Web Desk

കോട്ടയം

March 16, 2020, 11:30 am

ബലാത്സംഗ കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി

Janayugom Online

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജി കോടതി തള്ളി. ഫ്രാങ്കോ വിചാരണ നേരിടണമെന്നും കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി പറഞ്ഞു. മാധ്യമങ്ങളെ വിലക്കണമെന്ന ഫ്രാങ്കോയുടെ ഹർജി 24 ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിചാരണ കൂടാതെ കേസിൽ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഫ്രാങ്കോയുടെ ഹർജിയിലെ ആവശ്യം. ഇരയായ കന്യാസ്ത്രീയുടെ പരാതിയും മൊഴിയും വിശ്വസനീയമല്ലെന്നും ബലാൽസംഗം ചെയ്തു എന്ന് ആരോപിക്കുന്ന തീയതികൾ കൃത്രിമമാണെന്നും പ്രതിഭാഗം വാദിച്ചു. ബലാൽസംഗത്തിന് ശേഷവും പ്രതിയും ഇരയും ഒരുമിച്ച് പരിപാടികളിലും യാത്രകളിലും പങ്കെടുത്തിട്ടുണ്ടെന്നും ബിഷപ്പ് കന്യാസ്ത്രീ മഠത്തിന്റെ അധികാരി അല്ലെന്നും പ്രതിഭാഗം പറഞ്ഞു.

സാക്ഷികൾ സഭയ്ക്ക് എതിരെ നിൽക്കുന്നവർ ആണ്. അവരെ വിശ്വസിക്കുവാൻ പാടില്ല തുടങ്ങിയ വാദങ്ങൾ ആണ് പ്രതിഭാഗം വിടുതൽ ഹർജിയിൽ പ്രധാനമായും ഉന്നയിച്ചത്. എന്നാൽ ഇരയായ കന്യാസ്ത്രീ താൻ നൽകിയ പരാതിയിലും പൊലീസിന് നൽകിയ മൊഴികളിലും മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴികളിലും കൃത്യതയും വ്യക്തതയുമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുറവിലങ്ങാട്ട് പള്ളി വികാരി മുതൽ മാർപ്പാപ്പ വരെയുള്ള സഭ മേലധികാരികൾക്ക് വിവിധ പരാതികൾ നൽകിയതിന്റെ തെ­ളിവുകൾ കോടതി മു­മ്പാകെ അക്കമിട്ട് ചാ­ർജിനോടൊപ്പം ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമാണെന്നും മെ­ഡിക്കൽ റിപ്പോർട്ട് ബലാൽസംഗം നടന്ന കാര്യം സാധൂകരിക്കുന്നതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മറ്റ് സാക്ഷികൾ പൊലീസിന് കൊടുത്ത മൊഴിയിലും മജിസ്ട്രേറ്റിന് കൊടുത്ത മൊഴികളിലും കേസ്സിന് ആസ്പദമായ സംഗതികൾ കൃത്യമായി പ്രതിപാദിക്കുന്നുണ്ടെന്നും കന്യാസ്ത്രീക്കെതിരെയും അവരെ പിന്തുണയ്ക്കുകയും ചെയ്ത സാക്ഷികൾക്ക് എതിരെയും പ്രതിയായ ബിഷപ്പ് തന്റെ അധികാരം ഉപയോഗിച്ച് എടുത്ത പ്രതികാര നടപടിയുടെ തെളിവുകൾ കോടതി മുമ്പാകെ സമർപ്പിച്ചിട്ടുണ്ടന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രവൃത്തികൾ ഒരു ബിഷപ്പിന് യോജിച്ചതല്ലായിരുന്നുവെന്നും ആദ്ധ്യാത്മിക ഉന്നമനം അല്ല ലൈംഗിക താല്പര്യം മുൻനിർത്തിയുള്ള പ്രവൃത്തികൾ ആണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സാക്ഷിമൊഴികൾ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന ആവശ്യം നിലനിൽക്കുന്നതല്ലെന്നും സാക്ഷിമൊഴികൾ കൊണ്ടും റിക്കാർഡുകൾ കൊണ്ടും കേസ്സ് നിലനിൽക്കുന്നതാണെന്നും പ്രതിക്ക് എതിരെ കുറ്റം ചാർത്തി ഉടനെ വിചാരണ പൂർത്തീകരിക്കണമെന്നും പ്രാേസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് വിടുതൽ ഹർജി കോടതി തള്ളിയത്.

കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന വകുപ്പുകളെല്ലാം നിലനിൽക്കും. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന അഞ്ച് കുറ്റങ്ങളാണ് പ്രതിയായ ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ അഞ്ച് വർഷം മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് വിലക്കണമെന്ന ഹർജി കോടതി 24 ലേക്ക് മാറ്റി. അപകീർത്തിപരമായ രീതിയിൽ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു എന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. രഹസ്യമായാണ് കോടതി ഇപ്പോൾ കേസിൽ വാദം കേൾക്കുന്നത്. മുതിർന്ന അഭിഭാഷകനായ ബി രാമൻപിള്ള ഫ്രാങ്കോ മുളയ്ക്കലിനായി ഹാജരായി. കഴിഞ്ഞ ആറു തവണയും കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ കോടതിയിൽ ഹാജരായിരുന്നില്ല. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് പുറമേ നാല് ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും രഹസ്യമൊഴി രേഖപ്പെടുത്തിയ ഏഴ് മജിസ്ട്രേറ്റുമാരും കേസിൽ പ്രധാന സാക്ഷികളാണ്.

Eng­lish sum­ma­ry: fran­co mulaykkal case updates

YOU MAY ALSO LIKE THIS VIDEO