സൗജന്യ വാഗ്ദാനം പൗരന്മാരെ മടിയന്മാരാക്കുമെന്ന് പ്രസ്താവന നടത്തിയ സുപ്രീം കോടതി ജസ്റ്റിസ് ബി ആര്‍ ഗവായിക്കെതിരെ അവകാശ പ്രവര്‍ത്തകര്‍. 300 ഓളം വരുന്ന അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, സ്വന്തമായി വീടില്ലാത്തവരുടെ അവകാശത്തിനായി പോരാടുന്നവര്‍, പാര്‍ശ്വവല്‍ക്കൃത വിഭാഗം, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് ജസ്റ്റിസ് ഗവായിയുടെ വിവാദ പരാമര്‍ശത്തിനെതിരെ തുറന്ന കത്തുയച്ചത്.
നഗരങ്ങളിലെ ഭവനരഹിതരുടെ ഹര്‍ജി പരിഗണിക്കുന്നതിടെയാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മാസീഹ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യ വാഗ്ദാനങ്ങളെ വിലകുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചത്. സൗജന്യ വാഗ്ദാനങ്ങള്‍ സമൂഹത്തില്‍ പരാന്നാഭോജികളുടെ വര്‍ഗത്തെ സൃഷ്ടിക്കുന്നതായും ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ തൊഴിലെടുക്കാന്‍ പോകില്ല. സൗജന്യ റേഷന്‍ ലഭിക്കുമ്പോള്‍ ഇവര്‍ തൊഴില്‍ ചെയ്യാന്‍ മടിക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
പാര്‍ശ്വവല്‍ക്കൃത വിഭാഗം ജനങ്ങളോടുള്ള കോടതിയുടെ മുന്‍ധാരണയാണ് ജഡ്ജിമാരുടെ വാക്കുകളിലുടെ പുറത്തുവന്നത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങള്‍ക്ക് പാര്‍പ്പിടവും സൗജന്യ റേഷനും ലഭിക്കുന്നത് വിലകുറച്ച് കാണുന്ന സമീപനം ഉചിതമായില്ല. നിര്‍മ്മാണ മേഖലയിലടക്കം തൊഴിലെടുക്കുന്നവരെയാണ് കോടതി വിലകുറഞ്ഞ ഭാഷയില്‍ അപമാനിച്ചത്. വീടില്ലാത്തവരെ പരാന്നഭോജികള്‍ എന്നുവിശേഷിപ്പിച്ചത് പിന്‍വലിക്കാന്‍ തയ്യാറാകണം.
പരമോന്നത കോടതിയിലെ മുതിര്‍ന്ന ജഡ്ജിയില്‍ നിന്നു തന്നെ ഇത്തരം വാക്കുകള്‍ പുറത്തുവന്നത് നിതീന്യായ വ്യവസ്ഥയോടുള്ള ബഹുമാനം നഷ്ടമാകാന്‍ ഇടവരുത്തുമെന്നും തുറന്ന കത്തില്‍ അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. നേരത്തെയും ജസ്റ്റിസ് ഗവായ് സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഈവര്‍ഷം ജനുവരി ഏഴിന് ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പളം — പെന്‍ഷന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലെടുക്കാത്ത വ്യക്തികള്‍ക്ക് തുക വിനിയോഗിക്കുന്നതായി പരാമര്‍ശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.