June 9, 2023 Friday

സൈക്കിളിലേറി കുഞ്ഞ് ആഹ്ലാദങ്ങൾ

Janayugom Webdesk
കൊല്ലം
February 13, 2020 10:48 pm

സൈക്കിളിന്റെ പെഡലിൽ കാലമർത്തി മുന്നേറുമ്പോൾ ജോമോളും ആനും മാളവികയും നികിതയുമൊക്കെ ചുറ്റം കണ്ടത് ചിരിയുടെ സിഗ്നലുകൾ. ആഹ്ലാദത്തിന്റെ പച്ച് ലൈറ്റ് മിന്നിയ കുഞ്ഞുമുഖങ്ങൾക്ക് മുന്നോട്ടുള്ള വഴി കാട്ടിയത് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കുട്ടികൾക്കൊപ്പം സൈ­ക്കിൾ ചവിട്ടാൻ എം മുകേഷ് എംഎൽഎയും കൂടിയപ്പോൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥിനികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് ഹൃദ്യമായി. സൈക്കിളുകൾ പെൺകുട്ടികൾക്ക് ലഭിക്കുന്നതോടെ മെച്ചപ്പെട്ട പഠനത്തിനും ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനുമുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് സൈക്കിൾ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടികളിൽ സ്വാശ്രയത്വവും ആത്മവിശ്വാസവും വളർത്തുന്നതിനും ഇതിലൂടെ കഴിയും. മത്സ്യത്തൊഴിലാളി മേഖലകളിൽ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടപടികൾ തുടരുമെന്നും മന്ത്രി അറിയിച്ചു. പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ച സൗജന്യ സൈക്കിൾ പദ്ധതി തീരദേശ വികസന കോർപ്പറേഷനാണ് ആവിഷ്കരിച്ച് നടപ്പാക്കിയത്. സംസ്ഥാനത്ത് തീരദേശ മേഖലയിലെ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിലെ 2000 പെൺകുട്ടികൾക്കാണ് സൈക്കിളുകൾ ലഭിക്കുക. 4000 രൂപ വില വരുന്ന സൈക്കിൾ ജില്ലയിലെ 20 സർക്കാർ സ്കൂളുകളിലെ 463 പെൺകുട്ടികളാണ് ഏറ്റുവാങ്ങിയത്. എം മുകേഷ് എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. എം നൗഷാദ് എംഎൽഎ, മേയർ ഹണി, തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി ഐ ഷേയ്ക് പരീത്, എൽ ആന്റ് ഡി ജനറൽ മാനേജർ ഹേമന്ദ് ബഹ്റ, കമ്പനി പ്രതിനിധികളായ നിരഞ്ജൻ ബന്ദോപാദ്യായ, ദിലീപ് മാധവൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി ഗീതാകുമാരി, തീരദേശ വികസന കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ ബി ടി വി കൃഷ്ണൻ, സംഘടനാ പ്രതിനിധികളായ എച്ച് ബേസിൽ ലാൽ, ബിജു ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY: Free cycle to coastal area children

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.