Web Desk

February 13, 2020, 4:10 am

ഒഎൻവി ഓര്‍മകള്‍ക്ക് നാലുവയസ്

Janayugom Online

ഏഴു പതിറ്റാണ്ടിലധികം കാലം മലയാള കാവ്യലോകത്ത് തൂലിക ചലിപ്പിച്ച് വായനക്കാരനെയും ഗാനരചനയിലൂടെ കേൾവിക്കാരനെയും വിസ്മയിപ്പിച്ച ഒഎന്‍വി ഓർമ്മകളിലേയ്ക്ക് വിലയം പ്രാപിച്ചിട്ട് നാലുവർഷമാകുന്നു. തന്റെ ഉള്ളിൽ നിറഞ്ഞൊഴുകുന്ന കമ്മ്യൂണിസ്റ്റ് ബോധത്തിൽ നിന്ന് പിറവിയെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും. കൊല്ലം എസ്എൻ കോളജിൽ വിദ്യാർത്ഥിയായിരിക്കേ എഐഎസ്എഫ് നേതാവായിരുന്ന അദ്ദേഹം പൊതുപ്രവർത്തനവും കൂടെക്കൊണ്ടുനടന്നു. വെളിയം ഭാർഗവനെന്ന കമ്മ്യൂണിസ്റ്റ് പോരാളിക്കൊപ്പം ഫാക്ടറിപ്പടിക്കൽ തൊഴിലാളികളോട് പ്രസംഗിച്ചു. പ്രസംഗവും കവിതാലാപനവുമായി നടക്കുന്നതിനിടയിൽ തന്നെ പാര്‍ട്ടി മുഖപത്രമായ ജനയുഗം വില്പനയും നടത്തുമായിരുന്നു.

വിദ്യാര്‍ത്ഥിയും യുവകമ്മ്യൂണിസ്റ്റുമായ ഒഎന്‍വി അറിയപ്പെടുന്ന കവിയായത്‌ പൊന്നരിവാളമ്പിളിയിലൂടെയാണ്‌. അരിവാളും രാക്കുയിലുമാണ്‌ പ്രഥമകവിത. കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയില്‍ പൊന്നരിവാള്‍ അമ്പിളിയും ഉള്‍പ്പെടുത്തി. കമ്മ്യൂണിസ്റ്റ്‌ കവിത്രയങ്ങള്‍ കേരളത്തെ ചുവപ്പിക്കുവാന്‍ തൂലിക ചലിപ്പിച്ചവരാണ്‌. കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും കവിത്രയങ്ങളും കഥയെഴുത്തുകാരും കഥാപ്രാസംഗികരും എല്ലാം ചേര്‍ന്ന പടയണിയാണ്‌ തൊഴിലാളി, കര്‍ഷകസമരങ്ങള്‍ക്കെല്ലാം ഊര്‍ജ്ജം പകരാനും കമ്മ്യൂണിസ്റ്റ്‌ കേരളം സൃഷ്‌ടിക്കുന്നതിനും അരങ്ങൊരുക്കിയത്‌.

കമ്മ്യൂണിസ്റ്റ്‌ കവിത്രയങ്ങളായ ഒഎന്‍വിയും പി ഭാസ്‌കരനും വയലാറും കാല്പനിക സൗന്ദര്യത്തിന്റെ സന്ദേശവാഹകരായ മാറ്റൊലിക്കവികളാണെന്ന്‌ വിമര്‍ശിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്‌ കവിത്രയങ്ങള്‍ പ്രവര്‍ത്തിച്ചത്‌.പ്രകൃതിയും മനുഷ്യനും ഭാവിയില്‍ നേരിടാന്‍ പോകുന്ന ദുരന്തങ്ങളെ മുൻകൂട്ടി കണ്ട് മുന്നറിയിപ്പ്‌ നല്‍കുവാന്‍ കവി സദാജാഗരൂകനായിരുന്നു. അന്ധവിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന മനുഷ്യക്കുരുതി ഹൃദയസ്‌പൃക്കായി അവതരിപ്പിച്ച “അമ്മ’ കണ്ണീരണിയിക്കുന്ന കാവ്യമാണ്‌. ഒഎന്‍വിയുടെ കവിതകളും ഗാനങ്ങളും സൂക്ഷ്‌മമായി പരിശോധിച്ചാല്‍ അതിന്റെയെല്ലാം ഉള്ളില്‍ ചുവപ്പിന്റെ അംശം ഒളിഞ്ഞിരിക്കും.

കേരളത്തില്‍ ജനിച്ചു ഭാരതത്തോളം വളര്‍ന്ന ഒഎന്‍വി ലോകത്തിന്റെ പല കോണുകളിലും ഇന്ത്യന്‍ കവിത്വത്തെ അറിയിച്ച കവി കൂടിയാണ്‌. ഒഎന്‍വി കവിതകള്‍ ലക്ഷണയുക്തമായിരുന്നു. വൃത്തവും താളവും ഭാഷാലാളിത്യവും ആശയ വ്യക്തതയും താളനിബദ്ധവും ആയിരുന്നു. ഭാവഗീതങ്ങള്‍ക്ക്‌ സ്വതേ ഉണ്ടായിരിക്കേണ്ട ഗാനാത്മകതയും വികാരസാന്ദ്രതയും സംക്ഷിപ്‌ത മോഹനതയുമെല്ലാം അദ്ദേഹത്തിന്റെ മിക്ക കവിതകള്‍ക്കുമുണ്ട്‌. കേരളീയ നവോ ത്ഥാനത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കവികളില്‍ പ്രഥമസ്ഥാനീയനാണ്‌ ഒഎന്‍വി. ജന്‍മി-നാടുവാഴി പ്രഭുക്കളുടെ അക്രമ പേക്കൂത്തുകള്‍ക്കെതിരെയും ജീവിതാവശ്യങ്ങള്‍ക്ക്‌ വേണ്ടിയും നടന്ന സമരപോരാട്ടങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌ ഒഎന്‍വിയുടെ കാവ്യങ്ങളായിരുന്നു. മാനവികതയുടെ കാവ്യഭാവനയെ ഉയർത്തിപ്പിടിച്ച ഒഎൻവിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാ‍ഞ്ജലികൾ.

Eng­lish sum­ma­ry: Four years on for ONV memories