Web Desk

കൊച്ചി

June 16, 2020, 9:23 pm

ഫ്രാങ്കോ മുളയ്ക്കൽ ഹർജി നൽകിയത് കേസ് നീട്ടിക്കൊണ്ടുപോകാനെന്ന് സർക്കാർ

Janayugom Online

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ തനിക്കെതിരെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നു കാണിച്ച് സമർപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിക്കെതിരേ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്നും രഹസ്യമൊഴികളും തെളിവുകളും ബിഷപ്പിന് എതിരാണെന്നും സർക്കാർ വാദം നിരത്തി. ഫ്രാങ്കോ മുളയ്ക്കൽ വിടുതൽ ഹർജി നൽകിയത് കേസ് നീട്ടിക്കൊണ്ടുപോകാനാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി നടപടി ചോദ്യം ചെയ്ത് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച റിവിഷൻ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് വിശദമായ വാദത്തിനായി മാറ്റി. ഈ മാസം 26ന് ഹർജി വീണ്ടും പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ പരാതിക്കാരിയായ കന്യാസ്ത്രീയും അപേക്ഷ നൽകിയിട്ടുണ്ട്.
എന്നാൽ കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്.

eng­lish sum­ma­ry: fran­co mulakkal’s har­ji for delay­ing case: ker­ala govt. in high court

you may also like this video: