24 April 2024, Wednesday

കാടാമ്പുഴ ക്ഷേത്രത്തില്‍ സൗജന്യ ഡയാലിസിസ് സെന്റർ

സുരേഷ് എടപ്പാൾ
മലപ്പുറം
January 31, 2023 10:38 pm

ദിവസവും നൂറുപേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യത്തോടെ കാടാമ്പുഴ ക്ഷേത്രം ഡയാലിലിസ് സെന്റര്‍ ഒരുക്കി. 1988 മുതൽ ക്ഷേത്രത്തോടനുബന്ധിച്ച് ചെറിയൊരു ചാരിറ്റബിൾ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. ആശുപത്രിയെ എങ്ങനെ വികസിപ്പിക്കാമെന്ന ചർച്ചകളാണ് വിപുലമായ സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് സെന്ററിനെ യാഥാർത്ഥ്യമാക്കിയത്. സംസ്ഥാനത്തു തന്നെ ഒരു ക്ഷേത്രത്തിനു കീഴിൽ ഇത്രയും സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റർ വേറെയില്ല. ക്ഷേത്രവരുമാനത്തിലെ ഒരു വിഹിതം നിർധനരും അശരണരുമായ വൃക്കരോഗികളുടെ ചികിത്സക്കായി നീക്കിവക്കാനുള്ള കാടാമ്പുഴ ദേവസ്വത്തിന്റെ തീരുമാനത്തിന് മലബാർ ദേവസ്വം ബോർഡ് പച്ചക്കൊടി കാട്ടിയതോടെ ഒരുക്കങ്ങള്‍ വേഗത്തിലായി. 

വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും നിർലോഭമായി സഹകരിച്ചതോടെ ദിവസം നൂറുപേർക്ക് ഡയാലിസിസ് ചെയ്യാനുള്ള വിപുലമായ സൗകര്യത്തോടെയുള്ള ചികിത്സാകേന്ദ്രം സജ്ജമായി. കോഴിക്കോട് മിംസ് ആശുപത്രിയുടെ മേൽനോട്ടത്തോടെ ഇന്നലെ ട്രയൽ റൺ ആരംഭിക്കുകയും ചെയ്തു. മിംസ് തന്നെയാണ് തുടർന്നും ഈ സൗജന്യ ഡയാലിസിസ് സെന്ററിന് എല്ലാ തരത്തിലുളള മെഡിക്കൽ സഹായവും പിന്തുണയും നൽകുക. 

കാടാമ്പുഴ ക്ഷേത്രത്തിനു സമീപം 15 കോടി രൂപ ചെലവിൽ 10000 ചതുരശ്ര അടിയിൽ അന്തർദേശീയ നിലവാരത്തിൽ തയ്യാറാക്കിയ ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിടം വൃക്കകളുടെ രൂപത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആദ്യഘട്ടമായാണ് ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാക്കിയത്. 60 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന നാലുനിലകളോടു കൂടിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഈ മാസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ദേവസ്വം ബോർഡ് എ എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയ്കുമാർ അറിയിച്ചു.

Eng­lish Sum­ma­ry: Free Dial­y­sis Cen­ter at Katam­puzha Temple

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.