Web Desk

ആലപ്പുഴ

June 22, 2020, 9:52 pm

കോവിഡ് കാലത്ത് ആനകൾക്കും ‘സൗജന്യ റേഷൻ’

Janayugom Online

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നാട്ടാനകൾക്കുമുണ്ട് ‘സൗജന്യ റേഷൻ’. നാട്ടാനകളെ പരിചരിക്കുന്നതിനായി സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് 40 ദിവസത്തെ ഖരാഹാരം ആനകൾക്ക് നൽകുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കലവൂർ കുളമാക്കിയിൽ എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിന്റെ വസതിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവഹിച്ചു.

കോവിഡ് കാരണം ആരും പട്ടിണി കിടക്കാൻ പാടില്ല എന്നത് ജനങ്ങളുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിൽ കൂടി സർക്കാർ നടപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നാട്ടാനകളുടെ പരിപാലനത്തിനായി ഖരാഹാരം വിതരണം ചെയ്യുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ മൃഗ സംരക്ഷണ മേഖലയ്ക്ക് അഞ്ചു കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഉത്സവ സീസൺ നഷ്ടപ്പെട്ടു ദുരിതത്തിൽ ആയതിനാൽ നാട്ടാനകളുടെ പരിപാലനത്തിനായി സഹായം ആവശ്യപ്പെട്ട് ആനയുടമകൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് 40 ദിവസത്തേക്കുള്ള സൗജന്യ ഭക്ഷണം സംസ്ഥാനത്തെ എല്ലാ നാട്ടാനകൾക്കും നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് ഒരു പരിധി വരെ കോവിഡിനെ പിടിച്ചു നിർത്തുന്നതെന്നും സർക്കാർ നിർദ്ദേശങ്ങൾ നിതാന്ത ജാഗ്രതയോടെ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഗോതമ്പ്, റാഗി, മുതിര, ശർക്കര, ഉപ്പ്, മഞ്ഞൾപ്പൊടി, ചെറുപയർ എന്നിവ അടങ്ങിയ ഖരാഹാരമാണ് ആനകൾക്ക് നൽകുന്നത്. കോടനാട് ആന പരിപാലന കേന്ദ്രത്തിൽ നിന്നാണ് ആഹാര സാധനങ്ങൾ എത്തിച്ചത്. ഒരു ദിവസം 800 രൂപയുടെ ഖരാഹാരമാണ് ആനകൾക്ക് ആവശ്യമായിട്ടുള്ളത്.

ഇതിൽ 400 രൂപയുടെ സൗജന്യ ആഹാരം മൃഗ സംരക്ഷണ വകുപ്പ് നൽകും. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ, ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഓഫീസർ പി കെ സന്തോഷ് കുമാർ, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് സിന്ധു, ജില്ലാ സപ്ലെെ ഓഫീസർ പി മുരളീധരൻ, വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ഫെൻ ആന്റണി, കലവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ടി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry: Free Ration for elephants

You may also like this video: