Janayugom Online
LDF Janayugom

നാലു പാർട്ടികൾകൂടി; ഇടതുമുന്നണി വിപുലീകരിച്ചു

Web Desk
Posted on December 26, 2018, 12:28 pm
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിച്ചു. ഇടതു ജനാധിപത്യ മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച നാലുപാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ ഇന്ന് ചേര്‍ന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം തീരുമാനിച്ചതായി കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.
ഐഎന്‍എല്‍, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നീ പാര്‍ട്ടികളെയാണ് മുന്നണിയല്‍ പുതുതായി ഉള്‍പ്പെടുത്തിയത്. സിപിഐ(എം), സിപിഐ, ജനതാദള്‍ (എസ്), കേരള കോണ്‍ഗ്രസ് (എസ്), കേരള കോണ്‍ഗ്രസ് (സ്‌ക്കറിയ) വിഭാഗം ചേര്‍ന്നതായിരുന്നു ഇതുവരെയുള്ള ഘടകക്ഷികള്‍.
മതനിരപേക്ഷ നിലപാടെടുത്ത് മുസ്ലിം ലീഗില്‍ നിന്നുമാറി കാല്‍ നൂറ്റാണ്ടായി ഇടതുമുന്നണിക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ശരത് യാദവും കേരളത്തില്‍ വീരേന്ദ്രകുമാറും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ലോക് താന്ത്രിക് ജനതാദള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുന്‍പ് കേരള കോണ്‍ഗ്രസ് (ജെ) മാണി ഗ്രൂപ്പില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പാര്‍ട്ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയ ആര്‍ ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (ബി).
സി കെ ജാനുവിന്റേത് അടക്കമുള്ള ധാരളം പാര്‍ട്ടികള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ജെഎസ്എസ്, ഫോര്‍ബേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി ലെനിനിസ്റ്റ് തുടങ്ങിയ പന്ത്രണ്ടോളം പാര്‍ട്ടികള്‍ നിലവില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് കേരളത്തിന്റെ പൊതുജീവിതത്തില്‍ ഇടപെട്ടു സമഗ്രമായ സാമൂഹിക വീക്ഷണത്തോടെ പുരോഗതി ലക്ഷ്യമാക്കി എല്ലാ വിഭാഗം ജനങ്ങളുടെ പൊതു വളര്‍ച്ചയ്ക്ക് സഹായകരമായ രീതിയിലാണ് ഇടതുമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷവും ബിജെപിയും കൈകോര്‍ത്തുപിടിച്ച് നടത്തുന്നത്. കേരളത്തെ വര്‍ഗ്ഗീയമായി ചേരിതിരിച്ച് അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ യോജിച്ച നിലപാടുള്ളവരുമായി ഐക്യപ്പെടുത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്യുന്നതെന്നും കണ്‍വീനര്‍ പറഞ്ഞു.
സ്ത്രീവിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ട് ബിജെപി, കോണ്‍ഗ്രസ്, മുസ്ലിംലീഗ്, എന്‍എസ്എസ് പോലുള്ള സംഘടനകള്‍ സ്വീകരിച്ചിരിക്കുന്ന പൊതു നിലപാടുകള്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് സഹായകരമാകില്ല. നിയമം കൈയ്യിലെടുത്ത് അക്രമം മൗലികാവകാശമാണ് എന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. ജനാധിപത്യ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ സ്ത്രീകളെപ്പോലും കൈയ്യേറ്റം ചെയ്യുന്ന തരത്തിലുള്ള അക്രമങ്ങളുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് തുടരുന്നത്. സാമൂഹ്യ വിഷയങ്ങളെ മാറ്റി വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ അവര്‍ കൊണ്ടുചെന്നെത്തിച്ചു. അതിന്റെ ഭാഗമായാണ് കേരളത്തിന്റെ പൊതു സമൂഹത്തെ വിശ്വാസി അവിശ്വാസി എന്ന തരത്തിലേക്ക് വേര്‍തിരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി സമൂഹത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കുകയെന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്.
ഇടതുപക്ഷ സര്‍ക്കാരുകള്‍ നടത്തിയ നല്ല പ്രവര്‍ത്തനത്തിന്റെ ഏറ്റിയ വലിയ ഗുണഭോക്താവ് നാട്ടിലെ സ്ത്രീ സമൂഹമാണ്. പൊതുജീവിതത്തിലും പൊതു ഇടങ്ങളിലും വനിതകള്‍ക്ക് രാജ്യത്ത് ഏറെ മുന്നേറ്റമുണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ അത്യന്തം സ്ത്രീവിരുദ്ധമായ ലിംഗനീതിക്ക് എതിരായ ഒരു പ്രവര്‍ത്തന കൂട്ടായ്മയാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഇവിടെ നടന്നതും അതിനെ പിന്തണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റേത്. ഇതിലൂടെ കേരളത്തെ ഫ്യുഡല്‍ കാലഘട്ടത്തിലേക്ക് കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി വിപുലീകരണ ചര്‍ച്ചയില്‍ നാലു പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ മാത്രമാണ് ചര്‍ച്ചകളുണ്ടായതെന്നും മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചചെയ്തിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി എ വിജയരാഘവന്‍ പറഞ്ഞു.