March 23, 2023 Thursday

ചരിത്രം മാറ്റിക്കുറിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

എം എസ് രാജേന്ദ്രൻ
ലോകജാലകം
March 22, 2020 5:30 am

ആഗോള നവോത്ഥാന സ്വാതന്ത്ര്യപ്രസ്ഥാനങ്ങളുടെ പ്രഭവകേന്ദ്രമാണ് ഫ്രാന്‍സും തലസ്ഥാനമായ പാരീസും എന്നുപറഞ്ഞാല്‍ അധികമാരും പുരികംചുളിക്കുമെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യം, സമാധാനം, സമത്വം, പുരോഗതി എന്ന വേദവാക്യ തുല്യമായ മുദ്രാവാക്യം ലോകത്തിന് സമ്മാനിച്ചതും യൂറോപ്പില്‍ രാജവാഴ്ചയുടെ അന്ത്യത്തിന് തുടക്കംകുറിച്ചതും 1789ലെ ഫ്രഞ്ച് വിപ്ലവമാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഒരു പ്രാഥമിക രൂപമായ 1871ലെ പാരീസ് കമ്മ്യൂണ്‍ കാഴ്ചവച്ചതും ഈ രാജ്യം തന്നെയാണ്. സോഷ്യലിസവും കമ്മ്യൂണിസവും ലോക സാമൂഹ്യ വ്യവസ്ഥയുടെ ഭാവിരൂപമായിരിക്കുമെന്ന സെെദ്ധാന്തിക രാഷ്ട്രീയം ലോകത്തിന് കാഴ്ചവച്ച മാര്‍ക്സും ഏംഗല്‍സും ജന്മദേശമായ ജര്‍മനിയിലും അയല്‍ രാജ്യങ്ങളിലും നിന്ന് ആട്ടിപ്പായിക്കപ്പെട്ടപ്പോള്‍ കുറച്ചുകാലത്തേക്കെങ്കിലും അവര്‍ക്ക് അഭയം നല്കാനുള്ള സൗമനസ്യം പ്രദര്‍ശിപ്പിച്ചതും ഫ്രാന്‍സ് തന്നെയായിരുന്നു.

ഒടുവില്‍ തൊട്ടടുത്തുള്ള ബ്രിട്ടനില്‍ വച്ചാണ് 1848ല്‍ അവര്‍ “കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ” എന്ന മൂലഗ്രന്ഥം പ്രസിദ്ധീകരിച്ചതെങ്കിലും അവര്‍ അതിന് അടിത്തറപാകിയത് ഫ്രാന്‍സില്‍ വച്ചാണ്. അതേസമയം തന്നെ, ജര്‍മനിയിലെ ഹിറ്റ്ലറെപ്പോലെ ലോകത്തെ മുഴുവന്‍ സ്വന്തം കാല്‍ച്ചുവട്ടിലാക്കാനുള്ള സാഹസത്തിന് പുറപ്പെടുകയും ഒടുവില്‍ ബ്രിട്ടീഷുകാരുടെ തടവില്‍ കിടന്ന് ജീവന്‍ വെടിയേണ്ടിവരികയും ചെയ്ത നെപ്പോളിയന് ജന്മം നല്കിയതും ഫ്രാന്‍സ് തന്നെയാണെന്ന ദുഃഖസത്യവും മറക്കാനാവില്ല. ഇപ്രകാരം ലോകചരിത്രത്തില്‍ ഫ്രാന്‍സിനുള്ള സ്ഥാനം ആര്‍ക്കും വിസ്മരിക്കാനാവില്ല തന്നെ. അതേസമയം ജര്‍മനിയുടെ ഫാസിസ്റ്റ് ഭരണത്തലവന്‍ ഹിറ്റ്ലര്‍ യൂറോപ്പ് വെട്ടിപ്പിടിക്കാന്‍ പുറപ്പെട്ടപ്പോള്‍ കാര്യമായ യാതൊരു എതിര്‍പ്പുമില്ലാതെ കീഴടങ്ങിയ ഫ്രാന്‍സിന്റെ നാണക്കേടും ആര്‍ക്കും മറച്ചുവയ്ക്കാനാവില്ല. ആ അപമാനം സഹിക്കാനാവാതെ നാടുവിട്ട് ബ്രിട്ടനോടൊപ്പം കെെകോര്‍ത്ത് പിടിച്ചത് സ്വന്തമായൊരു സെെന്യമില്ലാതയാണെങ്കിലും ഡി ഹോള്‍ എന്ന ദേശാഭിമാനി സോവിയറ്റ് യൂണിയന്റെ ചുവപ്പ് സേന ഹിറ്റ്ലറെ സ്വന്തം നാട്ടില്‍ നിന്നു തുരത്തിയ ശേഷം യൂറോപ്പിനെ വിമോചിപ്പിക്കുന്നതിന്റെ അന്തിമഘട്ടത്തില്‍ ബ്രിട്ടനോടും അമേരിക്കയോടും കെെകോര്‍ത്തുപിടിച്ചുകൊണ്ട് നോര്‍മണ്ടിയില്‍ നിന്ന് ഹിറ്റ്ലര്‍ക്കെതിരായ ഒരു രണ്ടാം പോര്‍മുഖം ആരംഭിക്കുന്നതില്‍ ഡിഗോളും സുപ്രധാനമായ ഒരു പങ്ക് വഹിച്ചിരുന്നു.

ഒടുവില്‍ 1945 മെയ് ഒന്‍പതിന് സോവിയറ്റ് സെെന്യം ജര്‍മന്‍ റെെഷ്സ്റ്റാഗ് (പാര്‍ലമെന്റ്) മന്ദിരത്തിന് മുകളില്‍ ചെങ്കൊടി ഉയര്‍ത്തിയതോടെ യൂറോപ്പും ലോകവും ഫാസിസ്റ്റ് ഭീകരതയില്‍ നിന്ന് മോചനം നേടിയപ്പോള്‍ സ്വതന്ത്ര ഫ്രാന്‍സിന്റെ ഭരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തത് ഡി ഗോള്‍ ആയിരുന്നു. നെപ്പോളിയനെപ്പോലെ ഫ്രാന്‍സിന് ലോക നേതൃത്വത്തില്‍ ഒരു സ്ഥാനം നേടാന്‍ ഡി ഗോള്‍ പ്രയത്നിച്ചെങ്കിലും അമേരിക്കയുടെയും ഗ്രേറ്റ് ബ്രിട്ടന്റെയും ആധിപത്യത്തിന് മുന്നില്‍ ഡി ഗോളിന് ആ ലക്ഷ്യത്തിന്റെ അടുത്തെങ്ങും എത്താനായില്ലെന്നേയുള്ളു. ഫ്രാന്‍സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ലക്ഷ്യമിടുന്നത് അതേ ഔന്നത്യമാണ്. മൂന്നു കൊല്ലം മുന്‍പ്, 2017 മെയ് 14നാണ് നാൽപ്പതാം വയസില്‍ അദ്ദേഹം ഫ്രാന്‍സിന്റെ പ്രസിഡന്റായി സ്ഥാനമേല്ക്കുന്നത്. ഇത്ര ചെറുപ്രായത്തില്‍ ഫ്രാന്‍സിന്റെ ഏറ്റവും ഉയര്‍ന്ന ഭരണാധികാരിയാകുന്ന മാക്രോണ്‍ വളരെ ചെറുപ്പത്തില്‍ ഭരണകേന്ദ്രങ്ങളിലേക്കുള്ള കുതിപ്പ് തുടങ്ങിയതാണ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹോളണ്ടാണ് മാക്രോണിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചത്. മാക്രോണ്‍ പ്രസിഡന്റ് ഹോളണ്ടിന്റെ‍ സീനിയര്‍ ഉപദേഷ്ടാക്കളില്‍ ഒരാളായി ഉയര്‍ന്നുവെങ്കിലും താമസിയാതെ, 2014ല്‍ തന്നെ വ്യവസായവകുപ്പില്‍ മന്ത്രിയായി. പ്രധാനമന്ത്രി മാനുവല്‍ വാള്‍സാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിയമിച്ചത്.

അന്നുതന്നെ ബിസിനസുകാര്‍ക്ക് അനുകൂലമായ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റിയത്. പക്ഷെ, ആ ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനമോഹം അതിലൊന്നും ഒതുങ്ങിനിന്നില്ല. 2016ല്‍ അദ്ദേഹം ആ മന്ത്രിപദവും രാജിവച്ചു. 2017ലെ തെരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹത്തിന്റെ നോട്ടം. 2001 മുതല്ക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന മാക്രോണ്‍ 2016ല്‍ ഒരു പുതിയ പാര്‍ട്ടി തന്നെ രൂപീകരിച്ചു. ഇടതോ വലതോ അല്ലാത്ത ഒരു മധ്യനിലപാടാണ് ഈ പാര്‍ട്ടി കെെക്കൊണ്ടത്. ‘ഓന്‍ മാര്‍ഷെ (മുന്നോട്ട്), എന്ന പേരാണ് മാക്രോണ്‍ ഈ പാര്‍ട്ടിക്ക് നല്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തനിക്കു മത്സരിക്കാന്‍ ഒരാള്‍ ഒരു പാര്‍ട്ടി രൂപീകരിക്കുന്നതും ഉടന്‍തന്നെ ആ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നതും, ഫ്രാന്‍സില്‍ എന്നല്ല, ലോകത്തിലെ തന്നെ ആദ്യ സംഭവമായിരിക്കുും. അഭിപ്രായ വോട്ടെടുപ്പുകളില്‍ അദ്ദേഹം ഒരിക്കലും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നില്ലെങ്കിലും ആദ്യവട്ട വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് മാക്രോണിന് ലഭിച്ചുവെന്നത് രാഷ്ട്രീയവൃത്തങ്ങളിലുള്ളവര്‍ക്ക് ഒരു ആശ്ചര്യമായിരുന്നു പക്ഷെ, രണ്ടാംഘട്ട വോട്ടെടുപ്പില്‍, 2017 മെയ് 17ന്, 66.1 ശതമാനം വോട്ടോടെ അദ്ദേഹം ഒരു റെക്കോഡ് തന്നെ സൃഷ്ടിച്ചു. മാക്രോണെ ഇതിനു സഹായിച്ചത് എതിര്‍ സ്ഥാനാര്‍ത്ഥിയുടെ തീവ്ര വലതുപക്ഷ നിലപാടാണ്. മറീന്‍ ലേവെന്‍ വര്‍ഗീയ ദേശീയതയുടെ ഒരു നിലപാടാണ് മുറുകെപിടിച്ചിരുന്നത് ജര്‍മനിയുടെ അഡോള്‍ഫ് ഹിറ്റ്ലറുടേതിന് സാമ്യമുള്ള ഈ അതിദേശീയത ഫ്രഞ്ചുകാരുടെ പൊതുവിലുള്ള ലിബറല്‍ സമീപനത്തിന് ഒട്ടും യോജിക്കുന്നതായിരുന്നില്ല. ഒരു അതിദേശീയ നിലപാടിനോട് പൊരുത്തപ്പെടാന്‍ ഇതുവരെയും 1789ലെ വിപ്ലവത്തിന്റെ പാരമ്പര്യം അവരെ അനുവദിച്ചിട്ടില്ല. എന്നാല്‍, പ്രാഥമിക റൗണ്ടില്‍ അത്തരക്കാര്‍ മുന്‍പും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയിട്ടുമുണ്ട്. ഫാസിസ്റ്റ് ചിന്താഗതി ജര്‍മനിയും പോളണ്ടും ഹംഗറിയും ഉള്‍പ്പെടെ പല രാജ്യങ്ങളില്‍ ശക്തി പ്രാപിച്ചുവരുന്നുമുണ്ട്. ജര്‍മനിയുടെ കിഴക്കന്‍ മേഖലയില്‍ തന്നെ ഫാസിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയായി മാറിക്കൊണ്ടിരിക്കുകയാണ്. നെതര്‍ലന്‍ഡില്‍ പോലും അതാണ് സ്ഥിതി. ഓസ്ട്രിയയില്‍ ആ പാര്‍ട്ടി ഭരണമുന്നണിയില്‍ തന്നെ ഉണ്ട്. അതുകൊണ്ട് ഫ്രാന്‍സിലും ഫാസിസ്റ്റ് ചിന്താഗതി ശക്തിപ്പെടുന്നതില്‍ ആശ്ചര്യം വേണ്ട.

ഫ്രാന്‍സില്‍ തന്നെ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പും മാരിയലേപെന്റെ പിതാവ് ലേപെന്‍ ആദ്യ റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പക്ഷെ, അതുകൊണ്ടുതന്നെ ഫ്രഞ്ച് ജനത രണ്ടാം റൗണ്ടില്‍ അയാളെ തറപറ്റിച്ചിരുന്നു. ഇപ്രാവശ്യം നിലവിലുള്ള ഒരു പാര്‍ട്ടിയിലും പെടാതെ നിന്നിട്ടും മാക്രോണ്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചത് വലതു തീവ്രവാദത്തിനെതിരായ ഉറച്ച നിലപാട് കാരണം തന്നെയാണ്. അതെന്തായാലും മക്രോണ്‍ മുന്‍പൊരു പ്രസിഡന്റും ധെെര്യപ്പെട്ടിട്ടില്ലാത്ത രീതിയില്‍ നിലവിലുള്ള സര്‍വതിനെയും സര്‍വരെയും വെല്ലുവിളിക്കുന്ന രീതിയിലാണ് മുന്‍പോട്ടു പോകുന്നത്. ഡിഗോളിന്റേതിനെക്കാള്‍ വലിയ വന്‍ശക്തിമോഹമാണ് അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നത്. ആരംഭദശയില്‍ത്തന്നെ ഫ്രാന്‍സിലെ തൊഴിലാളികള്‍ നടത്തിയ സമരത്തെ അദ്ദേഹം നേരിട്ടത് ആ രീതിയിലുള്ളതാണ്. മഞ്ഞക്കുപ്പായം ധരിച്ച് ശനിയാഴ്ചതോറും ഫ്രാന്‍സിലെങ്ങും സാധാരണ ജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തെ നേരിട്ടത് അതേ മുഷ്കോടെയാണ്. ഫ്രാന്‍സ് മുഴുവന്‍ അവരുടെ പിന്നില്‍ അണിനിരന്നിട്ടും മാക്രോണ്‍ ഒരിഞ്ച് വിട്ടുകൊടുക്കാന്‍ തയാറായില്ല. ഫ്രാന്‍സിന്റെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിപ്പിക്കുന്ന ഡിഗോളിന്റെ നയം തന്നെയാണ് മാക്രോണും മുറുകെപ്പിടിക്കുന്നത്. അമേരിക്കയുടെ ലോകനേതൃത്വം അംഗീകരിച്ചുകൊടുക്കുമ്പോഴും യൂറോപ്പിന് സ്വന്തമായൊരു സായുധസേന വേണമെന്നാണ് മാക്രോണ്‍ കരുതുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോയതോടെ ഫ്രാന്‍സിന് യൂണിയന്റെ നേതൃത്വം സ്ഥാപിച്ചെടുക്കാനാണ് മാക്രോണ്‍ നോട്ടമിടുന്നത്.

അമേരിക്കയെ അദ്ദേഹം തള്ളിപ്പറയുന്നില്ലെങ്കിലും യൂറോപ്പിലെ ശക്തി നിലനിര്‍ത്താന്‍ സ്വന്തം സെെന്യം തന്നെ വേണമെന്ന നിലപാടിലാണ് മാക്രോണ്‍ ഉറച്ചുനില്ക്കുന്നത്. ഇതുവരെ അമേരിക്കയാണ് യൂറോപ്പിന്റെ രക്ഷകര്‍ത്താവായി നിലകൊണ്ടിരുന്നത്. സോവിയറ്റ് യൂണിയന്‍ ഏഴ് പതിറ്റാണ്ടുകളിലെ നിലനില്പിനിടയില്‍ ഒരൊറ്റ രാജ്യത്തെപ്പോലും ആക്രമിച്ചിട്ടില്ലെങ്കിലും അങ്ങനെയൊരു ആക്രമണം നടക്കുമെന്ന ഭീതി സൃഷ്ടിച്ചുകൊണ്ടാണ് അമേരിക്ക യൂറോപ്പിന്റെ രക്ഷാധികാരി വേഷം കെട്ടിയിരുന്നത്. സോവിയറ്റ് യൂണിയന്‍ എന്ന രാജ്യം തന്നെ മൂന്ന് പതിറ്റാണ്ടുകള്‍ മുന്‍പ് ഇല്ലാതായിട്ടും പിന്നെയും അതേ ഉമ്മാക്കി കാണിച്ച് യൂറോപ്പിനെ ചൊല്പടിക്ക് നിര്‍ത്തുന്നതിലാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ എതിര്‍പ്പ്. ‘യൂറോപ്പിന്റെ തനതായ ശക്തിസംഭരണത്തിനു വേണ്ടിയാണ് അദ്ദേഹം നിലകൊള്ളുന്നത്. അതുകൊണ്ടാണ് അമേരിക്കയുടെ രക്ഷാകര്‍തൃത്വം ഉപേക്ഷിച്ച് ഇ യു സ്വന്തം കാലില്‍ നിലകൊള്ളണമെന്ന് അദ്ദേഹം ശഠിക്കുന്നത്. അങ്ങനെയൊരു യൂറോപ്പിന്റെ നേതൃത്വമാണ് അദ്ദേഹം ലക്ഷ്യമാക്കുന്നതും. സോവിയറ്റ് യൂണിയന്‍ എന്ന വന്‍ശക്തി തന്നെ ഇല്ലാതായിക്കഴിഞ്ഞ സ്ഥിതിക്ക് പഴയ റഷ്യന്‍ ഉമ്മാക്കി കാണിച്ച് യൂറോപ്പിനെ തുടര്‍ന്നും പേടിപ്പെടുത്തേണ്ടതില്ല എന്നതാണ് മാക്രോണിന്റെ‍ നിലപാട് എന്ന് കരുതുന്നതില്‍ തെറ്റില്ല. വന്‍ശക്തി സ്ഥാനം നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് റഷ്യന്‍ ഉമ്മാക്കി ഉയര്‍ത്തിപ്പിടിച്ച് യൂറോപ്പിനെ ചൊല്പടിക്ക് നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നു. ഇനിയും അത്തരം ഉമ്മാക്കി കാണിച്ച് യൂറോപ്പിന്റെ മേലുള്ള അധീശത്വം നിലനിര്‍ത്തേണ്ടെന്ന ഒരു മുന്നറിയിപ്പാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ നല്കുന്നത്.

ENGLISH SUMMARY: french pres­i­dent macron goes to change the history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.