Saturday
23 Feb 2019

അസമത്വ ഇന്ത്യയില്‍ നിന്നുള്ള മോചനം വിദൂരമോ?

By: Web Desk | Monday 6 August 2018 9:30 PM IST


inequality-jana

manaveeyam

സ്വാതന്ത്ര്യങ്ങള്‍ ധാരാളമുള്ള ഇന്ത്യന്‍ സാഹചര്യത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ദാരിദ്ര്യം, പട്ടിണി, കുട്ടികളുടെ പോഷകാഹാരക്കുറവ്, ഭരണകൂട ഭീകരത, പൊതുസേവന സൗകര്യങ്ങളുടെ അവഗണന, ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്മ, വര്‍ധിച്ചുവരുന്ന സാമൂഹിക- സാമ്പത്തിക ദുരിതങ്ങള്‍ തുടങ്ങി അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ജീവിതം ഹോമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ജനത. കഴിഞ്ഞ ആഴ്ച്ച ഇന്ത്യയിലെ ദിനപത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്-ഡല്‍ഹിയിലെ ഒരു ചേരിപ്രദേശത്ത് രണ്ട്, നാല്, ആറ് വയസ് പ്രായമായ പെണ്‍കുട്ടികള്‍ ദാരിദ്യം മൂലം മരിച്ചത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മേനിനടിക്കുമ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടാകുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ഇടയിലുള്ള ദാരിദ്ര്യവും പട്ടിണിയും, സമ്പത്തിന്‍റെ വിതരണത്തിലുള്ള അസമത്വവും സാമൂഹിക അരക്ഷിതാവസ്ഥയിലേക്കാണ് നയിക്കുന്നത്.
ആഗോളീകരണം നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിച്ചിരിക്കുന്നുവെന്നതാണ് ഈ ദുരന്ത ചിത്രത്തിന്‍റെ ബാക്കിപത്രം വെളിവാക്കുന്നത്. ആഗോളീകരണ നയങ്ങള്‍ വ്യക്തികളുടെ ജീവിത വീക്ഷണം മാറ്റിമറിക്കുകയും, നമ്മുടെ മനസ്സില്‍ നിന്നും മണ്ണിന്‍റെ മണവും, ലളിത ജീവിതത്തിന്റെ വിശുദ്ധിയുമെല്ലാം മറഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ സോഷ്യലിസത്തിലും ജനാധിപത്യത്തിലും ഊന്നിയ ഒരു ആസൂത്രണ വികസന മാതൃകയെ തകിടം മറിച്ചു വന്നതാണ് ആഗോളവല്‍ക്കരണം. 1990 കാലഘട്ടത്തിലുണ്ടായ ധനകാര്യ പ്രതിസന്ധിയെ അതിജീവിക്കാന്‍ സ്വീകരിച്ച നടപടികളാണ് ഇതിലേക്ക് വഴിതെളിയിച്ചതെന്ന് വിശദീകരണമെങ്കിലും ഇന്ത്യയിലെ അക്കാലത്തെ ഭരണ വര്‍ഗ്ഗത്തിന് പുതിയ വികസന മാതൃകയില്‍ വിശ്വാസമുണ്ടായി. നവ ലിബറല്‍ സാമ്പത്തിക നയത്തിലധിഷ്ഠിതമായ നയങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഭരണാധികാരികള്‍ വളരെയൊന്നും ചിന്തിച്ചിട്ടില്ല. ഇത്തരത്തിലുള്ള സാമ്പത്തിക മാതൃക ഊന്നല്‍ നല്‍കിയത് സാമ്പത്തിക വളര്‍ച്ചയ്ക്കാണ്. ഈ സാമ്പത്തിക മാതൃകയ്ക്ക് പൊതുവായ സാമൂഹ്യലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ല. കൂടാതെ ജനാധിപത്യവുമായി പൊരുത്തപ്പെടുന്നതോ, ജനപങ്കാളിത്തമോ ഇല്ലാത്ത മേല്‍തട്ടിലുള്ള ഒരു വിഭാഗത്തിന്‍റെ തിളക്കത്തിന് മാത്രം പ്രാധാന്യം നല്‍കിയിരുന്നു. ലോക വ്യാപാരസംഘടനയുടെയും, ലോകബാങ്കും, അന്താരാഷ്ട്ര നാണയ നിധിയുടെയും ആസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ സാധാരണ കര്‍ഷകരുടെയും, തൊഴിലാളികളുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇന്ത്യയുടെ വികസനത്തിന്‍റെ ദിശാസൂചികയായി പ്രവര്‍ത്തിച്ചിരുന്നത് മിശ്രസമ്പദ്‌വ്യവസ്ഥയിലധിഷ്ഠിതമായ ആസൂത്രണ നയങ്ങളായിരുന്നു. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനത്തിന് ഊന്നല്‍ നല്‍കിയാണ് 1950 മുതല്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതികള്‍ അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ബദല്‍ സാമ്പത്തിക മാതൃകയായി നിതി ആയോഗുമായി മുന്നോട്ടു പോകുന്നു. കഴിഞ്ഞകാലങ്ങളിലെ ആസൂത്രണ സാമ്പത്തിക മാതൃക സമ്പൂര്‍ണവിജയമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഒരു വികസന ദിശാബോധം നല്‍കാനുള്ള ശ്രമങ്ങളുണ്ടായി. നിലവിലുള്ള കേന്ദ്രസര്‍ക്കാറിന്‍റെ സാമ്പത്തിക പരിഷ്‌കാരങ്ങളായ കള്ളപ്പണം തടയുന്നതിനുവേണ്ടി നോട്ട് നിരോധനം, സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ഡിജിറ്റല്‍ പണമിടപാടുകള്‍, രാജ്യത്തെ നികുതിവെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തിനു വേണ്ടി ഏകീകൃത ഒറ്റ നികുതി എന്ന പേരില്‍ ജിഎസ്ടി തുടങ്ങിയവയുടെ ഇന്നത്തെ അവസ്ഥ വിരല്‍ ചൂണ്ടുന്നത് ഒട്ടിയ വയറിന്റെ ഒരു നേരത്തെ ഭക്ഷണം പോലും നല്‍കാന്‍ കഴിയാത്ത ഇത്തരത്തിലുള്ള സാമ്പത്തിക നയപരിഷ്‌കാരങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് വിഭാവനം ചെയ്യുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ രണ്ടാമത്തെ പ്രധാന ലക്ഷ്യം ‘വിശപ്പില്ലാത്ത ലോകം’ പണിയുകയെന്നതാണ്. 2017ലെ ഒമ്പതാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഈ ലക്ഷ്യം നിറവേറ്റാന്‍ ‘ശോഭനമായ ഭാവിക്ക് ശക്തമായ പങ്കാളിത്തം’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിച്ചിരുന്നു. അതിനുശേഷം ഏകദേശം ഒരു വര്‍ഷം പിന്നിടുമ്പോഴും ഇന്ത്യയിലെ ദരിദ്രജനതയുടെ അതിജീവനം ദുസ്സഹമായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്.

2017ലെ ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സമ്പത്തിന്‍റെ 73 ശതമാനം കൈയാളുന്നത് സമ്പന്നരായ ഒരു ശതമാനം പേരാണ്. മുന്‍ വര്‍ഷം ഇന്ത്യയിലെ 58 ശതമാനം സമ്പത്താണ് ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുണ്ടായിരുന്നത്. 2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം ധനികര്‍ അവരുടെ സമ്പത്തിലുണ്ടാക്കിയ വര്‍ദ്ധനവ് 20.9 ലക്ഷം കോടിയാണ്. അത് 2017-18 വര്‍ഷത്തെ കേന്ദ്രബജറ്റിന് തുല്യമാണ്. സമ്പന്നര്‍ അതിസമ്പന്നരാകുമ്പോള്‍ രാജ്യത്തെ 67 കോടി വരുന്ന ദരിദ്രജനങ്ങളുടെ സമ്പത്തിലുണ്ടായ വര്‍ധന ഒരു ശതമാനം മാത്രമാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം ചുരുക്കം ചില ശതകോടീശ്വരന്മാരുടെ കൈകളില്‍ ഒതുങ്ങുന്നു. കഠിനാദ്ധ്വാനം ചെയ്യുന്ന സാധാരണ ജനത പ്രാഥമികാവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുമ്പോഴാണ് കോടീശ്വരന്മാര്‍ അധികാരത്തിന്റെ തണലില്‍ വളര്‍ന്ന് പന്തലിക്കുന്നത്.

മുതലാളിത്ത വളര്‍ച്ചയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ നിഗമനങ്ങളെ സമ്പൂര്‍ണമായി ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് 2018ല്‍ പ്രസിദ്ധീകരിച്ച ലോക അസമത്വ റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നൂറിലധികം ഗവേഷകരുടെ ഗവേഷണ ഫലങ്ങള്‍ സമാഹരിച്ച് ലോകപ്രശസ്തരായ അഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയ പഠനമാണിത്. ഈ പഠന ഗ്രന്ഥത്തിന്റെ ശില്‍പിയില്‍ പ്രധാനിയാണ് ‘മൂലധനം ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ തോമസ് പിക്കറ്റി. മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി സമ്പത്ത് കൂടുതലായി കേന്ദ്രീകൃതമായി തീരുമെന്ന ഒന്നരനൂറ്റാണ്ട് പഴക്കമുള്ള മാര്‍ക്‌സിന്റെ നിരീക്ഷണത്തെ പൂര്‍ണ്ണമായി സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ അസമത്വത്തിന്റെ തോത് മൂലം പെട്ടെന്നുണ്ടായ വളര്‍ച്ച റഷ്യയില്‍ പ്രകടമായെങ്കില്‍, ഇന്ത്യയില്‍ അസമത്വം പടിപടിയായി ഏറിവരികയും, ചൈനയില്‍ മിതമായ നിലയില്‍ സമത്വത്തിലേക്ക് എത്തപ്പെടുകയും ചെയ്തുവെന്നും ആഗോള സമത്വ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടര ശതാബ്ദത്തിലെ അതിവേഗ സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്‍കിയ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യം ഇന്ത്യന്‍ ജനസംഖ്യയിലെ ഏറ്റവും ധനികരായ 10 ശതമാനത്തോളം പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. 2017ലെ അന്തര്‍ദേശീയ പട്ടിണി സൂചികയില്‍ 119 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 100ാം സ്ഥാനത്താണ്. 2016നെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്കിങ് മൂന്ന് സ്ഥാനങ്ങള്‍ താഴേക്ക് പോയിട്ടുണ്ട്. മുതലാളിത്ത വളര്‍ച്ചയുടെ പുതിയ പ്രകൃതം ഭരണകൂടങ്ങളെ മിക്കവാറും അപ്രസക്തമാക്കുന്ന നിലയിലേക്ക് നീങ്ങുന്നു. മാര്‍ക്‌സ് പ്രവചിച്ച സമ്പത്തിന്റെ അതിഭീകരമായ കേന്ദ്രീകരണം ഇന്ത്യയെപോലുള്ള വികസ്വര രാജ്യത്തെ പോലും വിഴുങ്ങാന്‍ മൂലധനശക്തിക്ക് പ്രാപ്തിയുണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്.
പിഞ്ചുകുട്ടികള്‍ പട്ടിണികൊണ്ട് മരിക്കുന്നത് ഒറ്റ ദിവസത്തെ രാത്രികൊണ്ടല്ല. മറിച്ച് നീണ്ട കാലത്തെ ദാരിദ്ര്യവും ദുരിതപൂര്‍ണവുമായ സാമൂഹ്യ ജീവിതവും അനുഭവിച്ചുകൊണ്ടാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പട്ടിണി, പോഷകാഹാരകുറവ്, സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍പോലും പരിഹരിക്കപ്പെടാതെ ദുരിതമയമായി മാറി. ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ആയിരങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ഇന്ത്യയിലെ ഫുഡ്‌കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ സാധ്യമായതിലും കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നതുമൂലം ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ ഓരോ വര്‍ഷവും നശിച്ചുപോകുന്നു. ഈ അപകടം നിറഞ്ഞ സാമൂഹികവും മാനുഷികവുമായ ദുരവസ്ഥ ഒരു ദിവസത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളം ഇന്ത്യയില്‍ നടപ്പിലാക്കിയ നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ ബാക്കി പത്രമാണിത്.

ഇന്ത്യയ്ക്ക് ഇന്നനുഭവിക്കുന്ന വികസന പ്രതിസന്ധിക്ക് ഒരു ബദല്‍ സാമ്പത്തിക നിര്‍മ്മിതി അനിവാര്യമാണ്. സുവ്യക്തമായ സാമൂഹ്യ ലക്ഷ്യങ്ങളോടുകൂടിയ പരമാവധി ജനപങ്കാളിത്തമുള്ള ഒരു സാമ്പത്തിക വികസന മാതൃകയാണ് സഹകരണപ്രസ്ഥാനം. ഈ വികസന മാതൃകയുടെ അകക്കാമ്പ് ജനപങ്കാളിത്തവും സഹവര്‍ത്തിത്വവുമാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യസുരക്ഷ, സുസ്ഥിര കാര്‍ഷിക സംവിധാനം, തൊഴില്‍ സൃഷ്ടി, സ്ത്രീപുരുഷ തൊഴില്‍ പങ്കാളിത്തം എന്നീ തലങ്ങളിലും സഹകരണപ്രസ്ഥാനത്തിനുള്ള പങ്ക് നിസ്തൂലമാണ്. പ്രാദേശികതലത്തില്‍ സഹകരണപ്രസ്ഥാനത്തിന് ആഗോളവല്‍ക്കരണത്തിന് ബദലാകുവാന്‍ കഴിയുമെന്ന് പല രാജ്യങ്ങളിലെയും അനുഭവങ്ങള്‍ മുന്‍നിര്‍ത്തി റിച്ചാര്‍ഡ്. സി. വില്ല്യംസ് ‘’സഹകരണപ്രസ്ഥാനം ആഗോളവല്‍ക്കരണത്തിനെതിരെ’’ എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ജനതയുടെ മെച്ചപ്പെട്ട സാമൂഹ്യ-സാമ്പത്തിക ജീവിതനിലവാരം ഉയരണമെങ്കില്‍ പണപ്പെരുപ്പം, ഭക്ഷ്യസുരക്ഷ, ദാരിദ്ര്യം, അസമത്വം, കാലാവസ്ഥവ്യതിയാനം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും, കൂടാതെ ആഗോള സ്വകാര്യ കുത്തകകളെ നിയമപരമായും ഭരണപരമായും നിയന്ത്രിക്കുന്ന നയരൂപീകരണവും അനിവാര്യമാണ്. ഇന്ത്യയെപോലുള്ള അസമത്വ റിപ്പബ്ലിക്കിന് അനുകമ്പയിലധിഷ്ഠിതമായ മാനവ വികസനത്തിന് പ്രാധാന്യംനല്‍കുന്ന സഹകരണ-സോഷ്യലിസ്റ്റ് മാതൃകയിലുള്ള വികസന കാഴ്ചപ്പാടും നയപരിപാടികളുമാണ് ആവശ്യം.