അങ്കമാലിയില്‍ സ്വകാര്യബസ് ഓട്ടോയില്‍ ഇടിച്ച്‌ നാലു മരണം

Web Desk
Posted on November 25, 2019, 8:46 am

കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഓട്ടോ ഡ്രൈവറും ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളുമാണ് മരണമടഞ്ഞത്. അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ഓട്ടോ പൂർണ്ണമായും തകർന്നു. അപകടത്തിപെട്ടവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ ഇവര്‍ മരണമടഞ്ഞിരുന്നു. മൃതദേഹങ്ങൾ അങ്കമാലി ഗവൺമെന്റ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഓട്ടോ ഡ്രൈവർ മങ്ങാട്ട് കര ജോസഫ്, യാത്രക്കാരി മേരി മത്തായി എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.