ബെല്‍ജിയന്‍ ഗ്രാന്‍പ്രീയില്‍ അപകടപരമ്പര: ഡ്രൈവര്‍ മരിച്ചു

Web Desk
Posted on September 01, 2019, 7:42 pm

ബെല്‍ഗ്രേഡ്: ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീ ഫോര്‍മുല രണ്ട് റേസിനിടെയുണ്ടായ അപകടത്തില്‍ ഫ്രഞ്ച് ഡ്രൈവര്‍ അന്തോണിന്‍ ഹ്യൂബര്‍ട്ട് മരണമടഞ്ഞു. ഹ്യൂബര്‍ട്ട് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ച ശേഷം അമേരിക്കയുടെ യുവാന്‍ മാനുവല്‍ കൊറയയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹ്യൂബര്‍ട്ടിന്റെ കാര്‍ അപകടത്തില്‍ നിശേഷം തകര്‍ന്നു.

അപകടത്തെത്തുടര്‍ന്ന് ഫോര്‍മുല രണ്ട് മത്സരം പൂര്‍ണ്ണമായി ഉപേക്ഷിച്ചു. 2014 ല്‍ ജപ്പാനില്‍ വച്ച് ജൂലിസ് ബിയാന്‍ചി മരിച്ച ശേഷം ആദ്യമായാണ് ട്രാക്കിലെ അപകടത്തില്‍ ഡ്രൈവര്‍ മരിക്കുന്നത്. 22 കാരനായ ഹ്യൂബര്‍ട്ട് റെനോ അക്കാദമിയിലൂടെ കാറോട്ട രംഗത്തെത്തിയത്. അപകടത്തില്‍ പരുക്കേറ്റ കൊറയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫ്രാന്‍സിന്റെ തന്നെ മറ്റൊരു ഡ്രൈവറായ ഗ്വിലിയാനോ അലെസിക്കും പരുക്കേറ്റിരുന്നു.

ഫോര്‍മുല വണ്ണിന്റെ പരിശീലനത്തിനിടെ മെഴ്‌സിഡസിന്റെ സൂപ്പര്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനിന്റെ കാറും അപകടത്തില്‍പെട്ടിരുന്നു. പരിശീലനത്തിനിടെ നിയന്ത്രണം വിട്ട വാഹനം ട്രാക്കിനെ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. അതിവേഗം പാഞ്ഞെത്തിയ കാര്‍ മതിലിലേക്ക് ഇടിച്ച് കയറിയെങ്കിലും ഹാമില്‍ട്ടന് പരിക്കേറ്റിട്ടില്ല. എന്നാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ടയറുകള്‍ തെറിച്ചുപോവുകയും മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ലോറിയില്‍ കയറ്റിയാണ് ഹാമില്‍ട്ടനിന്റെ കാര്‍ ട്രാക്കില്‍ നിന്ന് നീക്കിയത്.