രാമനാട്ടുകരയിൽ നാലുപേർ ചേർന്ന് സുഹൃത്തിനെ അടിച്ചു കൊന്ന സംഭവത്തിൽ നാലു പേരേയും മണിക്കൂറുകൾക്കുള്ളിൽ ഫറോക്ക് പൊലീസ് പിടികൂടി. ചെറുവണ്ണൂർ മുട്ടുപുറത്ത് ഷാനവാസ് എന്ന റഹീം (38) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ദേശീയ പാതയ്ക്കു സമീപം രാമനാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് രാമനാട്ടുകര ബ്രാഞ്ചിന് പിൻവശം സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് സംഭവം. പട്ടിക കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹത്തിൽ 33 ഓളം മുറിവുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
അഴിഞ്ഞിലം മുള്ളൻ പറമ്പത്ത് സുജിത്(23) ആണ് ഒന്നാം പ്രതി. ഇയാളുടെ സഹോദരൻ സുജേഷ്(26), ബേപ്പൂർ കയ്യടി തോട്ടിൽ സെലിൻ എന്ന കുട്ടൻ (20), പുതുക്കോട് പുളിയമ്പലത്ത് മുഹമ്മദ് മൻസൂർ(20) എന്നിവരാണ് മറ്റ് പ്രതികൾ. ശനിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് രാമനാട്ടുകര ബാറിന് സമീപം ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം ഫറോക്ക് പൊലീസിന് ലഭിക്കുന്നത്. പൊലിസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.
കൊല്ലപ്പെട്ട ഷാനവാസ് എന്ന റഹീം
വിവരം തന്ന ആളുടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അത് മഹാരാഷ്ട്രയിൽ നിന്നാണെന്ന് മനസിലായി. പ്രതി മൻസൂർ ഇയാൾക്ക് അയച്ചുകൊടുത്ത പടങ്ങൾ പരിശോധിച്ച പൊലീസ് ഇയാളെ പിടികൂടാൻ വലവീശി. ഇയാളുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ മൻസൂർ, ഷാനവാസിനെ സംഭവസ്ഥലത്തേക്കു ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു.
ഒളിഞ്ഞു നിന്ന പ്രതികൾ ഷാനവാസിനെ പട്ടിക കൊണ്ട് മുഖത്തും കാലിനും തലക്കും അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ വലിയ മൂന്ന് മുറിവുകളാണ് മരണ കാരണം. സുജിത്തിന്റെ മാല ഷാനവാസ് എടുത്തു എന്നുപറഞ്ഞ് നേരത്തെ വാക്കു തർക്കം ഉണ്ടായിരുന്നു. മരിച്ച ഷാനവാസിന്റെയും പ്രതികളായ നാലു പേരുടെയും പേരിൽ വാഴക്കാട്, ഫറോക്ക് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് അസി. കമ്മീഷണർ എ. ജെ ബാബുവിന്റെ നിർദ്ദേശ പ്രകാരം ഫറോക്ക് സി. ഐ കൃഷ്ണന്റെ നേതൃത്വത്തിൽ ഒരു ടീമായാണ് പൊലീസ് പ്രതികളെ പിടികൂടിയത്. എസ്. ഐ മാരായ എം സി മുരളീധരൻ, ഹരീഷ്, പി. എസ് ജയിംസ്, എൻ. ആർ സുജിത്, പി. പ്രദീപ് കുമാർ, സി. പി. ഒ മാരായ ബിജു, സി, പി ജിതേഷ്, രതീഷ് എന്നിവരായിരുന്ന് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.