യുഎഇയില്‍ ഡ്രൈവര്‍മാരാകാന്‍ കേരളത്തില്‍ നാല് പരിശീലന കേന്ദ്രങ്ങള്‍

Web Desk
Posted on July 28, 2019, 10:49 pm

കെ രംഗനാഥ്

ദുബായ്: യുഎഇയില്‍ ഡ്രൈവര്‍മാരാകാനുള്ള പരിശീലനത്തിന് കേരളത്തില്‍ നാലു കേന്ദ്രങ്ങള്‍ തുടങ്ങും. ഇന്ത്യയില്‍ മൊത്തം 20 കേന്ദ്രങ്ങളാണു തുടങ്ങുക.
ഇതിനുവേണ്ടി കേരളത്തിലെ എടപ്പാളില്‍ കണ്ടനകത്തു സ്ഥാപിക്കുന്ന പരിശീലകേന്ദ്രത്തിനു വേണ്ടി യെഎഇയിലെതിനു തുല്യമായ റോഡിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളിലെ സാങ്കേതിക വിദ്ഗധര്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഉടനെത്തി ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കും. യുഎഇയില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആയതിനാല്‍ റൈറ്റ് ഹാര്‍ഡ് ഡ്രൈവിംഗ് സംവിധാനമുള്ള ഇന്ത്യയില്‍ പരിശീലനത്തിനും ടെസ്റ്റിനുമായി ഗതാഗത നിയമത്തില്‍ കേരളവും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും ചില ഭേദഗതികള്‍ വരുത്തും.
അടുത്തവര്‍ഷം ദുബായില്‍ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ബിസിനസ് പ്രദര്‍ശനമായ എക്‌സ്‌പോ 2020 പ്രമാണിച്ച് നൂറുകണക്കിനു ഡ്രൈവര്‍മാരെയാണ് ആവശ്യമായി വരിക. യുഎഇ യില്‍ ഡ്രൈവര്‍മാരാകണമെങ്കില്‍ വിദേശികള്‍ ഇവിടെയെത്തി മൂന്നു മാസത്തോളം നീളുന്ന പരിശീലനവും പരീക്ഷയും റോഡ്‌ടെസ്റ്റും വേണ്ടിവരും. ഇത് ഏറെ ചെലവേറുന്ന പരിപാടിയായതിനാലാണ് പരിശീലനം ഇന്ത്യയിലാക്കാന്‍ തീരുമാനിച്ചത്. റോഡ്‌ടെസ്റ്റും പരീക്ഷയും ഇവിടെയെത്തി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മതിയാകും, ഇതിനിടെ ഡ്രൈവര്‍ജോലി തരപ്പെടുത്തുകയും ചെയ്യാം. റോഡ് ടെസ്റ്റും പരീക്ഷയും പൂര്‍ത്തിയാക്കി ഡ്രൈവിംഗ് ലൈസന്‍സ് നേടിയാല്‍ നാട്ടില്‍ പോയശേഷം ജോലി സംഘടിപ്പിച്ച് ഇവിടെയെത്തി പണിക്കു കയറുകയും ചെയ്യാം.
തിയറിക്ലാസ്, റോഡ്‌ടെസ്റ്റ് തുടങ്ങി യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിനാവശ്യമായ എല്ലാ പഠനപദ്ധതികളും ഇന്ത്യയില്‍ നടപ്പാക്കും. യുഎഇ യില്‍ ഇരുന്നുകൊണ്ടു തന്നെ പരിശീലന നടപടികള്‍ വീക്ഷിക്കാനുള്ള സൗകര്യവുമുണ്ടാവുമെന്ന് എമിറേറ്റ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിമാനക്കൂലി, സന്ദര്‍ശകവിസ, മൂന്നുമാസത്തെ താമസം എന്നിവയ്ക്കു വേണ്ടിവരുന്ന ഭീമമായ ചെലവ് ഒഴിവാക്കാനും നാട്ടിലെ പരിശീലന പദ്ധതിവഴി കഴിയുമെന്നും സ്‌കൂള്‍ വക്താവ് അറിയിച്ചു.