September 22, 2023 Friday

സംസ്ഥാനത്ത് അടുത്ത വർഷം മുതൽ നാലു വർഷ ബിരുദ കോഴ്സുകൾ; മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
June 6, 2023 9:24 pm

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സർവകലാശാലകൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഈ വർഷം പരീക്ഷണാടിസ്ഥാനത്തില്‍ നാലുവർഷ ബിരുദ കോഴ്സുകള്‍ തുടങ്ങാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനുള്ള സ്വാതന്ത്ര്യം സർവകലാശാലകൾക്കുണ്ട്‌. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ നാലുവർഷ ബിരുദം തുടങ്ങാനാവുമെന്ന് വിസിമാരുടെ യോഗത്തിൽ കേരള സർവകലാശാല അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ തുടങ്ങാനാകുന്ന കോഴ്‌സുകളുടെ പട്ടിക 15 ദിവസത്തിനുള്ളിൽ സർവകലാശാലകൾ നൽകണം.

നാലുവർഷ ബിരുദ കോഴ്സിന്റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് ഒരു മാസം മുമ്പ് നല്‍കിയിട്ടുണ്ട്. സര്‍വകലാശാലകള്‍ക്ക് കഴിയുന്ന ഇടങ്ങളിലെല്ലാം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകളില്‍ 2024 അക്കാദമിക വര്‍ഷം നാല് വര്‍ഷ ബിരുദ കോഴ്സ് തുടങ്ങാമെന്നും മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ പരിശീലനം ഉള്‍പ്പെടെ അധ്യാപകര്‍ക്ക് നല്‍കും. സർവകലാശാലകൾക്ക് അവരവരുടെ പ്രത്യേകതകൾക്കനുസരിച്ച് കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ കോഴ്സിനും സിലബസ് തയാറാക്കുന്നതിനും അതിന് അനുസൃതമായ ലേണർ സെന്റേഡ് കാഴ്ചപ്പാടിലേക്ക് അധ്യാപകർക്കു മാറുന്നതിനും സമയം ലഭിക്കുകയും ചെയ്യും.
ബിരുദ തലത്തിൽ മൂന്നു വർഷം പൂർത്തീകരിക്കുന്നവർക്ക് എക്സിറ്റ് പോയിന്റ് കൊടുക്കുകയും കൂടുതൽ പഠിക്കാനും ഗവേഷണത്തിനും താല്‍പര്യമുള്ളവർക്ക് അതിന് അവസരമൊരുക്കുകയും ചെയ്യുന്ന വിധത്തിലുമാണ് നാലു വർഷ ഡിഗ്രി കോഴ്സുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്.

ഗവേഷണാത്മക പ്രവർത്തനങ്ങൾ, ഇന്റേൺഷിപ് എന്നിവയ്ക്കാണ് നാലാം വർഷം ഊന്നൽ നൽകുയെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തിനു വലിയ പ്രാധാന്യമാണ് പുതിയ കരിക്കുലം നൽകുന്നത്. നൈപുണ്യ വികസനത്തിനുള്ള സംവിധാനങ്ങൾ എല്ലാ കലാലയങ്ങളിലും ഉണ്ടാകും. ബിരുദ പാഠ്യപദ്ധതിയുടെ ഫൗണ്ടേഷൻ കോഴ്‌സിൽ ഭരണഘടന, സാമൂഹികനീതി സങ്കൽപ്പം, ശാസ്ത്രീയവീക്ഷണം, മതനിരപേക്ഷത, ലൈംഗിക വിദ്യഭ്യാസം തുടങ്ങിയ ഉൾപ്പെടുത്തുകയാണ്‌ ലക്ഷ്യം. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താല്‍പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വര്‍ഷം കോളജുകളെ നാല് വര്‍ഷ കോഴ്സിനായി നിര്‍ബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബിരുദ കാലയളവില്‍ ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: four year degree cours­es in state from next year
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.