Web Desk

August 13, 2021, 9:51 pm

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ നാലു വയസുള്ള കുട്ടി കൊല്ലപ്പെട്ടു

Janayugom Online

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗറിയിൽ ബിജെപി നേതാവിന്റെ വീടിനു നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന നാലു വയസുള്ള കുട്ടി കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. എല്ലാവരുടേയും പരിക്കുകൾ ഗുരുതരമെന്നാണ് റിപ്പോർട്ട്. ബിജെപി നേതാവായ ജസ്ബീർ സിങ്ങിന്റെ വീടിനു നേരെയാണ് ഗ്രനേഡ് ആക്രമണം നടന്നത്. എല്ലാവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെന്നും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ വച്ച് മരണമടയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും എവിടെ നിന്നാണ് ഗ്രനേഡ് എറിഞ്ഞതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഭീകര സംഘടനയായ പീപ്പിൾസ് ആന്റി ഫാഷിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് സംഘടന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീരിലെ കുല്‍ഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ സൈനികര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ഒരു ഭീകരൻ കൊല്ലപ്പെട്ടു. കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാറാണ് വാര്‍ത്ത പുറത്തുവിട്ടത്.

പരിക്കേറ്റവര്‍ ലെഷ്‌കര്‍ ഇ ത്വയിബ പ്രവര്‍ത്തകരാണ്. സുരക്ഷാസേനയും ലെഷ്‌കര്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അടുത്ത കാലത്ത് ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ഇതേ സംഘം വെടിയുതിര്‍ത്തിരുന്നു.

Eng­lish Sum­ma­ry: Four-year-old killed in ter­ror attack in Jam­mu and Kashmir

You may like this video also