നികുതി തട്ടിപ്പ് ; കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും പിടിച്ചെടുത്തത് നാലു കോടിയിലധികം രൂപ

Web Desk
Posted on October 11, 2019, 4:41 pm

ബംഗളൂരു: മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയും വിവിധ സ്ഥലങ്ങളിലും ആധായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നാലു കോടിയിലധികം രൂപ പിടിച്ചെടുത്തു. ബംഗളൂരുവിലും തുമകൂരുവിലും പരമേശ്വരയുമായി ബന്ധമുള്ള മുപ്പതോളം ഇടങ്ങളില്‍ ഇന്നലെ ആയിരുന്നു റെയ്ഡ്.

പരമേശ്വരയുടെ ഓഫീസ്, വസതി ഇന്‍സ്റ്റിറ്റിറ്റ്യൂഷന്‍, എന്നിവയ്ക്ക് പുറമേ സഹോദരന്‍ ഡി ശിവപ്രസാദിന്റെയും പിഎ രമേശിന്റെയും വസതികളിലും തിരപച്ചില്‍ നടത്തി. പരമേശ്വരയെ കൂടാതെ മുന്‍ എംപി ആര്‍എല്‍ ജലപ്പയുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും റെയ്ഡ് നടന്നു. 4.25 കോടി രൂപയുടെ അനധികൃത പണമാണ് പിടിച്ചെടുത്തത് എന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 300 ലധികം ആദായ നികുതി ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ ഉണ്ടായിരുന്നു. യോഗ്യതയില്ലാത്ത ആളുകള്‍ക്ക് 50 ലക്ഷം മുതല്‍ 60 ലക്ഷം രൂപക്ക് മെഡിക്കല്‍ സീറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പണത്തിന് പുറമെ മെഡിക്കല്‍ അഡ്മിഷന്‍ ക്രമക്കേടിന് തെളിവായിട്ടുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരമേശ്വരയുടെ സഹോദരന്റെ മകന്‍ ആനന്ദിന്റെ വീട്ടിലും സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലും ഇന്ന് റെയ്ഡ് നടന്നു. പരമേശ്വരയുടെ ബന്ധുക്കള്‍ നടത്തുന്ന ട്രസ്റ്റിന്റേതാണ് ഈ മെഡിക്കല്‍ കോളേജ്.