ഭോപ്പാലിലെ ജനതയെ രക്ഷിക്കാന്‍ ഒടുവില്‍ ആ ദമ്പതികള്‍ വേര്‍പിരിയുന്നു

Web Desk
Posted on September 12, 2019, 9:37 am

ഭോപ്പാല്‍: മഴക്കുറവുമൂലം ജനങ്ങള്‍ നിര്‍ബന്ധിത വിവാഹത്തിന് വിധേയരാക്കിയ തവള ദമ്പതികള്‍ ഇപ്പോള്‍ നിര്‍ബന്ധിത വിവാഹമോചനത്തിലേക്ക്. ഭോപ്പാലില്‍ മഴ കനത്തതോടെയാണ് ഇരുവരെയും വേര്‍പെടുത്താമെന്ന് ജനങ്ങള്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂലൈ 19നായിരുന്നു ഇവരുടെ വിവാഹം.

മഴ ദേവനായ ഇന്ദ്രനെ പ്രസാദിപ്പിക്കാന്‍ തവളകളെക്കൊണ്ട് വിവാഹം കഴിപ്പിച്ചാല്‍ മതിയെന്ന് വിശ്വാസത്തിന്റെ പുറത്തായിരുന്നു ഇവരുടെ വിവാഹം നടത്തിയത്. ആര്‍ഭാടമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. രണ്ട് മാസം നീണ്ട ദാമ്പത്യ ബന്ധം ഒടുവില്‍ ജനങ്ങള്‍ തന്നെ അവസാനിപ്പിച്ചുവെന്നും ഇരുവരെയും വേര്‍പെടുത്തിയെന്നും നാട്ടുകാര്‍ പറയുന്നു.

ഓം ശിവ് സേവ ശക്തി മണ്ഡലാണ് തവള ദമ്പതിമാരെ ഒന്നിപ്പിച്ചത്. സംസ്ഥാനത്ത് പ്രളയ സമാനമായ സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് ഇവര്‍തന്നെ ദമ്പതികളെ വേര്‍പെടുത്തി, ജനങ്ങള്‍ വ്യക്തമാക്കി. വരും ദിനങ്ങളില്‍ മഴക്കെടുതിയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഗ്രാമം.