ചരിത്രം തേരിലേറി വരുമ്പോള്‍

Web Desk
Posted on October 27, 2019, 10:49 am

ജയന്‍ മഠത്തില്‍

ഒരിക്കല്‍ ചിലിയന്‍ സ്വേച്ഛാധിപതി അഗസ്റ്റസ് പിനാഷെ വിപ്ലവ കവി പാബ്‌ളോ നെരൂദയെ വീട്ടു തടങ്കലിലാക്കി. പ്രഭാതത്തില്‍ ജനാല തുറന്നു നോക്കിയ നെരൂദ കാണുന്നത് പിനാഷെയുടെ പട്ടാളം അവിടെയാകെ പരിശോധിക്കുന്നതാണ്. നെരൂദ വിളിച്ചു ചോദിച്ചു: ”ഹേ പട്ടാളക്കാരേ, നിങ്ങള്‍ എന്താണ് തിരയുന്നത്? ആയുധമാണെങ്കില്‍ നിങ്ങള്‍ക്ക് ഒന്നുപോലും ലഭിക്കില്ല. പക്ഷേ, ആയുധത്തേക്കാള്‍ മൂര്‍ച്ചയേറിയ വാക്കുകള്‍ ഞാനവിടെ ഉപേക്ഷിച്ചിട്ടുണ്ട്. ” നെരൂദയുടെ പേനയില്‍ നിന്നും വിടര്‍ന്നു വീണ അഗ്‌നി സമാനമായ വാക്കുകള്‍ പിനാഷെയുടെ ഭരണകൂടത്തെ ചിലിയില്‍ നിന്നും തൂത്തെറിഞ്ഞു, ജനാധിപത്യത്തെ സ്ഥാപിച്ചു. 1958 ഡിസംബര്‍ എട്ട്. ചവറ തട്ടാശ്ശേരിയില്‍ തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം ആദ്യമായി അരങ്ങേറുന്നു. നടകത്തിനൊടുവില്‍ പരമുപിള്ള മാലയില്‍ നിന്ന് ചെങ്കൊടി വാങ്ങി ഉയര്‍ത്തിപ്പിടിക്കുന്നു. പിന്നീട് കേരളത്തിലെമ്പാടുമുള്ള ആയിരങ്ങള്‍ അത് ഉയരെ ഉയരെ പിടിച്ചു. ഒടുവില്‍ 1957ല്‍ രാജ്യത്ത് ആദ്യമായി ബാലറ്റു പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. ലോകത്തെ എല്ലാ വിപ്‌ളവങ്ങള്‍ക്കും പിന്നില്‍ ചിന്തിക്കുന്ന മനസ്സുകളും പൊരുതുന്ന പേനകളുമുണ്ടായിരുന്നു. ‘കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ജന്മികളുടെയും അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെയും മൃഗീയമായ ആക്രമണമുണ്ടായ നാല്‍പ്പതുകളുടെ ഒടുവിലാണ് അതിനെതിരെ ആയുധത്തേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് പൊരുതാന്‍ ഒരു മാധ്യമം ആവശ്യമാണന്ന് എം എന്‍ ഗോവിന്ദന്‍ നായരെപോലുള്ളവര്‍ ചിന്തിച്ചത്. അതിന്റെ ഫലമായിരുന്നു ‘ജനയുഗം.

പൊരുതുന്ന പത്രം

പുന്നപ്ര വയലാര്‍ സമരത്തെത്തുടര്‍ന്ന് ഒളിവിലായ എമ്മെന്‍ തന്റെ പ്രവര്‍ത്തന മേഖല കൊല്ലത്തേക്ക് മാറ്റി. തിരുവിതാംകൂറിലെ പ്രധാന പത്രമായിരുന്ന തങ്ങള്‍കുഞ്ഞു മുസലിയാരുടെ ഉടമസ്ഥതയിലുള്ള ‘പ്രഭാതം’ അന്ന് കൊല്ലത്തു നിന്നായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. എമ്മെന്‍ പത്രസ്ഥാപനത്തിലെ നിത്യ സന്ദര്‍ശകനായി. കെ എന്‍ പങ്കജാക്ഷന്‍ നായര്‍, എന്‍ ഗോപിനാഥന്‍ നായര്‍, ആര്‍ കോണ്‍സ്റ്റന്റന്‍, ആര്‍ ഗോപിനാഥന്‍ നായര്‍ എന്നിവരായിരുന്നു പത്രാധിപ സമിതി അംഗങ്ങള്‍. രാത്രി ജോലി കഴിഞ്ഞ് പത്രാധിപന്‍മാര്‍ ഇറങ്ങുമ്പോള്‍ രണ്ടുമണിയാകും. അപ്പോള്‍ എമ്മെന്‍ അവരോടൊപ്പം കൂടും. നേരം പുലരുംവരെ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയാണ് പിന്നീട്. കുറേകാലത്തിനു ശേഷം ഇവര്‍ ‘പ്രഭാതം’ വിട്ട് കെ കെ ചെല്ലപ്പന്‍ പിള്ളയുടെ ‘യുവകേരള’ത്തില്‍ ചേര്‍ന്നു. പുന്നപ്ര വയലാര്‍ സമരം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സമരമുഖത്തു നിന്നുള്ള തല്‍സമയ വാര്‍ത്തകള്‍ ‘യുവകേരള’ത്തില്‍ വന്നുകൊണ്ടിരുന്നു. എമ്മെന്നായിരുന്നു പ്രത്യേക ലേഖകന്‍. തമ്പാനൂരിലെ സിപി സത്രത്തിനു മുന്നിലെ സിപിയുടെ പ്രതിമ തകര്‍ത്തപ്പോള്‍ തിരുവനന്തപുരം ലേഖകനായ രാമചന്ദ്രന്‍ പിള്ള ആവേശത്തോടെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തു. (രാമചന്ദ്രന്‍ പിള്ളയാണ് ‘ജനയുഗ’ത്തിന് ആ പേര് നിര്‍ദ്ദേശിച്ചത്) വാര്‍ത്ത പ്രസിദ്ധീകരിച്ച അന്നു തന്നെ ഭരണകൂടം ‘ജയകേരളം’ നിരോധിച്ചു. ഇതോടെയാണ് സ്വന്തമായി ഒരു പത്രം എന്ന ചിന്തയിലേക്ക് എംഎന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. വാരികയായിട്ടാണ് ജനയുഗം ആരംഭിച്ചത്. എന്‍ ഗോപിനാഥന്‍ നായര്‍, ആര്‍ ഗോപിനാഥന്‍ നായര്‍, ക്രിസ്പിച്ചായന്‍, എ ആര്‍ കുട്ടി, കെ എന്‍ പങ്കജാക്ഷന്‍ നായര്‍, കെ പി രാമചന്ദ്രന്‍ നായര്‍, മജീദ് തുടങ്ങിയവരായിരുന്നു പത്രാധിപസമിതി അംഗങ്ങള്‍. ഭരണകൂട ഭീകരതയ്‌ക്കെതിരെ പോരാടുന്ന, തൊഴിലാളി വര്‍ഗത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു ദിനപത്രമായി ജനയുഗം പിന്നീട് മാറുകയായിരുന്നു.

കാമ്പിശ്ശേരി-സംക്രമണദൂതന്‍

1954ലാണ് കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം പത്രാധിപസമിതിയില്‍ ചേരുന്നത്. 1963ല്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം വിട്ടതോടെയാണ് കാമ്പിശ്ശേരി വാരികയുടെ സാരഥ്യം എറ്റെടുക്കുന്നത്. പിന്നീട് പത്രപ്രവര്‍ത്തന രംഗത്ത് കാമ്പിശ്ശേരി കരുണാകരന്‍ എന്ന പത്രാധിപര്‍ രചിച്ച ഇതിഹാസം മാധ്യമ പഠിതാക്കള്‍ക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകമാണ്. പത്രമായാലും വാരികയായാലും അത് പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി കാമ്പിശ്ശേരിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. ഉള്ളടക്കവും പ്രചാരവും സമര്‍ഥമായി ഇഴചേര്‍ത്തുകൊണ്ടായിരുന്നു കാമ്പിശ്ശേരി പത്രപ്രവര്‍ത്തന ചരിത്രത്താളുകളിലേക്ക് തന്റെ അശ്വമേധം നടത്തിയത്. ഭാവിയിലേക്ക് കുതിക്കുന്നൊരു പ്രതിഭാശക്തി അദ്ദേഹത്തിലുണ്ടായിരുന്നു. ജനയുഗം ദിനപത്രത്തില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ പരീക്ഷിച്ചുകൊണ്ട് പത്രപ്രവര്‍ത്തനത്തെ കൂടുതല്‍ ചടുലമാക്കി. അങ്ങനെ യേശുദാസിന്റെ ‘കിട്ടുമ്മാവന്‍’ മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണായി. ബംഗാളി നോവലുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വാരികയില്‍ നല്‍കിക്കൊണ്ട് വിവിര്‍ത്തന സാഹിത്യത്തിന്റെ വിശാലമായൊരു ലോകം തുറന്നിട്ടു. കുട്ടികള്‍ക്കുവേണ്ട് ‘ബാലയുഗ’വും സിനിമാ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും വേണ്ടിയുള്ള ‘സിനിരമ’യും നോവലിനുമാത്രമായി ‘നോവല്‍പ്പതിപ്പും’, വായനയെ സമ്പന്നമാക്കാന്‍ ‘ഓണം വിശേഷാല്‍ പ്രതി‘യും വാരികയില്‍ വനിതാപംക്തി-വല്‍സലച്ചേച്ചി-യും ഡോക്ടറോടു ചോദിക്കാം പംക്തിയും അവതരിപ്പിച്ചുകൊണ്ട് പത്രപ്രവര്‍ത്തന രംഗത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കുകയായിരുന്നു അദ്ദേഹം. കാമ്പിശ്ശേരി അവതരിപ്പിച്ച നൂതനമായ പലരീതികളും പില്‍ക്കാലത്ത് മറ്റ് പത്രങ്ങള്‍ സ്വീകരിച്ചു എന്നത് ചരിത്രം. ജനയുഗം അങ്ങനെ അനുകരണീയമായ മാതൃകയാകുകയായിരുന്നു.

ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ ചെറുത്തുനില്‍പ്പ്

അച്ചടിമാധ്യമങ്ങള്‍ വലിയപ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ന്യൂസ് പ്രിന്റിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ പത്തുശതമാനം വര്‍ദ്ധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ വന്‍കിട പത്രങ്ങള്‍ക്കുമാത്രമായി പരസ്യങ്ങല്‍ പരിമിതപ്പെടുത്തി. സാമ്പത്തിക മാന്ദ്യം പരസ്യ വരുമാനത്തെയും സാരമായി ബാധിച്ചു. മുദ്രണപൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ് വേറുകളുടെ ലൈസന്‍സ് ഫീസ്, സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് എന്നിവയും കുത്തനെ ഉയര്‍ത്തി. ഒരു കമ്പ്യൂട്ടറില്‍ ഇന്‍ഡിസൈന്‍ പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതിന് ഒരുമാസം സബ്‌സ്‌ക്രിപ്ഷന്‍ ഇനത്തില്‍ 5,500രൂപ ചെലവു വരും. ഇതുകൂടാതെ അനുബന്ധ സോഫ്റ്റ് വേയറുകള്‍ക്ക് പ്രത്യേകം ലൈസന്‍സ് ഫീസും നല്‍കേണ്ടി വരുന്നു. ഏകദേശം ഒരുകോടി രൂപയോളം ഓരോവര്‍ഷവും പത്രസ്ഥാപനങ്ങള്‍ക്ക് ഈ ഇനത്തില്‍ ബാധ്യത വരും. ഇവിടെയാണ് ‘ഫ്രീ സോഫ്റ്റ് വേറിന്റെ പ്രാധാന്യം. സ്വതന്ത്ര സോഫ്റ്റ് വേറിലൂടെയുള്ള ഡിജിറ്റല്‍ പോരാട്ടമാണ് പുതിയ കാലഘട്ടത്തില്‍ ജനയുഗം ഒരു ചരിത്ര നിയോഗം പോലെ ഏറ്റെടുക്കുന്നത്.

ഫ്രീ സോഫ്റ്റ് വേര്‍

ഫ്രീ സോഫ്റ്റ് വേര്‍ അഥവാ സ്വതന്ത്ര സോഫ്റ്റ് വേര്‍ എന്നു കേള്‍ക്കുമ്പോള്‍ സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ് വേര്‍ എന്ന് വിചാരിക്കരുത്. സ്വാതന്ത്ര്യം നല്‍കുന്ന സോഫ്റ്റ് വേര്‍ എന്നാണര്‍ഥം. സോഫ്റ്റ് വേര്‍ രംഗത്ത് ഗവേഷണം നടത്തുന്ന പി എസ് സനൂബ് പറഞ്ഞ ഒരു കഥയുണ്ട്. ഒരു സുഹൃത്തുമായി ‘മൈക്രോദോശ’ എന്ന കടയില്‍ ദോശ കഴിക്കാന്‍ കയറി എന്നിരിക്കട്ടെ. സാധാരണ കടപോലെയല്ല അത്. അവിടുത്തെ നിയമങ്ങള്‍ രേഖപ്പെടുത്തിയ ഒരു തടിച്ച പുസ്തകം അവിടുണ്ട്. അത് വായിച്ച് സമ്മതമാണെങ്കില്‍ മാത്രം ഒപ്പിട്ട് അകത്തു കടക്കാം. നമ്മള്‍ അത് വായിച്ചു നോക്കാതെ ഒപ്പിട്ട് അകത്തു കടന്നിട്ട് ഒരു ദോശയ്ക്ക് ഓര്‍ഡര്‍ കൊടുക്കുന്നു. കിട്ടിയ ദോശ വളരെ വലുതായതുകൊണ്ട് നിങ്ങള്‍ അത് സുഹൃത്തുമായി പങ്കിടാനൊരുങ്ങുമ്പോള്‍ കടക്കാരന്‍ പറയുന്നു. അത് ഷെയര്‍ ചെയ്യാന്‍ പാടില്ല. അത് നിയമാവലിയില്‍ ഉണ്ടെന്ന്. നിങ്ങള്‍ ഒരു ദോശകൂടി ഓര്‍ഡര്‍ കൊടുക്കുന്നു. കഴിച്ചു കഴിഞ്ഞശേഷവും ദോശ അധികം വരുന്നു. പൈസ കൊടുത്തു വാങ്ങിയ, അധികംവന്ന ദോശ പൊതിഞ്ഞുകൊണ്ടുപോയി ആര്‍ക്കേലും കൊടുക്കാമെന്നു കരുതി അതിന് തയാറാകുമ്പോള്‍ കടക്കാരന്‍ പറയുന്നു, മറ്റൊരാള്‍ക്കുകൊടുക്കാനും പറ്റില്ലാന്ന്. ഇനി ദോശ തയ്യാറാക്കിയ രീതി മനസിലാക്കിയിട്ട് വീട്ടില്‍പോയി പരീക്ഷിച്ചു നോക്കാം എന്നു വിചാരിച്ചാലോ അതും നടക്കില്ല. ഒപ്പിട്ടുകൊടുത്ത നിയമാവലിയില്‍ ഇതൊക്കെ പറയുന്നുണ്ടായിരുന്നു. അതൊന്നും പക്ഷേ നമ്മള്‍ പൂര്‍ണമായും വായിച്ചു നോക്കിയിട്ടില്ല. പൈസ കൊടുത്തുവാങ്ങുന്ന സോഫ്റ്റ് വേര്‍ ഇതുപോലെയാണ്. ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് വാങ്ങുന്നവനുള്ളത്. പങ്കിടാനോ മാറ്റം വരുത്താനോ, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാനോ ഉള്ള അവകാശം ഇല്ല. എന്നാല്‍ ആര്‍ക്കും ഉപയോഗിക്കാന്‍ അവകാശം തരുന്ന, ആര്‍ക്കും കൈമാറ്റം ചെയ്യാന്‍ അവകാശം തരുന്ന, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കാന്‍ അവകാശം തരുന്ന, നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തി മറ്റൊരാള്‍ക്ക് നല്‍കാന്‍ അവകാശം തരുന്ന സോഫ്റ്റ് വേറുകളാണ് സ്വതന്ത്ര സോഫ്റ്റ് വേറുകള്‍. ഇവിടെ ഉപഭോക്താവ് സര്‍വ്വതന്ത്ര സ്വതന്ത്രനാണ്.

ആഗോള കുത്തകകള്‍ക്കെതിരെയുള്ള സമരം

ഡിജിറ്റല്‍ യുഗത്തില്‍ എല്ലാമേഖലയിലും കമ്പ്യൂട്ടര്‍ അതിന്റെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. രാജ്യാന്തരതലത്തിലെ മൈക്രോസോഫ്റ്റിനെപോലെയിള്ള കുത്തക കമ്പനികളാണ് ഈ രംഗത്തെ നിയന്ത്രിക്കുന്നത്. ഈത്തരം കമ്പനികളെ നിയന്ത്രിക്കുന്നതാകട്ടെ അമേരിക്ക പോലെയുള്ള മുതലാളിത്ത രാഷ്ട്രങ്ങളും. ഇവിടെ മുതലാളിത്ത രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ വെനസ്വേലയില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈമാസം 28ന് വെനസ്വേലയില്‍ അഡോബിന്റെ സേവനങ്ങള്‍ കമ്പനി ഏകപക്ഷീയമായി നിറുത്താന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്ത. അതോടെ ആരോഗ്യ, വിദ്യാഭ്യാസ, വ്യാവസായിക, പ്രതിരോധ മേഖലകള്‍ വന്‍ പ്രതിസന്ധി നേരിടും. ഇത് നാളെ മിക്ക രാജ്യങ്ങള്‍ക്കും സംഭവിക്കാം. അതുകൊണ്ടാണ് പ്രൊപ്രൈറ്ററി ഓപ്പറേറ്റിംഗ് സിസ്റ്റം, സോഫ്റ്റ് വേറുകള്‍ എന്നിവയ്ക്ക് ബദല്‍ കണ്ടെത്താനുള്ള ജനയുഗത്തിന്റെ ശ്രമത്തിന് ഒരു ചെറുത്തു നില്‍പ്പിന്റെ രാഷ്ട്രീയ മാനം ഉണ്ടാകുന്നത്.

ജനയുഗത്തിന്റേത് രാഷ്ട്രീയ പോരാട്ടം

പുതിയ കാലഘട്ടത്തില്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ പിറവിയും അന്വേഷണങ്ങളും കുത്തകവല്‍ക്കരണത്തിന്റെ ബദല്‍ എന്നതില്‍ നിന്നാണ് ഉണ്ടാകുന്നത്. സോഫ്റ്റ്വെയറിന്റെ വിപണി സാധ്യതകള്‍ മനസിലാക്കി കുത്തക ഉറപ്പിച്ചുനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനികള്‍ പല രീതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതുപക്ഷേ ലോകത്താകെയുള്ള വലിയൊരു വിഭാഗം തൊഴില്‍ സമൂഹത്തെയും വ്യവസായ സംരംഭങ്ങളെയും വലിയ പ്രതിസന്ധിയിലെത്തിക്കുന്ന വിധം ശക്തമായിരിക്കുകയാണ്. അതാണ് സോഫ്റ്റ് വേറുകള്‍ക്കും അനുബന്ധ അപ്ലിക്കേഷനുകള്‍ക്കും ലൈസന്‍സ് ഫീസില്‍ നിന്ന് വരിസംഖ്യ എന്ന രീതിയിലേയ്ക്ക് മാറുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത്. ഒരു കമ്പ്യൂട്ടറുമായി ജോലികള്‍ ചെയ്യുന്നവരും ഒട്ടേറെ കമ്പ്യൂട്ടറുകളുമായി അച്ചടി ജോലികളും പ്രസിദ്ധീകരണസംരംഭങ്ങളും നടത്തുന്നവരുമെല്ലാം ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഇതിന് ബദലായുള്ള സങ്കേതങ്ങളുടെ അന്വേഷണമാണ് സ്വതന്ത്രസോഫ്റ്റ്വെയര്‍ വിഭാഗത്തില്‍പ്പെടുന്ന ഓപ്പറേറ്റിംഗ് സംവിധാനമായ ഗ്നു ലിനക്സ്, അച്ചടിയില്‍ പേജുകളുടെ രൂപകല്‍പനയുടെ സാധ്യതകള്‍ തുറന്നിടുന്ന സ്‌ക്രൈബസ് എന്നിവയുടെ അനന്തസാധ്യതകളിലേയ്ക്ക് ജനയുഗം എത്തിയത്. കാലാകാലങ്ങളില്‍ സോഫ്റ്റ്വെയറുകള്‍ നവീകരിക്കുന്നതിന്റെയും ഇന്‍ഡിസൈന്‍ ഉള്‍പ്പെടെയുള്ള അപ്ലിക്കേഷനുകളുടെ നവീകരണത്തിന്റെയും മാറ്റത്തിന്റെയും ഫലമായുണ്ടായേക്കാവുന്ന വന്‍ സാമ്പത്തിക ബാധ്യതക്കൊപ്പം തന്നെ സോഫ്റ്റ് വേര്‍ കുത്തകവല്‍ക്കരണത്തിനെതിരായ രാഷ്ട്രീയസമരം കൂടി വളരെയധികം പ്രസക്തമാകുന്നുണ്ട്. ഈയൊരു രാഷ്ട്രീയസമരത്തിന്റെ ഭാഗമായാണ് സ്വതന്ത്രസോഫ്റ്റ് വേര്‍ വിഭാഗത്തില്‍പ്പെടുന്ന ഓപ്പറേറ്റിംഗ് സംവിധാനമായ ഗ്നു ലിനക്സ്, അച്ചടി/രൂപകല്‍പന സാധ്യതകള്‍ തുറന്നിടുന്ന സ്‌ക്രൈബസ് എന്നിവയിലേയ്ക്ക് മാറുന്നതിനുള്ള ശ്രമം ജനയുഗം ആരംഭിച്ചത്. അതിന്റെ ആദ്യപടിയായി തനതുമലയാളം ലിപികളും ലിനക്‌സ് സ്വതന്ത്ര സോഫ്റ്റ്വെയറും ഇന്‍ഡിസൈന് പകരം സ്‌ക്രൈബസും ഫോട്ടോഷോപ്പിന് ബദലായി ജിംപും ടൈപ്പ് ചെയ്യുന്നതിന് ജനയുഗം എഡിറ്റ് എന്ന അപ്ലിക്കേഷനും ഉപയോഗിച്ചുള്ള മലയാളത്തിലെ സമ്പൂര്‍ണ്ണ പ്രസിദ്ധീകരണമായി ജനയുഗത്തിന്റെ ഓണപ്പതിപ്പ് വായനക്കാരിലെത്തി. വിദ്യാര്‍ഥികള്‍ക്കായുള്ള സഹപാഠിയും ഞായറാഴ്ചകളിലുള്ള വാരാന്തപ്പതിപ്പും ഈ രീതിയില്‍ വായനക്കാരുടെ കൈകളിലെത്തിക്കാന്‍ ജനയുഗത്തിന് സാധിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ പ്രതിദിന പത്രം സ്വതന്ത്രസോഫ്റ്റ്വേറിന്റെ സാധ്യതകളുപയോഗിച്ച് പ്രസിദ്ധീകരിച്ചു തുടങ്ങയിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുും. സോഫ്റ്റ് വേര്‍ കുത്തകവല്‍ക്കരണത്തിനെതിരായ പോരാട്ടത്തിന്റെ കൂടി ഭാഗമായാണ് ഈ മാറ്റം. ഇത് അതിജീവനത്തിനുള്ള വഴികൂടിയാണ്.