ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ വംശജന്‍ അറസ്റ്റിൽ

Web Desk
Posted on October 17, 2019, 6:30 pm

കാലിഫോര്‍ണിയ: രണ്ടു മുതിര്‍ന്നവരേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പൊലീസില്‍ കീഴടങ്ങിയ ഇന്ത്യന്‍ വംശജന്‍ കലിഫോര്‍ണിയായില്‍ നിന്നുള്ള ശങ്കര്‍ നാഗപ്പയെ (53) പൊലീസ് അറസ്റ്റു ചെയ്തു.  കൊലപ്പെടുത്തിയ ഒരു പുരുഷന്റെ മൃതദേഹവുമായി 200 മൈല്‍ കാറോടി ച്ചാണ് ശങ്കര്‍ റോസ്‌വില്ല പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. റോസ്‌വില്ല പൊലീസ് ക്യാപ്റ്റന്‍ ജോഷ് സൈമനാണ് വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പൊലീസ് ചോദ്യം ചെയ്യുന്നതിന് മുൻപ് തന്നെ മറ്റു മൂന്നുപേരെ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വച്ചു കൊലപ്പെടുത്തിയതായി പ്രതി മൊഴി നല്‍കി. നാലുപേരേയും വധിച്ചത് ഒരാഴ്ചക്കു മുൻപായിരിക്കാമെന്നാണ് പൊലീസ് നിഗമനം. റോസ്‌വില്ലയില്‍ നിന്നും ഒരാഴ്ച മുൻപാണ് ഇയാളെ കാണാതായത്.

മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. അറസ്റ്റു ചെയ്ത പ്രതി ശങ്കര്‍ നാഗപ്പയെ പ്ലേയ്‌സണ്‍ കൗണ്ടി ജയിലിലടച്ചു.