അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലം — കാനം രാജേന്ദ്രന്‍

Web Desk
Posted on October 04, 2017, 6:35 pm

തിരുവനന്തപുരം: അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന, അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ ഉന്മൂലനം ചെയ്യുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നവ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വര്‍ദ്ധിച്ചു വരികയാണ്. രാഷ്ട്രീയമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്ന് കാനം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ സംഘടിപ്പിച്ച ‘നവ മാധ്യമ ശില്പശാല സ്മാര്‍ട്ട് വോളന്റിയര്‍ ക്യാമ്പ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിക്കുന്ന വാദമുഖങ്ങളെ ചെറുക്കാന്‍ കഴിയണം. നമ്മുടെ ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ വമ്പിച്ച ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കണം. ജനകീയ പ്രതിരോധം വളര്‍ത്തിയെടുക്കണം. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം തന്നെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ജനകീയ കൂട്ടായ്മയിലൂടെ എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് കാനം പറഞ്ഞു.

സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി സംസാരിച്ചു. യു. സുരേഷ് സ്വാഗതം പറഞ്ഞു. സിജോ ഫിലിപ്പ് ക്യാമ്പ് നടപടികള്‍ വിശദീകരിച്ചു. രാധാകൃഷ്ണന്‍ പെരുമ്പളയാണ് ക്യാമ്പ് ലീഡര്‍. ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.