Web Desk

December 13, 2019, 10:11 am

ഫ്‌ളാറ്റിനുള്ളില്‍ നാലു വയസുകാരന്‍ കുടുങ്ങി; അഗ്നിരക്ഷാസേനയോട് പൂട്ട് പൊളിക്കരുതെന്ന് വീട്ടുകാര്‍!

Janayugom Online

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ഒരു വീട്ടുകാരുടെ നിലപടിൽ അഗ്നിരക്ഷാ സേനക്ക് അന്തം വിട്ട് നിൽക്കേണ്ടി വന്നത് മണിക്കൂറുകളോളം. സാധാരണ ഗതിയിൽ അപകടത്തിൽപെട്ട വരെ കഴിവതും എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാണ് ശ്രമിക്കുക. എന്നാൽ കോഴിക്കോട് കഴിഞ്ഞ ദിവസം നടന്നത് ഇതിനു വിപരീതമായ സംഭവമാണ്.

നഗരത്തിലെ ഫ്ളാറ്റിനുള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ പൂട്ട് പൊളിക്കാതെ രക്ഷപെടുത്തണം എന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം.

വീട്ടുകാരുടെ ശാഠ്യത്തിനു മുന്നിൽ പ്രവർത്തകർക്ക് അന്തംവിട്ട് നിൽക്കേണ്ടി വന്നു. പൂട്ടുപൊളിച്ച് കുട്ടിയെ വേഗം പുറത്തെടുക്കാമെന്ന് അഗ്നിരക്ഷാസേന പറഞ്ഞെങ്കിലും കുടുംബം തയ്യാറായില്ല. കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറിൽ തൂങ്ങി ഇറങ്ങി ബാൽക്കണിയിൽ കയറിക്കൂടെ എന്ന് അയൽ ഫ്ളാറ്റുകാർ ചോദിച്ചു. 18 നിലയുള്ള ഫ്ളാറ്റിൽ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയർ കെട്ടി ഒരാൾ ഇറങ്ങണം.

അത് ബുദ്ധിമുട്ടാണ്, പൂട്ട് പൊളിച്ച് അകത്ത് കയറുന്നതാണ് എളുപ്പമെന്ന് ബീച്ച് സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ ഉറപ്പിച്ച് പറഞ്ഞു. ശേഷം ഫ്ലാറ്റ് അധികൃതർ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടതായി തന്നെ വന്നു. പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോൾ, പുറത്തെ ഉമ്മയുടെ കരച്ചിലും മറ്റു ബഹളങ്ങളുമൊന്നും കേൾക്കാതെ സോഫയിൽ സുഖമായി ഉറങ്ങുകയായിരുന്നു കൊച്ചുകുട്ടി.

you may also like this video…