പി ആർ റിസിയ

തൃശൂർ

July 12, 2021, 7:39 pm

‘കോവിൻ’ ആപ്പിലെ പിഴവിന്റെ മറവില്‍ തട്ടിപ്പ് വ്യാപകം

Janayugom Online

കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ‘കോവിൻ’ ആപ്പിൽ നിന്നും വ്യക്തിഗത തിരിച്ചറിയൽ രേഖകൾ ചോരുന്നു. ആപ്പിൽ നിന്നും ആധാർ അടക്കമുളള തിരിച്ചറിയൽ രേഖകളുടെ നമ്പർ മോഷ്ടിച്ച് വ്യാജൻമാർ വാക്സിനേഷനായി രജിസ്റ്റർ ചെയ്യുന്ന സംഭവങ്ങൾ പുറത്തു വരുന്നു. പിഴവ് മുതലെടുത്ത് രാജ്യവ്യാപക തട്ടിപ്പ് നടക്കുന്നതായി സംശയമുയർന്നിട്ടുണ്ട്. ആധാർ അടക്കമുളള തിരിച്ചറിയൽ രേഖകളുടെ നമ്പർ മറ്റു രീതിയിൽ ദുരുപയോഗപ്പെടുന്നത് സംബന്ധിച്ച് വ്യക്തതയില്ല.

രജിസ്ട്രേഷനായി നൽകുന്ന തിരിച്ചറിയൽ രേഖ രജിസ്റ്റർ ചെയ്യുന്ന ആളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുളള മാർഗം ‘കോവിൻ’ ആപ്പിൽ ഇല്ലെന്ന പരിമിതിയാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. ആധാറും പാൻകാർഡും വോട്ടർ ഐഡിയുമടക്കം എട്ട് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പക്ഷേ രജിസ്റ്റർ ചെയ്യുന്ന തിരിച്ചറിയൽ രേഖയുടെ നമ്പരും രജിസ്റ്റർ ചെയ്യുന്നയാളും തമ്മിൽ ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. നിലവിൽ വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സൈറ്റുകളിൽ പ്രവേശിക്കുമ്പോഴാണ് പലരും തങ്ങളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് മറ്റൊരാൾ രജിസ്ട്രേഷൻ നടത്തിയതായി അറിയുന്നത്. ഇതോടെ സാധുവായ മറ്റ് രേഖകൾ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്തേണ്ട ഗതികേടിലാണ് യഥാർത്ഥ തിരിച്ചറിയൽ രേഖകളുടെ ഉടമകൾ. ആധാർ മാത്രം തിരിച്ചറിയൽ രേഖകളായി ഉള്ളവർക്ക് ഇത് വെല്ലുവിളിയാവുകയുമാണ്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ തിരിച്ചറിയൽ രേഖകൾ മോഷ്ടിക്കപ്പെട്ടിട്ടുള്ളവർ ഇനി എങ്ങനെ വാക്സിനേഷൻ ലഭിക്കുമെന്ന ആശങ്കയിലാണ്.

രജിസ്റ്റർ ചെയ്യുന്ന ഓരോ തിരിച്ചറിയൽ രേഖയുടെയും ആധികാരികത ഉറപ്പാക്കാനുളള സൗകര്യം പോർട്ടലിൽ കൊണ്ടുവരണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. ഇപ്പോൾ വാക്സിനേഷന് രജിസ്ട്രർ ചെയ്യാം എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ എസ്എംഎസ് വഴി പ്രചരിക്കുന്നുമുണ്ട്. ഈ സന്ദേശങ്ങളിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കോവിൻ പോർട്ടലിന് പകരം ഒരു തട്ടിപ്പ് വെബ്സൈറ്റിലേക്കാണ് പോകുക. ‘വാക്സിൻ രജിസ്റ്റർ’ എന്നത് പോലുള്ള പേരിലാവും ഈ അപ്പ് ഇൻസ്റ്റാൾ ആവുക.

കോവിൻ പ്ലാറ്റ്ഫോമിനെ അനുകരിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപന. അതിനാൽ തന്നെ അപകടകാരിയായ ആപ്പ് ആണെന്ന് തിരിച്ചറിയാതെ ഉപഭോക്താക്കൾ ഇത് ഇൻസ്റ്റാൾ ചെയ്യാൻ അനുമതി നൽകും. അപകടകരമായ ഇത്തരം ആപ്പുകൾ വഴി ഫോണിൽ നിന്നും ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർക്ക് കൈക്കലാക്കാൻ കഴിയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേ സമയം വാക്സിൻ സ്ലോട്ട് ഒഴിവ് കാണിക്കുന്ന ആപ്പുകൾ ഉണ്ടെങ്കിലും ഇവ വഴി വാക്സിൻ മിക്കപ്പോഴും ബുക്ക് ചെയ്യാൻ സാധ്യമല്ല.

Eng­lish sum­ma­ry; Fraud is wide­spread under the guise of a bug in the ‘Covin’ app

you may also like this video;