Janayugom Online
tribal project

‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതിയില്‍ വന്‍ക്രമക്കേട്

Web Desk
Posted on December 03, 2018, 10:32 pm

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ എന്ന പേരില്‍ ആദിവാസികള്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ ആവിഷ്‌കരിച്ച പദ്ധതി പാളി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നടത്തിപ്പില്‍ വന്‍ക്രമക്കേട് നടന്നതായി നിയമസഭാ സമിതി കണ്ടെത്തി. പദ്ധതി നടത്തിപ്പിന് അനുവദിച്ച 175 കോടി രൂപയില്‍ 39 ശതമാനം മാത്രമാണ് ചെലവിട്ടത്. പദ്ധതി ആനുകൂല്യത്തിനായി കണ്ടെത്തിയ 10,517 പേരില്‍ 6,777 പേര്‍ക്കാണ് ഭൂമി നല്‍കിയത്.
ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം പല കരാറുകാരും മുങ്ങിയതായും വി ഡി സതീശന്‍ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തി. ഒരേക്കറിലധികം ഭൂമിയില്ലാത്തവരും ഭൂരഹിതരുമായ ആദിവാസികള്‍ക്ക് ഒന്നു മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി നല്‍കി 300 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത വീട് നിര്‍മ്മിച്ചു നല്‍കുന്നതാണ് ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതി. പണി തുടങ്ങിയ 2,376 വീടുകളില്‍ 1059 എണ്ണം മാത്രമാണ് പൂര്‍ത്തിയായത്. 396 വീടുകളുടെ പണി തുടങ്ങിയതേയില്ല. 152 കോടി രൂപ ചെലവിട്ടു.
വയനാട് ജില്ലയില്‍ 997 പേര്‍ക്ക് ഭൂമി നല്‍കി. 4,913 പേര്‍ക്ക് ഭൂമി നല്‍കാനുണ്ട്. രണ്ട് തവണയായി 50 കോടിരൂപ അനുവദിച്ചു. പണം ഉപയോഗിക്കാതെ ട്രഷറി സേവിങ്‌സ് ബാങ്കില്‍ കിടക്കുന്നു. പാലക്കാട് ജില്ലയില്‍ പത്ത് കുടുംബങ്ങള്‍ക്കായി 4.44 ഏക്കര്‍ ഭൂമി നല്‍കി. അര്‍ഹരായി കണ്ടെത്തിയ 1,836 പേര്‍ക്ക് ഭൂമി നല്‍കിയില്ല. അര്‍ഹരെന്ന് കണ്ടെത്തിയ ഇടുക്കി ജില്ലയിലെ 1,402 കുടുംബങ്ങളില്‍ 949 പേര്‍ക്കാണ് ഭൂമി നല്‍കിയത്. 6,777 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയെങ്കിലും 1,276 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് 2012 മുതല്‍ 2016 വരെ പൂര്‍ത്തീകരിച്ചത്. വീടുകളുടെ നിര്‍മ്മാണത്തിനായി ചെലവിട്ട പണത്തിന്റെ കണക്കുകള്‍ ലഭ്യമല്ല. അര്‍ഹരായവരെ കണ്ടെത്തുന്നതിലും നടപടിക്രമങ്ങള്‍ പാലിച്ചില്ല.
വയനാട് ജില്ലയിലെ പനമരം എസ്‌സി/എസ്ടി ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് 24.05 ലക്ഷം രൂപ 149 വീടുകള്‍ നിര്‍മ്മിക്കുന്നതിനായി നല്‍കിയെങ്കിലും ഒരു വീടും നിര്‍മ്മിച്ചില്ല. മേല്‍ക്കൂരകളുടെ ചോര്‍ച്ച, വാതിലുകളുടെയും ജന്നലുകളുടെയും തകര്‍ച്ച തുടങ്ങിയവ കാരണം പല വീടുകളും ഉപയോഗയോഗ്യമല്ല. നിര്‍മ്മിച്ച പല വീടുകള്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 1,059 വീടുകളില്‍ 873 വീടുകള്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല. അര്‍ഹരായ ഉപഭോക്താക്കളെ കണ്ടെത്തുന്നതിലും വീഴ്ച നടന്നതായി കമ്മിറ്റി കണ്ടെത്തി.
മുല്ലക്കര രത്‌നാകരന്‍, ഐഷാപോറ്റി, എ എം ആരിഫ്, പി കെ ബഷീര്‍, ജയിംസ് മാത്യു, കെ കൃഷ്ണന്‍ കുട്ടി, കെ കുഞ്ഞിരാമന്‍, കെ മുരളീധരന്‍, എ പ്രദീപ്കുമാര്‍, റോഷി അഗസ്റ്റിന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.