കാലിന് ഒടിവുപറ്റിയ കുട്ടിക്ക് ചികിത്സ ലഭിച്ചില്ല

Web Desk
Posted on December 26, 2018, 8:26 pm
അമ്പലപ്പുഴ: കാലിന് ഒടിവുപറ്റിയ കുട്ടിക്ക് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ ലഭിച്ചില്ലെന്നു പരാതി. കായംകുളം കീരിക്കാട് അമ്മേലി വടക്കേതില്‍ സജീര്‍, സലീന ദമ്പതികളുടെ മകന്‍ മുഹമ്മദ് സഹദി (8) നാണ് ചികിത്സ നിഷേധിച്ചത്. ഞായറാഴ്ച വീടിനു മുന്നില്‍ വെച്ച് സ്‌കൂട്ടര്‍ തട്ടി പരിക്കേറ്റ കുട്ടിയെ കായംകുളത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. ഇവിടെ നടത്തിയ  എക്‌സ് റേ പരിശോധനക്കു ശേഷം കുട്ടിയുടെ കാലില്‍ തുണി ചുറ്റിവെച്ചു. തുടര്‍ന്ന് നിരീക്ഷണ മുറിയിലിരിക്കാന്‍ നിര്‍ദേശിച്ചു. പിന്നീട് ഡോക്ടറെത്തി എക്സറെ പരിശോധിച്ച ശേഷം കുട്ടിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ കുട്ടിക്ക് വേദന സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇന്ന് വീണ്ടും മെഡിക്കല്‍ കോളേജാശുപത്രിയിലെത്തി. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയില്‍ കുട്ടിയുടെ കാലിന് ഒടിവു പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യുകയായിരുന്നു.