മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ക്കെതിരെ പൊതുവേദിയില്‍ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നത് തടയുക എളുപ്പമല്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശത്തില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന ഹര്‍ജിയില്‍ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം.
‘വസ്തുതകളുടെ പശ്ചാത്തലം പരിശോധിക്കാതെ നിയന്ത്രണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകാനാകില്ല. ഓരോ കേസുകളുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കേണ്ടത്’-ജസ്റ്റിസ് നസീർ പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 19(2), ആർട്ടിക്കിൾ 19(1)(എ) എന്നിവ പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണങ്ങൾ നേരത്തെ തന്നെയുണ്ടെന്ന് ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു. ഭരണഘടനാപരമായ നിയന്ത്രണങ്ങൾക്കപ്പുറം അഭിപ്രായസ്വാതന്ത്ര്യത്തിന് മേല്‍ മറ്റൊരു നിയമം കോടതിയുടെ ഭാഗത്തുനിന്ന് ചുമത്തുന്നത് ശരിയാണോ എന്നും ജഡ്ജി ചോദിച്ചു.
അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പ്രധാനമായും ഭരണകൂടത്തിന് എതിരാകും. ഇതില്‍ ആർട്ടിക്കിൾ 19(2) ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഒരു വ്യക്തി ആർക്കെങ്കിലും ഇഷ്ടപ്പെടാത്ത ഒരു പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ നിലവിലെ നിയമപ്രകാരം നടപടിയെടുക്കാം. അതിനുമുകളിലായി മറ്റെന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടാകുന്നത് ഭരണഘടനാനുസൃതമാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 19(2) ന് മുകളിലുള്ള നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് മുന്‍ കേരള മന്ത്രി എം എം മണിയുടെ പ്രസ്താവനയ്ക്കെതിരെ ഹര്‍ജി നല്കിയ ജോസഫ് ഷൈനിന് വേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ് സമ്മതിച്ചു. എന്നാൽ ഒരു പൊതുപ്രവർത്തകനില്‍ നിന്ന് പരിധി കടന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ ആവർത്തിച്ചുണ്ടാകുമ്പോൾ എന്തുചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
പൊതുപ്രവർത്തകര്‍ വാക്കുകളില്‍ സാധാരണക്കാരനേക്കാൾ ജാഗ്രത പുലർത്തണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ ജുഡീഷ്യൽ പരിധി നിശ്ചയിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ കേസിന്റെയും വസ്തുതകൾ പരിഗണിച്ച് മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ പരിഗണിക്കാവൂ എന്ന് ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി. നവംബർ 15ന് കേസ് വീണ്ടും പരിണിക്കും.
English Summary: Freedom of speech cannot be controlled: Supreme Court
You may like this video also