Web Desk

ലഖ്നൗ

January 05, 2021, 9:52 pm

ലവ് ജിഹാദിന്റെ പേരിൽ നിരന്തര ആക്രമണം; യുപിയിൽ മുസ്‌ലിം പലായനം

Janayugom Online

ലവ് ജിഹാദിന്റെ പേരിലുള്ള ആക്രമണങ്ങൾ പതിവായതോടെ വീടുകളും കടകളുമെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാനൊരുങ്ങി യുപിയിലെ മുസ്‌ലിം കുടുംബങ്ങൾ. ഉത്തർ പ്രദേശിലെ മീററ്റ് ജില്ലയിലെ മാവിയിലാണ് സംഭവം. തങ്ങളുടെ വീടുകൾ വിൽക്കാനുണ്ട് എന്ന പോസ്റ്ററുകൾ പതിപ്പിച്ച് മാവിയിലെ നിരവധി കുടുംബങ്ങളാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. കഴി‍‍ഞ്ഞ കുറച്ചു നാളുകളായി പ്രദേശത്തെ മുസ്‌ലിം വിഭാഗത്തിനു നേരെ ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ വ്യാപക ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുടുംബങ്ങൾ നാടുവിടാനൊരുങ്ങുന്നത്. മാവിയില്‍ അടുത്തിടെ നടന്ന ആക്രമണ സംഭവത്തെത്തുടർന്ന് 40ഓളം മുസ്‌ലിം കുടുംബങ്ങൾ സ്വത്തുക്കളും വീടുകളും വിറ്റ് മറ്റ് മേഖലകളിലേക്ക് പോകാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ വിവാഹം ചെയ്യുന്നത് എതിര്‍ത്തുകൊണ്ടുള്ള യുപിയിലെ വിവാദമായ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഗ്രാമങ്ങളിലെ പല മുസ്‌ലിം കുടുംബങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നതായി ന്യുസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ അക്രമണത്തിന് ഇരയായ പ്രദേശവാസിയായ ഷെരീഫ് എന്നയാള്‍ തന്റെ വീടു വിൽക്കാനുണ്ട് എന്ന പോസ്റ്റര്‍ ഇതിനോടകം പതിപ്പിച്ചിട്ടുണ്ട്. താനും കുടുംബവും ഡല്‍ഹിയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നതെന്ന് ഷെരീഫ് അറിയിച്ചു.

നാലഞ്ച് വർഷത്തോളമായി ദിനംപ്രതി ആക്രമണം നേരിടേണ്ടിവരുന്നതായി ഇവർ പറയുന്നു. കടകളിലെ വ്യാപാരത്തിനും തടസ്സം സൃഷ്ടിക്കുന്നു. നിസാരമായ തർക്കങ്ങൾ ഉണ്ടാക്കി വ്യാപാരികളെ മർദ്ദിക്കുന്നതും പതിവായിട്ടുണ്ട്. സിഗരറ്റ് സൗജന്യമായി ആവശ്യപ്പെട്ട് നൽകാത്തതിനാൽ വ്യാപാരിയായ നൗഷേർ എന്നയാളെ ഒരു സംഘം ആളുകൾ കഴിഞ്ഞദിവസം ക്രൂരമായി മർദ്ദിച്ചിരുന്നു. ആക്രമണത്തിന്റെ തെളിവുകൾ സഹിതം പൊലീസിന് പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻപോലും തയ്യാറാകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

ENGLISH SUMMARY: Fre­quent attacks in the name of love jihad; Mus­lim emi­gra­tion in UP

YOU MAY ALSO LIKE THIS VIDEO