ഫ്രാന്‍സിന്റെ കണ്ണുനീര്‍ കാണാതിരിക്കരുത്

Web Desk
Posted on October 18, 2017, 10:23 pm

പന്ന്യന്‍ രവീന്ദ്രന്‍

ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷിച്ചത് പോലെ കടുത്ത പോരാട്ടത്തിന്റെ വേദിയാകും. കൊണ്ടും കൊടുത്തും പരിചയമുള്ള പോരാളികളുടെ പിന്‍മുറക്കാരല്ലെ, പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പലതും ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു, ജപ്പാനും ഇംഗ്ലണ്ടും തമ്മില്‍ തുല്യതയോടെ പോരാടി. കരുത്തരായ ഇംഗ്ലണ്ടിനെ ഏഷ്യന്‍ പ്രതിനിധിയായ ജപ്പാന്‍ വര വരഞ്ഞു നിര്‍ത്തി. 90 മിനിട്ട് നേരം കളിച്ചിട്ടും സ്‌കോര്‍ബോര്‍ഡ് ശൂന്യം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തി.
സ്‌പെയിന്‍-ഫ്രാന്‍സ് മത്സരം വിവാദത്തിലെത്തി. അവസാന നിമിഷം റഫറിയുടെ തീരുമാനമാണ് പ്രശ്‌നം സൃഷ്ടിച്ചത്. അതും ലോംഗ് വിസിലിന് തൊട്ടുമുമ്പ് കൃത്യമായി പറഞ്ഞാല്‍ 89 മിനിട്ടും 48 സെക്കന്‍ഡും ആയപ്പോഴാണ് തീരുമാനം. പലപ്പോഴും റഫറിമാരുടെ തീരുമാനങ്ങള്‍ വിവാദമായിട്ടുണ്ടെങ്കിലും എടുത്ത തീരുമാനം മാറ്റിയ ചരിത്രമില്ല. ക്രിക്കറ്റിലെപോലെ വിഷ്വല്‍ റിപ്ലേ ചെയ്ത് തിരുത്താമെന്ന അഭിപ്രായം ശക്തമാണെങ്കിലും ഫിഫ പ്രതികരിച്ചിട്ടില്ല.
ഒരു പാടു പ്രതീക്ഷയുമായാണ് ഫ്രാന്‍സ് ഇന്ത്യയിലെത്തിയത്. കപ്പുമായി നാട്ടിലെത്താനാണ് മോഹിച്ചത്. പ്രാഥമിക മത്സരങ്ങളില്‍ മൂന്നിലും ജയമായിരുന്നു. പ്രതീക്ഷയുള്ള ടീമുകളുടെ നിരയില്‍ എത്തിച്ചേര്‍ന്നു. എഫ് ഗ്രൂപ്പില്‍ മുഴുവന്‍ പോയിന്റുമായി ജേതാക്കളായി. മൊത്തം 14 ഗോള്‍ നേടി 3 തിരിച്ചുവാങ്ങി. യൂറോപ്യന്‍ മേഖലയിലെ ശക്തരാണ് സ്‌പെയിന്‍. ആദ്യമത്സരത്തില്‍ ബ്രസീലിനോട് തോറ്റുവെങ്കിലും കരുത്തരാണ്. ആദ്യം നെറ്റ് ചലിപ്പിച്ചത് ഫ്രാന്‍സ് തന്നെ. 34-ാം മിനുട്ടില്‍. 10 മിനുട്ടില്‍ സമനില ഗോള്‍ വന്നു. 2 ടീമും ഒപ്പത്തിനൊപ്പം കളിച്ചു. സമനിലയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് പ്രതീക്ഷിച്ചിരിക്കെയാണ് വിവാദപെനാല്‍ട്ടി. ഫ്രാന്‍സ് ഗോള്‍ പോസ്റ്റിലേക്ക് ഓടിക്കയറിയ സ്‌പെയിന്‍ സ്‌ട്രൈക്കര്‍ ഹൊസൈലാറക്കെതിരെ ഫ്രാന്‍സ് ഡിഫന്‍ഡര്‍ ഓമര്‍ സോളഫൗള്‍ ചെയ്തുവെന്നാണ് ക്ലെയിം. റഫറി പൊടുന്നനെ പെനാല്‍ട്ടി സ്‌പോട്ടിലേക്ക് കൈചൂണ്ടി. പക്ഷെ ഫ്രാന്‍സ് ഡിഫന്റര്‍ ഫൗള്‍ ചെയ്തല്ല വീണതെന്ന് റീപ്ലേ സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ റഫറിയുടെ തീരുമാനം മാറ്റാനൊക്കില്ല. വിവാദ പെനാല്‍ട്ടി ഗോളാക്കി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ കടന്നു.
ഫ്രാന്‍സ് ഇത്തവണ യുവലോകകപ്പ് മോഹിച്ചതില്‍ അവരെ കുറ്റപ്പെടുത്തരുത്. കാരണം അവര്‍നല്ല ഒത്തിണക്കമുള്ള ടീമുമായി വന്നവരാണ്. ഒടുവില്‍ ഗുഹാവത്തി സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് കളിക്കാര്‍ കണ്ണീര്‍ വീഴ്ത്തിയാണ് മടങ്ങിയത്.
റഫറിമാരുടെ തീരുമാനങ്ങള്‍ മുമ്പും വിവാദമായിട്ടുണ്ട്. ലോക പ്രസിദ്ധനായ മറഡോണയുടെ വീവാദ ഗോള്‍ ചരിത്രത്തിന്റെ ഭാഗമാണ്. 1986‑ല്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. മറഡോണ തിളങ്ങുന്ന കാലം. പെലെക്കു ശേഷം ആരാണെന്ന ചര്‍ച്ചയില്‍ മറഡോണയുടെ പേര് സജീവം. ഇംഗ്ലണ്ടും അര്‍ജന്റീനയും ക്വാര്‍ട്ടര്‍ ഫൈനലിലാണ് കൊമ്പു കോര്‍ത്തത്. രണ്ടാം പകുതിയുടെ ആറാമത്തെ മിനിട്ടില്‍ മറഡോണയും കൂട്ടുകാരനായ ജോര്‍ഗോ വര്‍ഗോനോയും ചേര്‍ന്ന് നടത്തിയ ശക്തമായ മുന്നേറ്റം ഇംഗ്ലണ്ടിന്റെ ഡിഫന്റര്‍മാരെ കബളിപ്പിച്ചു മുന്നേറുമ്പോള്‍ തട്ടിത്തെറിച്ചുവന്ന പന്ത് അവരുടെ ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷിട്ടര്‍ മാത്രം മുന്നില്‍ നിലനില്‍ക്കെ മറഡോണ വലയിലെത്തിക്കുന്നു. മത്സരത്തിലെ ആദ്യഗോളിന്റെ ആവേശത്തില്‍ പതിനായിരങ്ങള്‍ ആര്‍ത്തുവിളിക്കുമ്പോള്‍ മറഡോണ പന്ത്‌കൈ കൊണ്ട് തട്ടി പോസ്റ്റിലാക്കിയതാണെന്നും ഇംഗ്ലണ്ട് കളിക്കാര്‍ പരാതിപ്പെട്ടു. റഫറി ഗോളാണെന്ന വിധിയില്‍ ഉറച്ചു നിന്നു. കളിയില്‍ ഒരു മനോഹര ഗോള്‍ പ്രായശ്ചിത്തമായി നേടി മറഡോണ കയ്യടി നേടി. അര്‍ജന്റീന ജയിച്ചു. കളികഴിഞ്ഞു പുറത്തുന്ന മറഡോണ വിവാദ ഗോളിനെക്കുറിച്ച് പറഞ്ഞത് ദൈവത്തിന്റെ കയ്യും എന്റെ തലയും എന്നാണ്. അദ്ദേഹം ഗോളിനെ ന്യായീകരിച്ചില്ല.
എതിര്‍ കളിക്കാരന്‍ സ്വന്തം കാലുതട്ടി വീണതിന് പെനാല്‍ട്ടി ശിക്ഷയായി വാങ്ങേണ്ടിവന്ന ഫ്രാന്‍സ് കളിക്കാരോട് സഹതപിക്കാം. ഇതുപോലുള്ള തെറ്റ് ആവര്‍ത്തിക്കാനുള്ള നടപടി ഇനിയെങ്കിലും വൈകരുത്.