20 April 2024, Saturday

Related news

April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 2, 2024
March 30, 2024
March 29, 2024
March 23, 2024
March 20, 2024
March 16, 2024

എല്‍ഡിഎഫ് സര്‍ക്കാര്‍; ഭാവിയുടെ വഴികാട്ടി

Janayugom Webdesk
തിരുവനന്തപുരം
February 18, 2022 10:38 pm

കേരളത്തിലെ എൽഡിഎഫ് സർക്കാർ രാജ്യത്തിനും ലോകത്തിനും ഭാവിയുടെ വഴികാട്ടിയും പ്രചോദനവുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. 15-ാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് തുടക്കംകുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു ഗവർണർ. മികച്ച യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കിയും വർധിച്ച തൊഴിലവസരങ്ങൾ സൃഷ്ടിച്ചും മെച്ചപ്പെട്ട ഉല്പാദനത്തിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വേഗതയും യാത്രാസുഖവും ഉറപ്പാക്കുന്നതോടൊപ്പം തൊഴിലും വികസനവും ഉത്തേജിപ്പിക്കുന്ന ഹരിത സംരംഭമാണ് കെ റയിൽ. ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് എത്രയും വേഗത്തിലുള്ള അനുമതി പ്രതീക്ഷിക്കുന്നതായും ഗവർണർ നിയമസഭയെ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയെ നിശ്ചയദാർഢ്യത്തോടെ അതീജീവിക്കാനും മരണനിരക്ക് നിയന്ത്രിക്കാനും കേരളത്തിന് കഴിഞ്ഞു. ആരോഗ്യം, റവന്യു, ദുരന്തനിവാരണം തദ്ദേശസ്വയംഭരണം, പൊലീസ് എന്നീ വകുപ്പുകളും ആർആർടികളും വാർഡുതല കമ്മിറ്റികളും സാമൂഹിക സന്നദ്ധസേവകരും പൊതുജനവും വഹിച്ച പങ്കിനെയും ഗവർണർ പ്രശംസിച്ചു. 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനവും രണ്ടാംഡോസ് 85 ശതമാനവും 15നും 18നും ഇടയിലുള്ളവർക്ക് 73 ശതമാനവും നൽകാൻ സാധിച്ചത് നേട്ടമായെന്നും ഗവർണർ പറഞ്ഞു.

പൗര കേന്ദ്രീകൃതവും കാര്യക്ഷമവുമായ ഡിജിറ്റൽ ഭരണത്തിലൂന്നി അത്യാധുനിക വിഷയങ്ങളിൽ, ശക്തമായ കുതിപ്പിലാണ് കേരളം. ഊർജ്ജസ്വലവും മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ കഴിയുന്നതുമായ ഭരണമാണ് സർക്കാർ തുടരുന്നത്. സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ തുടർന്നും കൈവരിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2021ലെ ആരോഗ്യ സൂചികയിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതും ഏറ്റവും കുറവ് ദരിദ്രരുള്ളതും കേരളത്തിലാണെന്നും ഗവർണർ പറഞ്ഞു.

രാവിലെ ഒൻപതിനു ആരംഭിച്ച നയപ്രഖ്യാപന പ്രസംഗം 10.08ന് അവസാനിച്ചു. രാവിലെ 8.50 ഓടെ നിയമസഭ കവാടത്തിലേക്ക് എത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രി കെ രാധാകൃഷ്ണൻ, ചീഫ് സെക്രട്ടറി, നിയമസഭ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കുകയും നയപ്രഖ്യാപനശേഷം കവാടംവരെ ഇവർ അനുഗമിക്കുകയും ചെയ്തു. നിയമസഭ ഉദ്യോഗസ്ഥ ഗ്യാലറിയിൽ കഴിഞ്ഞ ദിവസം നീക്കിയ പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഗവർണറുടെ പ്രസംഗം കേൾക്കാൻ എത്തിയതും കൗതുകമായി.

20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, മുല്ലപ്പെരിയാർ ഡാം അനിവാര്യം

കേരളത്തിൽ തൊഴിലവസരങ്ങളും തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനും വിവിധ പദ്ധതികൾ പൂർത്തികരിച്ച് അടിസ്ഥാന സൗകര്യ വികസനം ഒരുക്കാനും സർക്കാരിന്റെ 100 ദിന പദ്ധതി മാതൃകാപരമെന്ന് ഗവർണർ പറഞ്ഞു. കഴിഞ്ഞ ആറ് വർഷങ്ങളിൽ വ്യാവസായിക നിക്ഷേപത്തിൽ വൻ വളർച്ചയുണ്ടായി. മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 1,000 പേർക്ക് അഞ്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. 2022–23 സാമ്പത്തിക വർഷത്തിൽ കേരളം ജിഎസ്ഡിപിയിൽ 10 ശതമാനത്തിലേറെ വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവർണർ പറഞ്ഞു.

മുല്ലപ്പെരിയാറിന്റെ സംഭരണശേഷി 136 അടിയിൽ കൂടുതലാകാൻ പാടില്ല. ജനങ്ങളുടെ സുരക്ഷയെക്കരുതി പുതിയ ഡാം അനിവാര്യമാണെന്ന നിർദേശം കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാവർക്കും ഭൂമിയും പാർപ്പിടവും എന്ന പ്രധാനലക്ഷ്യത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2011 ലെ പാർപ്പിടനയം പരിഷ്ക്കരിക്കും. 2022ൽ തന്നെ പൂർണ്ണമായും ഇ‑ഗവേൺഡ് സംസ്ഥാനമായി കേരളം മാറുമെന്നും ഗവർണർ പറഞ്ഞു.

കേന്ദ്രത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ സഹകരണ ഫെഡറലിസത്തിന് എതിര്

കേന്ദ്ര സർക്കാർ നടത്തുന്ന പല നിയമനിർമ്മാണങ്ങളും സഹകരണ ഫെഡറലിസത്തിന് എതിരാണെന്ന വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനങ്ങളുമായി ഫലപ്രദമായ കൂടിയാലോചന ഇല്ലാതെ പല നിയമനിർമ്മാണങ്ങളും നടന്നു. ഇതു തുടരാൻ പാടില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഗവർണർ പറഞ്ഞു. കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളൊന്നും കേന്ദ്ര ബജറ്റിൽ അനുവദിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി. കേന്ദ്രവിഹിതത്തിലെ ഗണ്യമായ കുറവും കോവിഡിനെ തുടർന്നുണ്ടായ വരുമാനനഷ്ടവും കടം-ജിഡിപി അനുപാതം ഉയരാൻ ഇടയാക്കുന്നു. ധനകാര്യ കമ്മിഷനുകൾ സംസ്ഥാനങ്ങൾക്ക് വീതിക്കുന്ന കേന്ദ്ര നികുതി വിഹിതം ഗണ്യമായി കുറച്ചതും തിരിച്ചടിയായി.

പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് സംസ്ഥാനവിഹിതം 3.8 ശതമാനമായിരുന്നു. 14-ാം ധനകമ്മിഷന്റെ ഘട്ടത്തിൽ 2.5 ശതമാനത്തിലേക്ക് താഴ്ന്നു. 15-ാം ധനകാര്യ കമ്മിഷനില്‍ ഇത് 1.92 ശതമാനമാക്കി ചുരുക്കി. ജിഎസ്‌ടിയിലൂടെ കേരളത്തിന് ലഭിക്കേണ്ട 6,500 കോടി രൂപ നഷ്ടമാക്കി. ജൂണിനുശേഷം ജിഎസ്‌ടി നഷ്ടപരിഹാരം കൂടി ഇല്ലാതാക്കുമ്പോൾ 10,000 മുതൽ 12,000 കോടി രൂപവരെ നഷ്ടമാകും. കൂടാതെ അടുത്ത സാമ്പത്തികവർഷം റവന്യൂകമ്മി നികത്തുന്നതിനായി ഗ്രാന്റുകളും വെട്ടിച്ചുരുക്കുന്നതും നല്ലതല്ല. സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ നൽകുന്നതിൽ കേന്ദ്ര സർക്കാർ തലത്തിലുണ്ടായ നയംമാറ്റമാണ് കേരളത്തെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതെന്നും ഗവർണർ പറഞ്ഞു.

പ്രതിപക്ഷത്തിന് ശകാരം

രാഷ്ട്രീയ നാടകങ്ങൾ തുടർക്കഥയാക്കുന്ന ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതിപക്ഷത്തെ ശകാരിച്ചു. ‘ഗവർണർ ഗോ ബാക്ക്’ മുദ്രാവാക്യം വിളിയോടെയാണ് പ്രതിപക്ഷം ഗവർണറെ സ്വീകരിച്ചത്. ഭരണപക്ഷ അംഗങ്ങൾ നിശബ്ദതപാലിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം കേൾക്കാൻ താല്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിളിച്ചു പറഞ്ഞതോടെ ഗവർണർ ക്ഷുഭിതനായി. നിങ്ങൾ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷനേതാവാണ്. എല്ലാ കാര്യങ്ങളും ചർച്ചാ വേളയിൽ ചർച്ച ചെയ്യാൻ അവസരമുണ്ടെന്നും പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്നും ഗവർണർ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം വായിക്കേണ്ടത് ഭരണഘടനപരമായി തന്റെ ബാധ്യതയാണെന്നും അതു നിറവേറ്റുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഇതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി പ്രതിഷേധിച്ചു.

Eng­lish Summary:Fourth Ses­sion of the 5th Ker­ala Leg­isla­tive Assem­bly; LDF gov­ern­ment; Guide to the future
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.