റോളണ്ട് ഗാരോസിൽ സ്വപ്ന സാക്ഷാത്കാരം. ഫ്രഞ്ച് ഓപ്പണ്‍ ജൂനിയർ ചാമ്പ്യനിൽ നിന്ന് ഗ്രാൻഡ്സ്ലാം ജേതാവിലേക്കുള്ള നാടോടിക്കഥയ്ക്ക് സമാനമായ യാത്ര പൂര്‍ണം. റോളണ്ട് ഗാരോസില്‍ ഗേൾസ് സിംഗിൾസ് കിരീടം നേടിയതിന് ഏഴ് വർഷത്തിന് ശേഷം കോകോ ഗൗഫ് 2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി. കലാശപ്പോരില്‍ ഒന്നാം സീഡ് ബെലാറുസിന്റെ അരീന സബലെങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലോക രണ്ടാം റാങ്കുകാരിയായ ഗൗഫ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: (6–7, 6–2, 6–4). അരീന സബലെങ്കയുടെ മുന്നിൽ ആദ്യം പതറിയെങ്കിലും പിന്നീട് താരം മത്സരം തന്റെ കൈ യിൽ ഒതുക്കുകയായിരുന്നു. ഇതോടെ ഗൗഫിന് തന്റെ കന്നി റോളണ്ട് ഗാരോസ് കിരീടവും രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവും സ്വന്തമായി.
രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഗൗഫിന്റെ ഗംഭീര തിരിച്ചുവരവ് ഉണ്ടായത്. വാശിയേറിയ പോരാട്ടം 6–6 എന്ന നിലയില്‍ തുല്യത പാലിച്ചതോടെ ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാല്‍ സബലെങ്ക ഈ സെറ്റ് നേടിയെടുക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ മനോഹരമായി തിരിച്ചടിച്ച ഗൗഫ് 6–2ന് ഗെയിം സ്വന്തമാക്കി. ഇതോടെ വിജയികളെ നിര്‍ണയിക്കാന്‍ മത്സരം മൂന്നാം സെറ്റിലേക്ക് നീണ്ടു. 6–4ന് ഈ സെറ്റും മത്സരവും ഗൗഫ് സ്വന്തമാക്കുകയായിരുന്നു. 2013ല്‍ സെറീന വില്യംസ് മരിയ ഷറപ്പോവയെ പരാജയപ്പെടുത്തിയതിനുശേഷം പാരിസില്‍ നടന്ന ആദ്യ ഒന്നാം നമ്പര്‍, രണ്ടാം നമ്പര്‍ ഫൈനലായിരുന്നു ഇത്. 2015‑ല്‍ സെറീന വില്യംസിന് ശേഷം പാരീസില്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ അമേരിക്കന്‍ വനിതയും 2002‑ല്‍ വില്യംസിന് ശേഷം യുഎസില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി 21 കാരിയായ ഗൗഫ് മാറി. 2023 യു എസ് ഓപ്പണില്‍ ഗൗഫ് കിരീടം ചൂടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.