Tuesday
19 Feb 2019

സൗജന്യഓണ കിറ്റ്, സ്പെഷ്യൽ പഞ്ചസാര

By: Web Desk | Wednesday 1 August 2018 9:54 PM IST

*ഒരു കിലോ വീതം സ്‌പെഷ്യല്‍ പഞ്ചസാര
*കരിഞ്ചന്തക്കാരെ തകര്‍ക്കാന്‍ പദ്ധതികള്‍
തിരുവനന്തപുരം: മലയാളി കുടുംബങ്ങള്‍ക്ക് അല്ലലില്ലാതെ ഓണമുണ്ണാന്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റും സൗജന്യ നിരക്കില്‍ സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 80 ലക്ഷത്തിലധികം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ വീതം സ്‌പെഷ്യല്‍ പഞ്ചസാര ഓണക്കാലത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണം-ബക്രീദ് ഉത്സവകാലങ്ങളെ മറയാക്കി ഭക്ഷ്യവസ്തുക്കള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റം നടത്താനുള്ള കരിഞ്ചന്തക്കാരുടെ ശ്രമങ്ങളെ തകര്‍ത്തെറിയാനുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കി.
5.95 ലക്ഷം അന്ത്യോദയ അന്നയോജന വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് കിലോ അരി, 250 ഗ്രാം വീതം ചെറുപയര്‍, പരിപ്പ്, 100 ഗ്രാം തേയില തുടങ്ങിയ അവശ്യ ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയവയാണ് സൗജന്യ ഓണക്കിറ്റുകള്‍. സ്‌പെഷ്യല്‍ പഞ്ചസാര എഎവൈ വിഭാഗങ്ങള്‍ക്ക് 21 രൂപ നിരക്കിലും മറ്റുള്ളവര്‍ക്ക് 22 രൂപ നിരക്കിലുമാകും വിതരണം നടത്തുക. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി പഞ്ചസാരയ്ക്ക് പുറമേ ആണ് റേഷന്‍ കടകള്‍ വഴി സ്‌പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.
അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്ക് എല്ലാമാസവും ഓരോ കിലോ വീതം പഞ്ചസാര റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതിനും തീരുമാനമായി. അന്ത്യോദയ വിഭാഗത്തിനുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണത്തിനായി 6.91 കോടി രൂപ ചെലവ് വരും. സ്‌പെഷ്യല്‍ പഞ്ചസാര വിതരണം നടത്തുന്ന വകയില്‍ 14.2 കോടി രൂപയാണ് അധിക ബാധ്യതയുണ്ടാവുക.
കൂടാതെ, സപ്ലൈകോ ഓണം-ബക്രീദ് വിപണി ഇടപെടലിന്റെ ഭാഗമായി നിലവിലുള്ള വില്പനശാലകള്‍ക്കു പുറമെ സപ്ലൈകോയുടെ പ്രത്യേക വ്യാപാര മേളകളും സംഘടിപ്പിക്കും. 14 ജില്ലാ കേന്ദ്രങ്ങളില്‍ 15 ദിവസ കാലയളവില്‍ മെഗാഫെയറുകളും 72 താലൂക്കു കേന്ദ്രങ്ങളില്‍ 9 ദിവസത്തേക്ക് താലൂക്ക് ഫെയറുകളും, 72 നിയോജക മണ്ഡലങ്ങളിലും അഞ്ച് ദിവസത്തേക്ക് മണ്ഡലം ഫെയറുകളും, സപ്ലൈകോ വില്‍പ്പനശാലകളില്ലാത്ത 23 പഞ്ചായത്തുകളില്‍ പ്രത്യേക മിനി ഫെയറുകളും സംഘടിപ്പിക്കും.
14 ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വിശാലമായ സൗകര്യങ്ങളോടെ ഓഗസ്റ്റ് 10 മുതല്‍ 24 വരെയാണ് ജില്ലാ ഓണം-ബക്രീദ് ഫെയറുകള്‍ സംഘടിപ്പിക്കുക. 72 താലൂക്ക് കേന്ദ്രങ്ങളിലും ഓഗസ്റ്റ് 16 മുതല്‍ 24 വരെയും ഒരോ നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ഫെയറുകളും സപ്ലൈകോ വില്‍പ്പനശാലകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പ്രത്യേക സ്‌പെഷ്യല്‍ മിനി ഫെയറുകള്‍ 20 മുതല്‍ 24വരെയും പ്രവര്‍ത്തിക്കും. സപ്ലൈകോ ഓണം മെഗാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. സപ്ലൈകോ വില്‍പ്പനശാലകള്‍ക്കു പുറമെ ഹോര്‍ട്ടികോര്‍പ്പ്, ഹാന്‍ടെക്‌സ്, ഹാന്‍വീവ്, മത്സ്യഫെഡ്, കേരഫെഡ്, വിഎഫ്പിസികെ, കയര്‍ ഫെഡ്, വനശ്രീ, വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുടെ സവിശേഷ ഉല്പന്നങ്ങളുടെ സ്റ്റാളുകളും ഫെയറുകളില്‍ ഒരുക്കുന്നതാണ്. വ്യത്യസ്ത രൂചികള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ഫുഡ് കോര്‍ട്ടുകളും, കുട്ടികള്‍ക്കായി കളി സ്ഥലങ്ങളും ഇക്കുറിയുള്ള ഫെയറുകളുടെ പ്രത്യേകതയാണ്.
ഓണക്കാലത്തെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും, കൃത്രിമ വിലക്കയറ്റത്തിനുള്ള സാധ്യതയും തടയുവാന്‍ ജില്ലാ കളക്ടര്‍മാരുടെ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലാ പൊതുവിതരണ ഉദ്യോഗസ്ഥര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍മാര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.