Tuesday
10 Dec 2019

ആള്‍മാറാട്ടം നടത്തി ധനകാര്യ സ്ഥാപനത്തിന്റെ പണം കവര്‍ന്ന യുവതി പിടിയില്‍

By: Web Desk | Tuesday 9 July 2019 7:18 PM IST


ചാലക്കുടി: പണയത്തിലിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എടുത്ത് വീണ്ടും പണയം വെക്കുവാന്‍ സാമ്പത്തിക സഹായം ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കബളപ്പിച്ച് രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത യുവതിയെ ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷും സംഘവും ചേര്‍ന്ന് കോഴിക്കോട് കുന്ദമംഗലത്തിനു സമീപം പെരിങ്ങളത്തു നിന്നും പിടികൂടി. എറണാകുളം എളമക്കര സ്വദേശി സൗമ്യ സുകുമാരന്‍ (26)നാണ് അറസ്റ്റിലായത്.
ജൂണ്‍ 27നായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ട യുവതി തന്റെ പേര് ഗായത്രി എന്നാണെന്നും തന്റെ 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയത്തിലിരിക്കുകയാണെന്നും പണയം പുതുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട് സ്വദേശിയാണെന്നും ചാലക്കുടി കൂടപ്പുഴയിലുള്ള വീട്ടില്‍ താമസിക്കുകയാണെന്നും ഭര്‍ത്താവ് വിദേശത്താണെന്നും പറഞ്ഞ യുവതി സ്ഥാപനത്തിലെ ജീവനക്കാരെ ചാലക്കുടിയിലേക്ക് വിളിച്ചു വരുത്തി. ചാലക്കുടി നോര്‍ത്ത് ജംഗ്ഷനിലുള്ള സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ കാത്തിരുന്ന ധനകാര്യസ്ഥാപനത്തിലെ ജോലിക്കാരോട്, നിങ്ങള്‍ കൂടെ വന്നാല്‍ എനിക്ക് നാണക്കേടാകുമെന്നും ബാങ്കിലെ ഉദ്യോഗസ്ഥരോട് താന്‍ തന്നെ സംസാരിച്ചു കൊള്ളാം എന്നും വിശ്വസിപ്പിക്കുകയായിരുന്നു. കൗണ്ടറിലെത്തി പുതിയ അക്കൗണ്ട് തുടങ്ങുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ പണയ വസ്തു എടുക്കുവാന്‍ എന്ന രീതിയില്‍ വാങ്ങുകയും ബാങ്കില്‍ അടയ്ക്കാനെന്ന വ്യാജേന കൗണ്ടറിനു സമീപം നില്‍ക്കുകയും ചെയ്തു.

അല്‍പസമയത്തിന് ശേഷം ബാങ്കിനകത്തെ ബാത്ത് റൂമിലേക്ക് പോയ യുവതി അവിടെ നിന്ന് പര്‍ദ്ദ ധരിച്ച് ബാങ്കില്‍ നിന്ന് മുങ്ങുകയുമായിരുന്നു. തങ്ങള്‍ക്ക് മുമ്പിലൂടെ പര്‍ദ്ദ ധരിച്ച് പോയ സ്ത്രീയെ സംശയം തോന്നിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പുറത്തിറങ്ങി തേടിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ബാങ്കിലെത്തി വിവരം തിരക്കിയപ്പോഴാണ് നടന്നതെല്ലാം യുവതി തയ്യാറാക്കിയ തിരക്കഥയായിരുന്നു എന്ന് മനസ്സിലായത്.
പട്ടാപകല്‍ നടന്ന തട്ടിപ്പിന്റെ വിവരം ലഭിച്ചതിനെതുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നിര്‍ദേശാനുസരണം ചാലക്കുടി സിഐ ജെ മാത്യു, എസ്‌ഐമാരായ കെ എസ് സന്ദീപ്, സുധീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയും വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണമാരംഭിക്കുകയും ചെയ്തു. ബാങ്കിലെ സിസിടിവി യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുമായി എറണാകുളം, കൊച്ചി മേഖലകളില്‍ പ്രത്യേകാന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് യുവതിയെ് തിരിച്ചറിഞ്ഞത്.

എന്നാല്‍ രണ്ടു വര്‍ഷത്തോളമായി വീട് ഉപേക്ഷിച്ച് വേറെ താമസിക്കുന്ന സൗമ്യയുടെ വാസസ്ഥലം കണ്ടു പിടിക്കുവാന്‍ അന്വേഷണ സംഘത്തിന് പിന്നെയും പണിപ്പെടേണ്ടിവന്നു. തൃശൂരിലെയും സമീപ ജില്ലകളിലെയും ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവതിയെ പിടികൂടുവാന്‍ സഹായകമായത്. കോഴിക്കോടു നിന്നും ചാലക്കുടിയിലെത്തിച്ച സൗമ്യയെ വിശദമായി ചോദ്യം ചെയ്തതില്‍ മുമ്പും പലരീതിയില്‍ തട്ടിപ്പിനു ശ്രമിച്ചതായും കിട്ടിയ പണം മുഴുവന്‍ ആഡംബര ജീവിതത്തിനായി ചെലവഴിച്ചതായും കണ്ടെത്തി. പിടിയിലാവുന്ന തിന്റെ തലേ ദിവസമാണ് ഗോവയിലെ സുഖവാസ കേന്ദ്രത്തില്‍ നിന്നും ഇവര്‍ കോഴിക്കോട് തിരിച്ചെത്തിയത്.

പ്രത്യേകാന്വേഷണ സംഘത്തില്‍ സിഐ ജെ മാത്യു, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ എസ് സന്ദീപ്, സുധീപ് കുമാര്‍ എന്നിവരെ കൂടാതെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി എം മൂസ, വി യു സില്‍ജോ, എ യു റെജി, ഷിജോ തോമസ് എന്നിവരും ചാലക്കുടി സ്റ്റേഷനിലെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, വനിതാ സിപിഒ സജിനി ദാസ് എന്നിവരുമാണ് ഉണ്ടായിരുന്നത്. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

YOU MAY LIKE THIS VIDEO

Related News