Janayugom Online
Kolkata: England (White) and Chile (Red) players vie for the ball during their FIFA U-17 World Cup footbal match in Kolkata on Sunday. PTI Photo by Swapan Mahapatra(PTI10_8_2017_000166B)

ഗോള്‍മഴ പെയ്യിച്ച് ഫ്രാന്‍സ്: ചിലിയെ കീഴടക്കി ഇംഗ്ലണ്ട്

Web Desk

ഗുവാഹത്തി/കൊല്‍ക്കത്ത

Posted on October 08, 2017, 9:57 pm

ഗോള്‍മഴ പെയ്യിച്ച് ഫ്രാന്‍സ് തുടങ്ങി. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 7–1 നാണ് ന്യൂകാലിഡോണിയയെ ഫ്രാന്‍സ് മുട്ടുകുത്തിച്ചത്. കൊല്‍ക്കത്തയില്‍ ചിലിക്കെതിരെ എതിരില്ലാത്ത നാല് ഗോളിന് ഇംഗ്ലണ്ടും വമ്പന്‍ ജയം സ്വന്തമാക്കി.
ലാറ്റിനമേരിക്കയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ലോകകപ്പ് കളിക്കാനെത്തിയ ചിലിക്ക് യൂറോപ്യന്‍ ശക്തികളായ ഇംഗ്ലണ്ടിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതുവരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും സുന്ദരമായ ഫുട്‌ബോള്‍ ആയിരുന്നു ഇംഗ്ലണ്ട് പുറത്തെടുത്തത്. മാഞ്ചസ്റ്റര്‍ സിറ്റി യുവതാരം സാഞ്ചോയുടെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ട് വിജയത്തിന് കരുത്തായത്.
കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. കല്ലം ഹുഡ്‌സണാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ നേടിയത്. ചെല്‍സിയുടെ അണ്ടര്‍ 17 ടീമില്‍ അംഗമാണ് ഹുഡ്‌സണ്‍. രണ്ടാം പകുതി ആരംഭിച്ച് പത്തുമിനിറ്റ് പിന്നിട്ടപ്പോള്‍ ജോഡോ സാന്‍ജോയാണ് ഇംഗ്ലണ്ടിനായി രണ്ടാമത്തെ ഗോള്‍ നേടിയത്. 60ാം മിനുറ്റിലും സാന്‍ജോ ചിലിയന്‍ വല കുലുക്കി.
കളിയുടെ 80 ാം മിനുട്ടില്‍ ചിലി ഗോള്‍ കീപ്പര്‍ ചുവപ്പ് കണ്ട് പുറത്തായത് ലാറ്റിനമേരിക്കന്‍ ടീമിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ചിലിയുടെ മൂന്നു സബ്സ്റ്റിട്യൂഷനും കഴിഞ്ഞ സമയത്തായിരുന്നു ഗോള്‍കീപ്പര്‍ ചുവപ്പ് കണ്ടത്. ഇതോടെ ചിലി പത്താം നമ്പര്‍ താരം പ്രൊവോസ്റ്റെ ഗോള്‍കീപ്പര്‍ ജേഴ്‌സി അണിയേണ്ടി വന്നു. അവസാനമിനിട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വണ്ടര്‍ കിഡ് ഏഞ്ചല്‍ ഗോമസിന്റെ ഫ്രീ കിക്കിലൂടെ ഇംഗ്ലണ്ട് നാലാം ഗോളും നേടി.
ഫ്രാന്‍സിന്റെ ഗോള്‍മഴയ്ക്കാണ് ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ന്യൂ കാലഡോണിയന്‍ താരം ബെര്‍ണാര്‍ഡ് ഐവ നല്‍കിയ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് അക്കൗണ്ട് തുറന്നത്. തുടര്‍ന്ന് 20 ാം മിനിറ്റില്‍ അമിനി ഗുരിയിലൂടെ ഫ്രാന്‍സ് രണ്ടാം ഗോള്‍ നേടി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഫ്രഞ്ച് താരങ്ങള്‍ ഗോള്‍ നേടിയതോടെ സ്‌കോര്‍ ബോര്‍ഡില്‍ ഫ്രാന്‍സ് ബഹുദൂരം മുന്നിലായി. ആദ്യപകുതി അദ്യപകുതി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ബാക്കിനില്‍ക്കേ ന്യൂ കാലഡോണിയ വീണ്ടും സെല്‍ഫ് ഗോള്‍ വഴങ്ങി. ഇതോടെ ആദ്യപകുതി അവസാനിച്ചപ്പോള്‍ ഫ്രാന്‍സ് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.