സെന്‍ട്രല്‍ പാരിസിലെ പൊലീസ് ആസ്ഥാനത്ത് കത്തിക്കുത്ത്: നാല് ഓഫീസർമാർ കൊല്ലപ്പെട്ടു

Web Desk
Posted on October 03, 2019, 10:27 pm

പാരിസ്:  സെന്‍ട്രല്‍ പാരിസിലെ പൊലീസ് ആസ്ഥാനത്ത് കത്തിയുമായി എത്തിയ യുവാവിന്റെ ആക്രമണത്തില്‍ നാലു ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന സെന്‍ട്രല്‍ പാരിസില്‍ഇന്ന് വൈകിട്ടായിരുന്നു സംഭവം. അക്രമിയെ പൊലീസ് സംഭവസ്ഥലത്തു തന്നെ വെടിവച്ചു കൊന്നു. പൊലീസ് ആസ്ഥാനത്തെ തന്നെ അഡ്മിനിസ്‌ട്രേറ്റിവ് ഇന്റലിജന്‍സ് വിഭാഗത്തിലെ ജീവനക്കാരനാണ് അക്രമത്തിനു പിന്നിലെന്നും ഭീകരാക്രമണമല്ലെന്നും പൊലീസ് അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെത്തുടര്‍ന്നു പുരാതനമായ നോത്രദാം കത്തീഡ്രലിനു സമീപത്തെ മെട്രോ സ്‌റ്റേഷന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ താല്‍ക്കാലികമായി അടച്ചു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നു മേലുദ്യോഗസ്ഥരുമായി നിരന്തരം കലഹിച്ചുവന്നയാളാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് വക്താവ് അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാല് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി മുപ്പതിനായിരത്തിലധികം പൊലീസുകാര്‍ പാരിസില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് ആസ്ഥാനത്തെ ആക്രമണം.