റഫാല്‍: അനില്‍ അംബാനിക്ക് നികുതിയിളവുമായി ഫ്രഞ്ച് സര്‍ക്കാര്‍ 1100 കോടി നല്‍കി

Web Desk
Posted on April 13, 2019, 11:01 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 മില്യണ്‍ യൂറോ (ഏകദേശം 1100 കോടി) നികുതിയിളവ് നല്‍കിയതായി വെളിപ്പെടുത്തല്‍. ഫ്രഞ്ച് ദിനപ്പത്രമായ ലെ മോണ്ടെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ‘റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്’ കമ്പനി 2007 മുതലുള്ള കാലയളവില്‍ 158 മില്യണ്‍ യൂറോ നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. നികുതിയിളവ് വേണമെന്ന് ആവശ്യപ്പെട്ട് അംബാനി നിരവധി തവണ ഫ്രഞ്ച് സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്നാല്‍ 2015ല്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ നരേന്ദ്ര മോഡി ഫ്രാന്‍സുമായി കരാറൊപ്പിട്ടപ്പോള്‍ ഇതിന്റെ ഓഫ്‌സെറ്റ് പാര്‍ട്ണറായി ചേര്‍ത്തിരുന്നത് അനില്‍ അംബാനിയുടെ കമ്പനിയെയാണ്. ഇതിനുശേഷം ഫ്രഞ്ച് സര്‍ക്കാരില്‍ നിന്നും നികുതിയിളവ് ലഭിക്കുകയായിരുന്നു.

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്. നികുതി വെട്ടിപ്പിന് ഈ കമ്പനി ഫ്രാന്‍സില്‍ അന്വേഷണം നേരിടുന്ന സമയത്താണ് റഫാല്‍ ഇടപാട് നടന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ദുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 14.37 കോടി യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 73 ലക്ഷം യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

അനില്‍ അംബാനിയുടെ കമ്പനി 2007–2010 കാലയളവില്‍ 60 മില്യണ്‍ യൂറോയുടെ നികുതി വെട്ടിച്ചതായി ഫ്രഞ്ച് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്പനിക്കെതിരെ ഫ്രഞ്ച് സര്‍ക്കാര്‍ നിയമനടപടികള്‍ ആരംഭിച്ചു. ഏഴ് മില്യണ്‍ യൂറോ അടച്ച് കേസ് നടപടികള്‍ തീര്‍ക്കാമെന്ന് അനില്‍ അംബാനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല. കമ്പനിക്കെതിരെ കേസുമായി മുന്നോട്ട് പോകാനായിരുന്നു ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനി 2010 ‑12 കാലയളവില്‍ 91 മില്യണ്‍ യൂറോയുടെ തട്ടിപ്പ് കൂടി നടത്തിയതായി കണ്ടെത്തി. ഇതോടെ തിരിച്ചടയ്‌ക്കേണ്ട തുക 151 മില്യണ്‍ യൂറോയായി ഉയര്‍ന്നു.

ഇതിനിടയിലാണ് 2015ല്‍ ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍ നിന്നും 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെളിപ്പെടുത്തുന്നത്. ഇതില്‍ 30,000 കോടിയുടെ ഓഫ്‌സെറ്റ് പാര്‍ട്ണര്‍ ആയി അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തി.
കരാറിനെക്കുറിച്ചുള്ള പ്രഖ്യാപനം വന്ന് ആറ് മാസത്തിനുള്ളില്‍ അനില്‍ അംബാനിയുടെ നികുതി കുടിശികയില്‍ 143.7 മില്യണ്‍ യൂറോ ഇളവ് ചെയ്യുകയും 7.6 മില്യണ്‍ യൂറോ സ്വീകരിച്ച് കേസ് നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ജൂലിയന്‍ ബോയ്‌സോ ആരോപിക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ച് വ്യക്തമായ പ്രവര്‍ത്തന പരിചയം ഇല്ലാത്ത കമ്പനിക്ക് ഓഫ്‌സെറ്റ് കരാര്‍ നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണത്തിനിടെയാണ് അംബാനിയുടെ കമ്പനിക്ക് വന്‍ നികുതിയിളവ് നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയെ കരാറില്‍ പങ്കാളിയാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതേസമയം അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 ദശലക്ഷം യൂറോയുടെ നികുതിയിളവ് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും റഫാല്‍ ഇടപാടും തമ്മില്‍ ബന്ധമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇടപാട് നടന്ന സമയത്തല്ല കമ്പനിക്ക് നികുതിയിളവ് ലഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്നും പ്രതിരോധമന്ത്രാലയം വിശദീകരിച്ചു.