പള്ളിക്കൽ പഞ്ചായത്തിൽ വോട്ടർമാർക്ക് പണം കൊടുത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമം. പണം വിതരണം ചെയ്യാനെത്തിയ നാലു കോൺഗ്രസുകാർ പിടിയില്‍. പള്ളിക്കൽ പഞ്ചായത്തിലെ പ്ലാച്ചിവിള 12 ാം വാർഡിലാണ് സംഭവം.
കെഎൽ 47എ 4700 നമ്പർ ഇന്നോവാ കാറിലാണ് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരനും അനുയായികളും പണവുമായി എത്തിയത്. ആയിരവല്ലിക്ഷേത്രത്തിന് സമീപമുള്ള വീടുകളിലെ വോട്ടർമാർക്കാണ് സംഘം പണം കൊടുത്ത് വോട്ട് വിലക്ക് വാങ്ങാൻ ശ്രമം നടത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ സംഘടിച്ച് കോൺഗ്രസുകാരെയും വാഹനത്തെയും തടഞ്ഞുവെക്കുകയായിരുന്നു. ഇതേസമയം പണം കൈവശം സൂക്ഷിച്ചയാൾ ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് മൂന്ന് മണിക്കൂറോളം സംഘർഷാവസ്ഥയായിരുന്നു.
തുടർന്ന് പള്ളിക്കൽ പഞ്ചായത്ത് വരണാധികാരി ജർണയിൽസിംഗ് പള്ളിക്കൽ എസ് എച്ച് ഒ അജി ജി നാഥ് എന്നിവരെട നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. കോൺഗ്രസ് പ്രവർത്തകരായ റാഫി നൂർമഹൽ പള്ളിക്കൽ, ഷംസുദ്ദീൻ താഴെവിളയിൽവീട്, സാബു വിളയിൽവീട്, ഷാജഹാൻ എസ് എ മൻസിൽ വേളാക്കട എന്നിവരെയാണ് പിടികൂടിയത്.
പണം വിതരണം ചെയ്തതിന് റാഫി,ഷംസുദ്ദീൻ , സാബു എന്നിവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പണം കൈപ്പറ്റിയവർ വരണാധികാരിക്ക് മൊഴി നല്‍കിയിട്ടുണ്ട്. പള്ളിക്കൽ പഞ്ചായത്തിൽ കോൺഗ്രസ് പലവാർഡുകളിലും പണകൊഴുപ്പ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് നേതാക്കൾ പരാതിപ്പെട്ടു. വരും ദിവസങ്ങിൽ പ്രദേശത്ത് പൊലീസ് , ഇലക്ഷൻ സ്ക്വാഡ് പരിശോധന ശക്തിപ്പെടുത്തും.