November 30, 2023 Thursday

ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; വലതുപക്ഷത്തിന് വെല്ലുവിളിയായി ഇടതുപക്ഷ ഐക്യം

രാജാജി മാത്യു തോമസ്
May 9, 2022 12:39 am

ഫ്രഞ്ച് നാഷണൽ അസംബ്ലി (പാർലമെന്റ്) യിലേക്ക് അടുത്തമാസം 12, 19 തീയതികളിലായി നടക്കുന്ന ദ്വിഘട്ട തെരഞ്ഞെടുപ്പ് ഫ്രഞ്ച് റിപ്പബ്ലിക്കൻ ചരിത്രത്തിൽ നിർണായകമാകും. അഞ്ചാമത് ഫ്രഞ്ച് റിപ്പബ്ലിക്കൻ ഭരണഘടനയ്ക്കും പ്രസിഡൻഷ്യൽ ഭരണ സമ്പ്രദായത്തിനും അന്ത്യം കുറിക്കുന്ന രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിച്ചേക്കാവുന്ന മാറ്റത്തിന് തെരഞ്ഞെടുപ്പുഫലം വഴിതെളിച്ചേക്കും.

അഞ്ചാമത് റിപ്പബ്ലിക്കിന് അന്ത്യംകുറിക്കണമെന്ന ആവശ്യത്തിന് തെല്ലും പുതുമയില്ല. കൊളോണിയൽ കാലഘട്ടത്തിലെ ഫ്രഞ്ച് ദേശീയതയുടെ ഉല്പന്നമായിരുന്നു അഞ്ചാം ഫ്രഞ്ച് റിപ്പബ്ലിക്. അത് ഫലത്തിൽ നിയമനിർമ്മാണസഭയെ നോക്കുകുത്തിയാക്കി അധികാരങ്ങൾ ഏതാണ്ട് പൂർണമായും പ്രസിഡന്റിൽ കേന്ദ്രീകരിക്കുകയും പ്രസിഡന്റിനെ ചക്രവർത്തി തുല്യനാക്കുകയും ചെയ്തു. ചാൾസ് ഡി ഗോളിന് ശേഷം അധികാരത്തിൽ വന്ന പ്രസിഡന്റുമാരില്‍ ഫ്രാൻസ്വ മിത്താറാങ് മുതൽ ഫ്രാൻസ്വ ഒലാന്ദ് വരെ എല്ലാവരും തങ്ങളുടെ തെരഞ്ഞെടുപ്പുകാലത്ത് അഞ്ചാം റിപ്പബ്ലിക്കൻ ഭരണഘടനാ ഭേദഗതി ചെയ്ത് നാഷണൽ അസംബ്ലിയുടെയും ഗവൺമെന്റിന്റെയും ജനങ്ങളുടെയും അധികാരം ഉറപ്പുനൽകുന്ന ആറാം റിപ്പബ്ലിക്കിനെപ്പറ്റി പറഞ്ഞിരുന്നെങ്കിലും എലിസി കൊട്ടാരത്തിൽ അവരെല്ലാം രാജാക്കന്മാരായി മാറുകയായിരുന്നു. അതിന് അറുതിവരുത്താൻ അനുയോജ്യമായ രാഷ്ട്രീയ അന്തരീക്ഷമാണ് ജൂണിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്രാൻസിൽ ഉരുത്തിരിയുന്നതെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ:  ഫ്രഞ്ച് ഇടതുപക്ഷ ബദല്‍ ശ്രദ്ധേയം


ഏപ്രിൽ 10ന് പൂർത്തിയായ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പുഫലമാണ് ആറാം റിപ്പബ്ലിക് ചർച്ച അവിടത്തെ രാഷ്ട്രീയ വ്യവഹാരത്തിന്റെ മുന്നണിയിലേക്ക് ഉയർത്തിക്കൊണ്ടുവന്നത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ ആർക്കും മൊത്തം പോൾചെയ്ത വോട്ടിന്റെ അമ്പത് ശതമാനത്തിൽ അധികം വോട്ട് ലഭിച്ചിരുന്നില്ല. ഇതാണ് രണ്ടാംഘട്ട വോട്ടെടുപ്പ് അനിവാര്യമാക്കിയത്. ഏറ്റവുമധികം വോട്ടുലഭിച്ച നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും തീവ്ര വലതുപക്ഷ നേതാവ് മാരി ലെ പെനും തമ്മിലായിരുന്നു മത്സരം. മൂന്നാമത് ഏറ്റവുമധികം വോട്ട് ലഭിച്ച ഇടതുപക്ഷ ‘ഫ്രാൻസ് അൺബൗഡ്’ (തലകുനിക്കാത്ത ഫ്രാൻസ്)ന്റെ സ്ഥാനാർത്ഥി ജീൻ ലുക് മെലഞ്ചോൺ കേവലം ഒരു ശതമാനം വോട്ടിനാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ പിന്തള്ളപ്പെട്ടത്. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച 2.3 ശതമാനം വോട്ടുകൂടി കണക്കിലെടുത്താൽ രണ്ടാംഘട്ട മത്സരം വലതുപക്ഷ മധ്യമാർഗ ഉദാരീകരണ രാഷ്ട്രീയവും ഇടതുപക്ഷവും തമ്മിൽ ആകുമായിരുന്നു. ഇടതുപക്ഷ, മതനിരപേക്ഷ, പാരിസ്ഥിതിക, പുരോഗന, ജനാധിപത്യ രാഷ്ട്രീയ ശക്തികൾക്കിടയിലെ ഭിന്നിപ്പും സഹോദര പോരുമാണ് മക്രോണിന്റെ വിജയത്തിന് വഴി ഒരുക്കിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കണക്കുകൾ അത് സാക്ഷ്യപ്പെടുത്തുന്നു. തൊഴിലാളികളടക്കം വലിയൊരു വിഭാഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. രണ്ടാംഘട്ട പോളിങ് ശതമാനമായ എഴുപത്തിരണ്ട് എന്നത് ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ എക്കാലത്തെയും കുറഞ്ഞ പോളിങ് ശതമാനമായിരുന്നു. തീവ്ര വലതുപക്ഷം അധികാരത്തിൽ വരുന്നത് തടഞ്ഞ നിഷേധ വോട്ടും മാക്രോണിന് നേട്ടമായി. അത് മാരി ലെ പെനും അവരുടെ വലതുപക്ഷ തീവ്രനിലപാടുകള്‍ക്കും ഫ്രഞ്ച് രാഷ്ട്രീയത്തിൽ അവിചാരിതമായ അംഗീകാരവും നേട്ടവും ഉണ്ടാക്കി. ഇതാണ് ഫ്രഞ്ച് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവിന് നാന്ദി കുറിച്ചത്.


ഇതുകൂടി വായിക്കൂ:  ചരിത്രത്തെ അഗാധമാക്കിയ ഹോ!..


കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും പരിസ്ഥിതിവാദികളും മതനിരപേക്ഷ ശക്തികളും ഉൾപ്പെടുന്ന വിശാല ഇടതുപക്ഷം ഭിന്നിച്ചുനിന്നാൽ വരാൻപോകുന്ന തെരഞ്ഞെടുപ്പിൽ മധ്യമാർഗ വലതുപക്ഷവും തീവ്ര വലതുപക്ഷവും നാഷണൽ അസംബ്ലി പ്രാതിനിധ്യത്തിൽ അനർഹ നേട്ടം ഉണ്ടാക്കുകയും ഫ്രഞ്ച് ജനാധിപത്യത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്ന തിരിച്ചറിവാണ് അസാധാരണമായ ഒരു രാഷ്ട്രീയ പരീക്ഷണത്തിന് ഇടതുപക്ഷത്തെ നിർബന്ധിതമാക്കിയത്. അതാണ് നയപരിപാടികൾ സംബന്ധിച്ച വ്യത്യസ്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള പാർട്ടികളെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരുമിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. മെലഞ്ചോണിന്റെ പാർട്ടിയായ ഫ്രാൻസ് അൺബൗഡ്, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി, ഗ്രീൻസ് എന്നിവർ ഉൾപ്പെട്ട ‘സാമൂഹിക, പാരിസ്ഥിതിക, ജനകീയ യൂണിയൻ’ എന്നപേരിൽ അറിയപ്പെടുന്ന സഖ്യം പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ് മുന്നണിയല്ല. ഫ്രഞ്ച് നാഷണൽ അസംബ്ലിയിലെ 577 സീറ്റുകളിൽ പരസ്പരമത്സരം ഒഴിവാക്കിക്കൊണ്ടുള്ള തന്ത്രപരമായ ഐക്യമായിരിക്കും അത്. കഴിഞ്ഞ അഞ്ചുവർഷത്തെ തന്റെ ഭരണകാലത്ത് തൊഴിലിനും തൊഴിലാളികളുടെ വേതന സേവനവ്യവസ്ഥകൾക്കും എതിരെ മാക്രോൺ വലിയ കടന്നാക്രമണമാണ് നടത്തിയത്. തൊഴിൽ നിഷേധവും വേതനം വെട്ടിക്കുറക്കലും തൊഴിലില്‍നിന്ന് യഥേഷ്ടം പുറത്താക്കലും പതിവായി. സാമൂഹ്യ സുരക്ഷാപദ്ധതികളിൽ വെള്ളം ചേർക്കപ്പെട്ടു. അതിനെതിരെ തൊഴിലാളി സൗഹൃദപരവും സാമൂഹ്യ സുരക്ഷ ഉറപ്പുനല്കുന്നതുമായ ഒരു ബദലാണ് യൂണിയൻ മുന്നോട്ടുവയ്ക്കുന്നത്. മിനിമം വേതനം ഇപ്പോഴത്തെ 1180 എന്നതിൽനിന്ന് 1400 യൂറോ ആയി ഉയർത്തുമെന്ന് യൂണിയൻ വാഗ്ദാനം ചെയ്യുന്നു.


ഇതുകൂടി വായിക്കൂ:  ചരിത്രം മാറ്റിക്കുറിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍


മക്രോണിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾക്കും ലെ പെന്നിന്റെ വംശീയ, വർണവെറിയൻ, മതവിദ്വേഷ നയങ്ങൾക്കും ബദലായി വ്യക്തമായ ഇടതുപക്ഷ കാഴ്ചപ്പാടാണ് യൂണിയൻ മുന്നോട്ടുവയ്ക്കുന്നത്. അഞ്ചാം റിപ്പബ്ലിക്, പ്രസിഡന്റിന് അനുവദിച്ചുനൽകുന്ന അമിതാധികാരങ്ങൾക്ക് അറുതിവരുത്തി പാർലമെന്റിനും ജനങ്ങൾക്കും നിയമനിർമ്മാണത്തിലും നയരൂപീകരണത്തിലും വർധിത പങ്കാളിത്തം ഉറപ്പുനൽകുന്ന ആറാം റിപ്പബ്ലിക്കാണ് യൂണിയൻ മുന്നോട്ടുവയ്ക്കുന്ന മുഖ്യ രാഷ്ട്രീയലക്ഷ്യം. നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ റഫറണ്ടം അഥവാ ജനഹിതപരിശോധന വഴി വർധിച്ച ജനപങ്കാളിത്തം ഉറപ്പുവരുത്തും. ഉയർന്ന മിനിമം വേതനത്തിന് പുറമെ തൊഴിലെടുക്കുന്നവരുടെ വിരമിക്കൽ പ്രായം 60ൽ നിന്നും 62 ആയി ഉയർത്തും. മക്രോൺ റദ്ദാക്കിയ, അതിസമ്പന്നരുടെമേൽ ചുമത്തിവന്നിരുന്ന, സമ്പദ്നികുതി പുനഃസ്ഥാപിക്കും. കോർപറേറ്റ് നികുതി ഉയർത്തും. യൂറോപ്യൻ പൊതുനാണയമായി യൂറോ നിലനിർത്തുമ്പോഴും യൂറോപ്യൻ യൂണിയൻ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന നവലിബറൽ സാമ്പത്തിക നയങ്ങളെയും നിയമങ്ങളെയും നിരാകരിക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ ആവശ്യമായ നിയമനിർമ്മാണവും വിപണി നിയന്ത്രണവും നടപ്പാക്കും. ഇക്കാര്യങ്ങളിൽ അഭിപ്രായ സമന്വയത്തിൽ എത്തിച്ചേരാൻ യൂണിയന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ആണവോർജത്തിന്റെ കാര്യത്തിൽ യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ല.


ഇതുകൂടി വായിക്കൂ:  രാജ്യങ്ങളും രാഷ്ട്രീയ പാർട്ടികളും അവയുടെ ഭരണഘടനയും


യൂണിയൻ രൂപീകരണത്തിൽ ഇടതു പാർട്ടികൾ തമ്മിൽ ഉണ്ടാക്കിയ ധാരണയിൽ സീറ്റ് വിഭജനത്തിൽ അയവേറിയ സമീപനമാണ് അവലംബിച്ചിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയേക്കാൾ രണ്ടു ലക്ഷത്തിലധികം വോട്ടുകൾ നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഏതാണ്ട് അമ്പത് സീറ്റുകളിൽ മത്സരിക്കാൻ സന്നദ്ധമാകുമ്പോള്‍ സോഷ്യലിസ്റ്റുകൾ എഴുപത് സീറ്റുകളിലാവും മത്സരിക്കുക. യൂണിയനിൽ അവസാനം അംഗമായ സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ ആ ധാരണയ്ക്ക് ഭൂരിപക്ഷ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ സോഷ്യലിസ്റ്റ് പാർട്ടിയുടേതടക്കം പല പാർട്ടികളുടെയും സ്ഥാനാർത്ഥികൾ മത്സരത്തിൽനിന്നും പിന്മാറാൻ വൈമുഖ്യം കാട്ടുന്നതായും വാർത്തയുണ്ട്. എന്നിരുന്നാലും രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടുനിന്നവരും തീവ്ര വലതുപക്ഷത്തെ തടയുക എന്ന ഏകലക്ഷ്യത്തോടെ മക്രോണിന് വിമുഖതയോടെ വോട്ടു നല്കിയവരും തങ്ങളുടെ വോട്ട് അസാധു ആക്കിയവരുമായ ദശലക്ഷക്കണക്കിനു ഫ്രഞ്ച് വോട്ടർമാർ യൂണിയനുവേണ്ടി വോട്ടുചെയ്യാൻ സന്നദ്ധമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആ പ്രതീക്ഷകൾക്ക് അനുസൃതമായി ഫ്രഞ്ച് ജനത വോട്ട് രേഖപ്പെടുത്തിയാൽ മധ്യ വലതുപക്ഷ പ്രസിഡന്റ് മക്രോണിന് നിയന്ത്രണമില്ലാത്ത ഒരു നാഷണൽ അസംബ്ലിയും ഗവണ്മെന്റുമായിരിക്കും നിലവിൽ വരിക. അത്തരം ഒരു ഗവണ്മെന്റിന്റെ പ്രധാനമന്ത്രി ഇടതുപക്ഷ യൂണിയൻ നേതാവ് ജീൻ ലുക് മെലഞ്ചോൺ നിയോഗിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതോടെ എലിസിയിലെ ചക്രവർത്തി നാമമാത്ര രാഷ്ട്രത്തലവനായി മാറുകയും അഞ്ചാം റിപ്പബ്ലിക്കൻ ഭരണഘടനതന്നെ ദുർബലപ്പെടുകയും ചെയ്യും. തെരഞ്ഞെടുപ്പുഫലം എന്തുതന്നെ ആയാലും ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഇനി ഒരു തിരിച്ചുപോക്ക് എളുപ്പമായിരിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.