നാല് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലയന വഴിയില്‍

Web Desk
Posted on July 15, 2019, 9:37 pm
ബേബി ആലുവ

കൊച്ചി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ 100 ശതമാനം വിദേശനിക്ഷേപം പ്രഖ്യാപിച്ച ഇന്‍ഷൂറന്‍സ് മേഖലയിലെ നാല് ജനറല്‍ കമ്പനികള്‍ ലയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കു വേഗതയേറി.വിദേശക്കുത്തകകളുടെ കടന്നുവരവിനു വഴിയൊരുക്കാന്‍ കഴിയുന്നതും വേഗം ലയന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള വകുപ്പുതല ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. രണ്ടു ഘട്ടമായി ഏഴ് പൊതുമേഖലാ ബാങ്കുകളെ സംയോജിപ്പിച്ചതില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഇന്‍ഷൂറന്‍സ് മേഖലയിലും കേന്ദ്രം കൈവച്ചിരിക്കുന്നത്.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ നേരിട്ടുള്ള 100ശതമാനം വിദേശനിക്ഷേപത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.ഈ മേഖലയിലെ മുഴുവന്‍ ജീവനക്കാരും കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളും കടുത്ത എതിര്‍പ്പുമായി രംഗത്തുണ്ടെങ്കിലും വിദേശ നിക്ഷേപത്തിനു കളമൊരുക്കാന്‍ കാലേക്കൂട്ടി ലയനത്തിനു തീരുമാനിച്ച മോഡി സര്‍ക്കാര്‍ ആ നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സാധ്യത. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് എന്നീ ജനറല്‍ സ്ഥാപനങ്ങളെയാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍ ലയിപ്പിക്കാനൊരുങ്ങുന്നത്. നാലെണ്ണം ചേര്‍ന്ന് ഒരു കമ്പനിയാകുമ്പോള്‍ രാജ്യാന്തര തലത്തില്‍ മത്സരിക്കാനുള്ള കരുത്ത് പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നും മൂലധനശേഷി ഇന്നത്തേതില്‍ നിന്ന് അദ്ഭുതപ്പെടുത്തും വിധം ഉയരുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള മൂലധന നിക്ഷേപ ബാധ്യതയില്‍ നിന്നു രക്ഷപ്പെടാമെന്ന കേന്ദ്രത്തിന്റെ കുതന്ത്രവും സ്വകാര്യവത്കരണ ലക്ഷ്യവുമാണ് ലയനത്തിന്റെ പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സര്‍ക്കാര്‍ ഉടമയിലുള്ള നാല് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് മാത്രമാണ് നിലവില്‍ ഓഹരി വിപണിയിലുള്ളത് എന്നതും കേന്ദ്രത്തിനു ഗുണകരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.2018 മാര്‍ച്ചിലെ കണക്കനുസരിച്ച് 14.07 വിപണി വിഹിതമുള്ള രാജ്യത്തെ ഏറ്റവും വലിയ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് ന്യൂ ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28,017 കോടി രൂപയായിരുന്നു കമ്പനിയുടെ ആഗോള പ്രീമിയം വരുമാനം.എന്നാല്‍ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷൂറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് എന്നീ മൂന്നു കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം ഏതാണ്ട് 35,000 കോടി രൂപയാണ്. മൂന്നു കമ്പനികള്‍ക്കുമായുള്ള 8200 ഓഫീസുകളിലായി 59,000 ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. ലയനത്തോടെ ഇതില്‍ 20 മുതല്‍ 30 വരെ ശതമാനം ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടമാകും.

ലയനത്തില്‍ അദ്ഭുതത്തിന് അവകാശമില്ലെന്നാണ്, ചര്‍ച്ചകള്‍ക്കു നിയോഗിക്കപ്പെട്ട വകുപ്പുകളുടെ വാദം. ചെറുതും വലുതുമായ 243 കമ്പനികള്‍ ചേര്‍ന്നുണ്ടായതാണ് എല്‍ഐസി.1972ല്‍ ദേശസാത്കരണം നടന്നെങ്കിലും നിരവധി കമ്പനികള്‍ ലയിച്ചാണ് നാല് ജനറല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളുണ്ടായതെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ ഈ നടപടികളൊന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനോ, വിദേശ കുത്തകള്‍ക്കു ചുവപ്പ് പരവതാനി വിരിച്ച് സ്വകാര്യവത്കരിക്കാനോ വേണ്ടിയുള്ളതായിരുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കുന്നു.