കൊറോണ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യവസ്തുക്കളുടെ വിതരണം എങ്ങുമെത്തുന്നില്ലെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച പയറുവർഗങ്ങളാണ് ഇനിയും ലഭിക്കാത്തത്. രാജ്യത്തെ ജനങ്ങളിൽ കേവലം 15 ശതമാനം പേർക്കാണ് സൗജന്യമായി പയറുവർഗങ്ങൾ ലഭിച്ചത്. ഇത് കൂടാതെ സൗജന്യമായി കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന അരി, ഗോതമ്പ് എന്നിവയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ 22 വരെയുള്ള കണക്കുകൾ പ്രകാരം ആകെയുള്ള 1.95 ലക്ഷം മെട്രിക് ടൺ പയറുവർഗങ്ങളിൽ 19,496 ടൺ മാത്രമാണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്. ധാന്യങ്ങളുടെ വിതരണ ചുമതല കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഫെഡിനെയാണ് കേന്ദ്ര സർക്കാർ ഏൽപ്പിച്ചത്.
19.55 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. പയറുവർഗങ്ങൾ ഉൾപ്പെടെയുള്ള ധാന്യങ്ങളുടെ ലഭ്യത ബോധ്യപ്പെടാതെയാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമെന്ന് നാഫെഡ് അധികൃതർ പറയുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ധാന്യങ്ങളുടെ സംഭരണ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ നടക്കുന്നില്ല. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും വേണ്ടത്ര സംഭരണം നടക്കുന്നില്ല. സംഭരിച്ച ധാന്യങ്ങൾ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങളും ലോക്ഡൗണിനെ തുടർന്ന് പാതിവഴിയിലായ അവസ്ഥയാണ്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം 22 ലക്ഷം ടൺ ധാന്യങ്ങൾ മാത്രമാണ് നാഫെഡിന്റെ പക്കലുള്ളത്. ഇതിൽ 16 ലക്ഷം കടലയും സംസ്കരിച്ചിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ പയറുവർഗങ്ങളുടെ വിതരണം രണ്ട് മാസംകൊണ്ടുപോലും പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് നാഫെഡ് അധികൃതർ പറയുന്നത്.
കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച സൗജന്യ പയറുവർഗങ്ങളുടെ അളവ് തുലോം കുറവാണെന്ന ആക്ഷേപവും ശക്തമാണ്. ഒരു റേഷൻ കാർഡിന് ഒരു കിലോ പയറാണ് സൗജന്യമായി നൽകുന്നത്. ശരാശരി ഒരാളിന് 200 ഗ്രാം വീതമാണ് ലഭിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ഗരീബ് കല്യാൺ യോജന പ്രകാരം രാജസ്ഥാന് 11,000 ടൺ പയറുവർഗങ്ങളാണ് ആവശ്യമായത്. എന്നാൽ കേവലം 2000 ടൺ മാത്രമാണ് നാഫെഡ് നൽകിയത്. 35000 ടൺ ആവശ്യമായ ഉത്തർപ്രദേശിന് 3500 ടൺ മാത്രമാണ് നൽകിയത്. അതിനിടെ ചില സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ പയറുവർഗങ്ങൾ നൽകിയതാണ് ജനങ്ങൾക്ക് അൽപ്പം ആശ്വാസം നൽകുന്നത്. ആന്ധ്രാപ്രദേശിൽ സംസ്ഥാന സർക്കാർ 13,500 ടൺ പയറുവർഗങ്ങളാണ് വിതരണം ചെയ്തത്. എന്നാൽ കേന്ദ്ര സർക്കാർ നൽകിയത് 8000 ടൺ മാത്രമാണ്.
English Summary: free ration distribution by central government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.