണ് ചെലവ്. ഇന്നലത്തെ വിനിമയ നിരക്ക് അനുസരിച്ച് 73.92 രൂപയാണ് ഒരു യുഎസ് ഡോളറിന്റെ മൂല്യം. അതായത് ഒരു ദിവസത്തെ പരസ്യത്തിന് 5000 ഡോളർ മുതൽ 50,000 ഡോളർ വരെയാണ് ചെലവ്. ഒരുമാസത്തെ ശരാശരി ചെലവ് മൂന്ന് ദശലക്ഷം ഡോളറാണ്.

17,000 അടി വിസ്തീർണമുള്ള എൽഇഡി ബോർഡാണ് തറക്കല്ലിടൽ ചടങ്ങിന്റെ പരസ്യത്തിനായി വാടകയ്ക്ക് എടുത്തതെന്ന് അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി അധ്യക്ഷൻ ജഗദീഷ് സെവാനി പറഞ്ഞു. ജയ്ശ്രീറാം ശബ്ദഘോഷങ്ങളും ക്ഷേത്രത്തിന്റെ രൂപ കൽപ്പന, ശ്രീരാമന്റെ ചിത്രങ്ങൾ, വീഡിയോകൾ, മോഡി തറക്കല്ലിടുന്ന ചടങ്ങ് എന്നിവയാണ് ബോർഡിൽ ഓഗസ്റ്റ് അഞ്ചിന് രാവിലെ മുതൽ പ്രത്യക്ഷപ്പെടുന്നത്.

പരസ്യത്തിനെതിരെ വൻ പ്രതിഷേധം

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ശ്രീരാമന്റെ 3ഡി ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. 20 സംഘടനകളും നിരവധി വ്യക്തികളുമാണ് പ്രതിഷേധം അറിയിച്ച് ന്യൂയോർക്ക് മേയർ ബിൽഡേ ബ്ലാസിയോയ്ക്ക് കത്ത് നൽകിയത്.

ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്ന ഒരു മുസ്‌ലിം വിവേചനപരവും മനുഷ്യത്വരഹിതവുമായ ചിത്രത്തെ കുറിച്ച് അറിയിക്കുന്നതിനാണ് ഈ കത്ത് എന്നാണ് പ്രതിഷേധക്കാർ പറഞ്ഞിരിക്കുന്നത്. ചിത്രം പ്രദർശിപ്പിക്കുന്നത് ഇന്ത്യയില്‍ മുസ്‌ലിങ്ങൾ നേരിടുന്ന അവകാശ ലംഘനത്തിന്റെയും പീഡനങ്ങളുടെയും ആഘോഷമായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ബിജെപി സർക്കാരിന്റെ തീവ്ര ഹിന്ദുത്വ ദേശീയതയ്ക്കെതിരായാണ് കൂട്ടായ്മ നിലകൊള്ളുന്നത്. സമന്വയവും സമത്വ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ന്യൂയോർക്കിൽ എങ്ങനെയാണ് അതിതീവ്ര മുസ്‌ലിം വിവേചനം കാത്തുസൂക്ഷിക്കുന്ന ഇത്തരമൊരു ആഘോഷത്തിന് അനുമതി നൽകാൻ കഴിയുക എന്ന് ചോദിക്കുവാൻ കൂടിയാണ് ഈ കത്ത് എഴുതുന്നതെന്നും അവർ പറഞ്ഞു.

ENGLISH SUMMARY:Foundation stone in Ayo­d­hya; Adver­tis­ing in the US at a cost of crores
You may also like this video