Saturday
19 Oct 2019

മോഡി ഭരണത്തില്‍ ബാങ്കുകളിലെ കിട്ടാക്കടവും തട്ടിപ്പും പെരുകി

By: Web Desk | Tuesday 12 June 2018 9:57 PM IST


  • നേട്ടം കോര്‍പ്പറേറ്റുകള്‍ക്ക്, ദുരിതം നിക്ഷേപകര്‍ക്കും

ബേബി ആലുവ

കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടവും തട്ടിപ്പും പെരുകിയത് നരേന്ദ്ര മോഡിയുടെ ഭരണത്തിലെന്ന് കണക്കുകള്‍. 2014 മേയ് മുതല്‍ നാലുവര്‍ഷത്തിനുള്ളില്‍ കിട്ടാക്കടം മൂന്നര ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. തട്ടിപ്പും ഏതാണ്ട് അതേ അവസ്ഥയില്‍.

2017 മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും കൂടി കിട്ടാക്കടം 7.24 ലക്ഷം കോടി രൂപയാണെന്നാണ് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തുന്നു. 2014 മാര്‍ച്ചില്‍ ഇത് 2.17 ലക്ഷം കോടി മാത്രമായിരുന്നു. നരേന്ദ്ര മോഡി അധികാരമേറ്റശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ ഏതാണ്ട് മൂന്നരയിരട്ടി വര്‍ദ്ധനയാണ് കിട്ടാക്കടത്തിന്റെ കാര്യത്തിലുണ്ടായത്. സ്വകാര്യ ബാങ്കുകളിലെ കണക്ക് വേറെയുണ്ട്.

എസ്ബിടി അടക്കമുള്ള അസ്സോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും ലയിപ്പിച്ചതോടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന എസ് ബി ഐ തന്നെയാണ് കിട്ടാക്കടത്തിലും മുമ്പന്‍. ബാങ്ക് ഓഫ് ഇന്ത്യ, ഐ ഡി ബി ഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ പിന്നിലായുണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ആര്‍ ബി ഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേ സമയം, ലിസ്റ്റ് ചെയ്യപ്പെട്ട 37 പൊതു-സ്വകാര്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 9.81 ലക്ഷം കോടിയാണെന്ന് ആര്‍ ബി ഐ യുടെ മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്. ഈ ബാങ്കകളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാത്രം കിട്ടാക്കടം 1.3 ലക്ഷം കോടി കവിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ടായി രുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ 14-15 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിംഗ് മേഖലയിലെ ആകെനിഷ്‌ക്രിയ ആസ്തി 3.22 ലക്ഷം കോടിയായിരുന്നെങ്കില്‍ 15 – 16 ല്‍ അത് 7.64 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നു. ഒറ്റ വര്‍ഷം കൊണ്ട് 4.42 ലക്ഷം കോടിയുടെ വര്‍ദ്ധനവ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ബാങ്ക് ലയനം പെരുകുന്ന കിട്ടാക്കടം തടയാന്‍ എന്ന പേരിലായി രുന്നു .ആ നടപടി കൊണ്ടും കിട്ടാക്കടത്തിന്റെ കുതിപ്പ് തടയാനായില്ലെന്ന് ആധികാരിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ – യുടെ നഷ്ടം 6, 547 കോടി രൂപയാണ്. കിട്ടാക്കടത്തിന്റെ പേരുപറഞ്ഞ് ബാങ്ക് ഓഫ് ബറോഡ, ഐ ഡി ബി ഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നീ പൊതുമേഖല ബാങ്കുകളെക്കൂടി സംയോജിപ്പിക്കാനാണ് നീക്കം. 16.58 ലക്ഷം കോടിയുടെ ആസ്തി വകകളുള്ള ഈ ബാങ്കുകളുടെ ലയനം സാദ്ധ്യമായാല്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമെന്ന പദവി ലഭിക്കും.അതോടൊപ്പം, അവയുടെ ആസ്തിവകകളുടെ വില്‍പ്പനയ്ക്കും ശാഖകളുടെ അടച്ചുപൂട്ടലിനും ആയിരക്കണക്കായ ജീവനക്കാരുടെ തൊഴില്‍ നഷ്ടത്തിനും അതിടയാക്കും. മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ കിട്ടാക്കടം പെരുകുന്നത് തടയാനായില്ലെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ വായ്പകള്‍ തരപ്പെടുത്താന്‍ അതിലൂടെ കഴിയും.17 – 18-ല്‍ നാലു ബാങ്കകളുടെയും കൂടി നഷ്ടം 21,646.38 കോടി രൂപയായിരുന്നു.

ദുര്‍ബല വിഭാഗത്തില്‍പ്പെടുത്തിയ, കിട്ടാക്കടം പെരുകുന്ന എട്ട് ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം നീക്കം നടത്തിയിരുന്നു.15 ശതമാനത്തിലധികം കിട്ടാക്കടമുണ്ടായിരുന്ന ഐ ഡി ബി ഐ ബാങ്ക്, യൂക്കോബാങ്ക്, യു ബി ഐ ,ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയായിരുന്നു സ്വകാര്യവത്കരണത്തിന്റെ പട്ടികയില്‍ വന്നവ. പൊതുമേഖലാ ബാങ്കുകളുടെ അടിത്തറ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടിയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചതിനു പിന്നാലെ, ബാങ്കുകളുടെ സ്വകാര്യവത്കരണ – ലയന നടപടികള്‍ സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ കൈകാര്യം ചെയ്യാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അദ്ധ്യക്ഷനും മന്ത്രിമാരായ പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ അംഗങ്ങളുമായി ഒരു സമിതി രൂപവത്കരിച്ചിരുന്നു.എന്നാല്‍, സര്‍ക്കാര്‍ ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ സുഗമമാകാത്തത് സ്വകാര്യവത്കരണ നീക്കങ്ങളുടെ വേഗത കുറച്ചിരിക്കുകയാണ്.ഐ ഡി ബി ഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവയെ നാലു ബാങ്കുകളുടെ ലയന പട്ടികയില്‍ പെടുത്തി.വിജയ ബാങ്കും ദേനാ ബാങ്കും തമ്മില്‍ ലയിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്നീട് നിലച്ചു.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നാലു വര്‍ഷത്തിനിടയില്‍ 77,521 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകള്‍ നടന്നതായാണ് ആര്‍ ബി ഐ-യുടെ മറ്റൊരു വെളിപ്പെടുത്തല്‍. യു പി എ സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകളില്‍ നടന്നത് 22,000 കോടി രൂപയുടെ തട്ടിപ്പായിരുന്നു. മോഡി ഭരണത്തില്‍ അത് 55,000 കോടിയുടെ വ്യത്യാസത്തിലേക്കുയര്‍ന്നു. ഇതില്‍ 88 ശതമാനവും പൊതുമേഖലാ ബാങ്കുകളില്‍ നടന്ന തട്ടിപ്പുകളാണ്.നഷ്ടം 68,350 കോടി. ഈ വകയില്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നു ചോര്‍ന്നത് 7, 744 കോടി മാത്രം.നാലു വര്‍ഷത്തിനുള്ളില്‍ 9,183 കേസ്സുകളും രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ വര്‍ഷം പൊതുമേഖലാ ബാങ്കുകളിലെ 500 അക്കൗണ്ടുകള്‍ പരിശോധിച്ച ആര്‍ ബി ഐ സമിതി വായ്പ തിരിച്ചടക്കാത്ത 12 വന്‍കിട സ്ഥാപനങ്ങളുടെ പേരുവിവരം പുറത്തുവിട്ടിരുന്നു. മൊത്തം കിട്ടാക്കടത്തില്‍ രണ്ടര ലക്ഷം കോടിയിലേറെ തുക ഈ സ്ഥാപനങ്ങളൂടേത് മാത്രമാണ്. നിക്ഷേപകരുടെ പണമെല്ലാം കോര്‍പ്പറേറ്റുകള്‍ക്കും ദുരിതമെല്ലാം നിക്ഷേപകര്‍ക്കും എന്ന രീതിക്ക് അടിവരയിടാന്‍ ബാങ്കിംഗ് മേഖലയില്‍ അടുത്ത കാലത്ത് ഒരു പരിഷ്‌കരണ നടപടിക്ക് കേന്ദ്രം ശ്രമം നടത്തിയിരുന്നു. ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും മറ്റും നിക്ഷേപകര്‍ക്ക് പണത്തിനു പകരം, അഞ്ചു വര്‍ഷത്തേക്ക് ബോണ്ടുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നു നിഷ്‌കര്‍ഷിക്കുന്ന ഫിനാന്‍ഷ്യല്‍ റെസലൂഷന്‍ ആന്റ ഡിപ്പോസിറ്റ് ഇന്‍ഷ്വൂറന്‍സ് ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനായിരുന്നു നീക്കം. പ്രതിഷേധം ശക്തമായതോടെ, നിക്ഷേപകരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ച ബില്‍ സര്‍ക്കാര്‍ തത്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.

Related News