അഞ്ചു വയസുകാരനെ ഉപേക്ഷിച്ച സംഭവം: നാല് യുവതികള്‍ പിടിയില്‍

Web Desk
Posted on September 20, 2019, 10:03 pm

കെ രംഗനാഥ്

ദുബായ്: അഞ്ച് വയസുള്ള ഓമനയായ ബാലനെ അല്‍റീഫ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതു സംബന്ധിച്ച തിരക്കഥയുണ്ടാക്കിയ നാലുപേര്‍ പിടിയില്‍. എന്നാല്‍ പ്രസവിച്ചു രണ്ടാം ദിവസം കുഞ്ഞിനെ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ കുട്ടിയുടെ മാതാവിനെക്കുറിച്ചുള്ള യാതൊരു വിവരവും ദുബായ് പൊലീസിന് ലഭ്യമായിട്ടില്ല.

കുട്ടിയെ ഏറ്റുവാങ്ങിയ ഇന്ത്യാക്കാരിയായ വളര്‍ത്തമ്മയും പിന്നീട് കുഞ്ഞിന്റെ ചുമതലയേറ്റ ഫിലിപ്പൈന്‍കാരിയും ഇവരുടെ രണ്ട് കൂട്ടുകാരികളുമാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവത്തില്‍ പൊലീസിന്റെ വലയിലായത്. ഷാര്‍ജയില്‍ നിന്നുള്ള ഒരു ഫോണ്‍കോള്‍ ആണ് അനേ്വഷണത്തിനു തുമ്പുണ്ടാക്കിയത്. മാളില്‍ വച്ച് കുട്ടിയേയും ഒരു സ്ത്രീയേയും കണ്ടുവെന്ന് ആയിരുന്നു ഫോണ്‍ സന്ദേശം. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു പൊലീസില്‍ ഏല്‍പ്പിച്ച ഫിലിപ്പൈന്‍കാരി സ്ത്രീയിലേക്കാണ് അനേ്വഷണം നീണ്ടത്. തന്റെ സുഹൃത്തായ മറ്റൊരു സ്ത്രീയാണ് വളര്‍ത്താന്‍ അഞ്ചു വയസുള്ള ആണ്‍കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ചതെന്ന് അവര്‍ സമ്മതിച്ചു.

അഞ്ച് വയസായതിനാല്‍ സ്‌കൂളില്‍ ചേര്‍ക്കേണ്ട ഭാരിച്ച ചെലവ് ഓര്‍ത്ത് തന്നെ കുട്ടിയെ ഏല്‍പ്പിച്ച സ്ത്രീയും അവരുടെ സുഹൃത്തുക്കളുമായാണ് കുഞ്ഞിനെ മാളില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ഫിലിപ്പൈന്‍ യുവതി സമ്മതിച്ചു. ഇതിനുവേണ്ടിയാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാളില്‍ കണ്ടെത്തിയെന്ന തിരക്കഥ ഇരുവരും ചേര്‍ന്ന് മെനഞ്ഞത്.

തുടര്‍ന്ന് പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ നാല് യുവതികളും കുട്ടിയുടെ മാതാവല്ലെന്ന് തെളിഞ്ഞു. കുട്ടിയോട് തിരക്കിയപ്പോള്‍ ‘സൂപ്പര്‍മാന്‍’ എന്നായിരുന്നു മറുപടി. അനേ്വഷണം ആരിലേയ്ക്കും നീളാതിരിക്കാന്‍ നാലുപേരും ചേര്‍ന്ന് ഇപ്രകാരം കുട്ടിയെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇംഗ്ലീഷ് മാത്രം സംസാരിക്കാനറിയുന്ന കുട്ടി പൊലീസുകാര്‍ക്ക് പ്രിയങ്കരനാണിപ്പോള്‍. തന്റെ നീണ്ട കഥയൊന്നുമറിയാതെ അവനിപ്പോള്‍ ദുബായ് പൊലീസിന്റെ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ വിഭാഗത്തിന്റെ സംരക്ഷണയിലാണ്; എവിടെയോ അദൃശ്യയായ അമ്മയാരാണെന്നറിയാതെ.