പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടന്നു; സമ്മതിച്ച് ശിവരഞ്ജിത്തും നസീമും

Web Desk
Posted on August 19, 2019, 10:43 pm

തിരുവനന്തപുരം: പിഎസ്‌സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. െ്രെകം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികള്‍ സമ്മതിച്ചു.

അതേസമയം ചോദ്യങ്ങള്‍ പുറത്തുപോയത് എങ്ങനെയെന്നതിനെപ്പറ്റി വ്യക്തമായ മറുപടി പ്രതികളില്‍നിന്നും ലഭിച്ചില്ല. ചോദ്യം ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികള്‍ മറുപടി നല്‍കുന്നില്ലായെന്നാണ് െ്രെകംബ്രാഞ്ച് പറയുന്നത്. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്.
ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യപ്പേപ്പറില്‍ ഉത്തരം ചോര്‍ന്നു കിട്ടിയത് പ്രതികള്‍ ആദ്യം സമ്മതിച്ചില്ല. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് പ്രതികള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഒടുവില്‍ തെളിവുകള്‍ ഒരോന്നോരോന്നായി നിരത്തിയപ്പോള്‍, ഗതികെട്ട് ഇരുവരും തല കുലുക്കി സമ്മതിക്കുകയായിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ത്തി പരീക്ഷ എഴുതിയെന്ന് സംശയരഹിതമായി തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകേണ്ടതുണ്ട്. പക്ഷെ ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. പരീക്ഷാ ഹാളിനുള്ളില്‍ പ്രതികള്‍ മൊബൈലോ സ്മാര്‍ട്ട് വാച്ചോ ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.