അതിജീവനത്തിന് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഓണക്കിറ്റ്

Web Desk

തിരുവനന്തപുരം

Posted on July 22, 2020, 10:50 pm

മനു എം

മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ മുങ്ങിനിൽക്കുന്ന മലയാളിക്ക് ഒരിക്കൽ കൂടി അതിജീവനത്തിന്റെ കരുതലും കൈത്താങ്ങുമായി എൽഡിഎഫ് സർക്കാർ. ഓണത്തിന് സൗജന്യ ഭക്ഷ്യകിറ്റ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കാന്‍ ഭക്ഷ്യ പൊതുവിതരണവകുപ്പ് തയ്യാറെടുപ്പുകൾ ആരംഭിച്ചു. മുഴുവൻ റേഷൻ കാർഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 27 ന് മുൻപായി അവശ്യ സാധന കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ രാജ്യത്തു തന്നെ മറ്റൊരു സംസ്ഥാന സർക്കാരുകൾക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ള നേട്ടത്തിലേക്ക് കേരള സർക്കാർ ഉയരും. ഓണക്കാലത്ത് സാധാരണ നല്‍കാറുള്ള റേഷൻ വിതരണം ചെയ്യും.

അർഹർക്ക് സൗജന്യ റേഷനും നല്‍കും. ഇതിനു പുറമേ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് 10 കിലോ അരി വീതം കിലോയ്ക്ക് 15 രൂപ നിരക്കില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സൗജന്യ നിരക്കില്‍ അരി ലഭ്യമാക്കുന്നതിനുള്ള ഗുണഭോക്താക്കളുടെ കൃത്യമായ കണക്ക് ശേഖരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വിഹിതം ആവശ്യപ്പെടും. കോവിഡ് സർവ മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ച് മുന്നേറുന്ന സാഹചര്യത്തില്‍ ഓണക്കിറ്റ് നല്‍കാൻ പൊതുവിതരണ വകുപ്പ് മുൻകൈ എടുക്കുകയായിരുന്നു.

88 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി 500 കോടിയിലേറെ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സമയം സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങള്‍ക്കും സർക്കാർ ഭക്ഷ്യ കിറ്റ് നല്‍കിയത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. നിത്യജീവിതം വഴിമുട്ടിയ സാധാരണ ജനവിഭാഗത്തിന് സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യ ധാന്യവും, സൗജന്യ ഭക്ഷ്യ കിറ്റും ആശ്വാസമായി. ഇത്തവണ 11 ഇനം സാധനങ്ങളാണ് വിതരണം ചെയ്യുക. കഴിഞ്ഞ തവണ വിതരണം ചെയ്തതുപോലെ സാധനങ്ങളുടെ ഗുണനിലവാരത്തിൽ മാറ്റം വരാതെ ചെലവ് പരമാവധി കുറച്ച് കിറ്റുകൾ തയ്യാറാക്കാനുള്ള നടപടികൾ ഉടൻ തന്നെ വകുപ്പ് പൂർത്തിയാക്കും.

തീരദേശങ്ങള്‍ക്കും പ്രത്യേക കരുതൽ

സംസ്ഥാനത്ത് അതീവ നിയന്ത്രിത മേഖലകളിലുള്ള 27 പഞ്ചായത്തുകളും തീരപ്രദേശങ്ങളാണ്. ഇവയിൽ ചിലയിടങ്ങളിൽ രൂക്ഷമായ കടൽക്ഷോഭവും ആശങ്ക പടർത്തുന്നുണ്ട്. കോവിഡിന് പിന്നാലെ പ്രകൃതി ക്ഷോഭങ്ങളും ജനജീവിതം ദുസഹമാക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവർക്കും സൗജന്യമായി ഭക്ഷ്യ കിറ്റുകളും പലവ്യഞ്ജനങ്ങളും ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാമൂഹിക അടുക്കളകളും സജ്ജമാക്കാൻ നിർദ്ദേശമുണ്ട്.

Eng­lish sum­ma­ry: free onam kit for all fam­i­lies in ker­ala

You may also like this video;