കാര്‍ട്ടൂണ്‍ വിവാദമായ സാഹചര്യത്തില്‍ പുരസ്‌കാരം പുനപരിശോധനയ്ക്ക് വിധേയമാക്കും; മന്ത്രി

Web Desk
Posted on June 14, 2019, 2:54 pm

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് പ്രഖ്യാപനം വിവാദമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയത്തെ അംഗീകരിക്കുമ്പോഴും അതില്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുകയാണെന്നും ഇതു സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ‘കാര്‍ട്ടൂണ്‍ ഓണറബിള്‍ മെന്‍ഷന്‍’ ലഭിച്ച കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്റെ ‘പുലിപ്പാല്‍’ എന്ന കാര്‍ട്ടൂണില്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും മറ്റും ചിത്രീകരിച്ചിട്ടുണ്ട്. അതെല്ലാം രാഷ്ട്രീയ സഹിഷ്ണുത പാലിച്ചുകൊണ്ടും ആവിഷ്‌കാര സ്വാതന്ത്ര്യം മാനിച്ചുകൊണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട വിഷയമാണ് വിവാദമായ കാര്‍ട്ടൂണിന്റെ പ്രമേയം. അത്തരത്തില്‍ ഒരു പ്രമേയത്തെ അധികരിച്ച് ഒരു രചന നിര്‍വ്വഹിക്കുന്നതിനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. പക്ഷെ, ക്രിസ്തീയ മതാചാര പ്രകാരമുള്ള ചില മതചിഹ്നങ്ങളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്ന ചില ഭാഗങ്ങള്‍ കൂടി പ്രസ്തുത കാര്‍ട്ടൂണിലുണ്ട്. ഇതിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒത്തൊരുമയോട് കൂടി സമാധാനപരമായി ജീവിച്ചുപോരുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ഒരു മതത്തിന്റെയും വിശ്വാസങ്ങളെ ഹനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത്തരം നീക്കങ്ങള്‍ ഏത് ഭാഗത്തുനിന്നുണ്ടായാലും സര്‍ക്കാര്‍ അതിനോടൊപ്പ മുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

സീനിയര്‍ കാര്‍ട്ടൂണിസ്റ്റുകളായ പി വി കൃഷ്ണന്‍, സുകുമാര്‍, മധു ഓമല്ലൂര്‍ എന്നിവിരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് കാര്‍ട്ടൂണ്‍ പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. സംസ്ഥാന സര്‍ക്കാരിന് കീഴിലെ അക്കാദമികള്‍ എല്ലാം സ്വതന്ത്രമായ രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരുവിധത്തിലുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടത്താറില്ല. അവാര്‍ഡ് നിര്‍ണയം പോലെയുള്ള സുപ്രധാനമായ പരിപാടികളും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഏറ്റവും നിക്ഷ്പക്ഷവും സുതാര്യവുമായാണ് നടത്തിവരുന്നത്.

YOU MAY ALSO LIKE THIS