എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി ആറു ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍

Web Desk
Posted on January 30, 2019, 9:31 pm

വടകര: എൻ ആർ ഐ ക്വാട്ടയിൽ എം ബി ബി എസ്സിന് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു
കോടി ആറു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ
കണ്ണാടിപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം തളിയിൽ വി വി സുധീപിനെ(30) യാണ് വടകര സി ഐ ടി മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള
സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ബംഗലുരു മുല്ലൂരിൽ വാടകയ്ക്ക്
താമസിച്ചു വരികയായിരുന്ന പ്രതിയെ വരദൂർ പൊലീസിന്റെ സഹായത്തോടെയാണ് വടകര
പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വടകര കരിമ്പനപ്പാലം ചുള്ളിയിൽ ജയദേവന്റെ പരാതി പ്രകാരമാണ് 2018 നവംബർ ഒന്നിന് നൽകിയ പരാതിയിലാണ് അറസ്റ്റ്. ജയദേവന്റെ മകന് എൻ ആർ ഐ ക്വാട്ടയിൽ എം ബി ബി എസ്സിന് സീറ്റ് ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതി ഒരു കോടി പതിനേഴ് ലക്ഷം രൂപ
കൈക്കലാക്കിയിരുന്നു. ഇതിനായി സർട്ടിഫിക്കറ്റുകളുടെ കോപ്പിയും വാങ്ങിച്ചു. പിന്നീട് സീറ്റ് ലഭിക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാമെന്ന് പറയുകയും 50 ലക്ഷം രൂപയുടെ ആറു വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റുകളും, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ വ്യാജ എക്‌നോളജ്‌മെന്റ് റീഫണ്ട് റസീറ്റുകളും അന്യായക്കാരന് പ്രതി നൽകുകയായിരുന്നു.

പണം  ലഭിക്കാതായതോടെ അന്യായക്കാരൻ നിരന്തരം ശല്യപ്പെടുത്തിയതോടെ ഇതിൽ 11 ലക്ഷം രൂപ പ്രതി തിരികെ നൽകിയിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14  ദിവസത്തേക്ക് റിമാൻഡ് ചെയ്തു.